Connect with us

National

കനത്ത മഴ; മുംബൈയില്‍ വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തു, റോഡ് ഗതാഗതവും താറുമാറായി

Published

|

Last Updated

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ വിമാന സര്‍വീസുകളും റോഡ് ഗതാഗതവും തടസ്സപ്പെട്ടു. വിമാന സര്‍വീസുകള്‍ താത്കാലികമായി റദ്ദ് ചെയ്തതായി മുംബൈ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ലിമിറ്റഡുമായി ബന്ധപ്പെട്ട ഒരു വക്താവ് അറിയിച്ചു. ബാന്ദ്ര, സാന്താക്രൂസ്, വിലെ പാര്‍ലെ എന്നിവിടങ്ങളില്‍ ഉള്‍പ്പടെ നഗരത്തിന്റെ പടിഞ്ഞാറ്, കിഴക്ക് പ്രാന്ത പ്രദേശങ്ങളുടെ വിവിധ ഭാഗങ്ങളില്‍ രാവിലെ ഒമ്പതര മുതല്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു. മെട്രോയുടെ നിര്‍മാണ പ്രവൃത്തി മൂലം പശ്ചിമ എക്‌സ്പ്രസ് ഹൈവേ ഇടുങ്ങിയതു മൂലം ബോറിവലിയില്‍ നിന്ന് ബന്ദ്രയിലേക്കുള്ള യാത്രക്ക് രണ്ട് മണിക്കൂര്‍ വേണ്ടിവരുന്നതായി ഓഫീസ് ജീവനക്കാര്‍ പറയുന്നു. ഇതിനു പുറമെയാണ് മഴ വിതച്ച ഗതാഗത തടസ്സം. നഗരത്തിന്റെ കിഴക്കു ഭാഗത്തെ വിലെ പാര്‍ലെയില്‍ വിമാനത്താവള ഫ്‌ളൈ ഓവറിനു സമീപത്തായി രൂപപ്പെട്ട കുഴികളും പ്രതിസന്ധി സൃഷ്ടിക്കുന്നു.

ജെ വി എല്‍ ആര്‍, ഗട്‌കോപാര്‍ മുതല്‍ കുര്‍ള വരെയും വിദ്യാലങ്കാര്‍ കോളജ് മുതല്‍ വദാല വരെയുമുള്ള പാത, ഡോ. ബി ആര്‍ റോഡ്, ഗട്‌കോപാറിലേക്കു പോകുന്ന എസ് സി എല്‍ ആര്‍ ബ്രിഡ്ജ്, വിക്തോലി-ഗട്‌കോപാര്‍ റോഡ്, ചെമ്പൂര്‍ ക്യാമ്പ് റോഡ് എന്നിവിടങ്ങളിലാണ് കിഴക്കന്‍ പ്രാന്ത പ്രദേശത്ത് റോഡ് തടസ്സം പ്രധാനമായി അനുഭവപ്പെടുന്നത്. പട്ടണത്തിലെ ഒറ്റപ്പെട്ട മേഖലകളില്‍ തുടര്‍ന്നുള്ള മണിക്കൂറുകളിലും ഇടമുറിഞ്ഞുള്ള കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രളയത്തിനും സാധ്യതയുണ്ട്.