Connect with us

Book Review

കൊതിച്ചതുപോലെ പറക്കാൻ...

Published

|

Last Updated

പെണ്‍തുമ്പി: കവിതാ സമാഹാരം- റസീന കെ പി

ഒറ്റപ്പെടലിന്റെ വേദനകളിൽ കാത്തിരിപ്പിന്റെ കയ്പ്പുമായി അക്ഷരങ്ങളിലൂടെ പുനർജനിക്കുകയായിരുന്നു പ്രിയ കവയിത്രിയുടെ ഓരോ കവിതയും. തടവറയിലെ ഇരുമ്പറക്കുള്ളിൽ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് യാത്ര പോകാൻ കൊതിക്കുന്ന തടവുകാരനെ പോലെ, മോഹങ്ങളുടെയും സ്വപ്‌നങ്ങളുടെയും ഭാണ്ഡക്കെട്ടുകൾ പേറി ജീവിക്കുന്ന പെൺമനസ്സിനെ കൃത്യമായി വരച്ചു ചേർക്കുകയായിരുന്നു ഓരോ വരിയും.

സാമൂഹിക പ്രസക്തി ലഭിക്കേണ്ട വിഷയങ്ങൾ ലളിതമായി എന്നാൽ ഗൗരവം ചോർന്നുപോകാതെ കവിതകളിലൂടെ നിറഞ്ഞു നിൽക്കുന്നു എന്നതിന്റെ തെളിവാണ്, വിശപ്പിന്റെ പേരിൽ രക്തസാക്ഷിത്വം വരിച്ച മധുവും അക്രമികളുടെ മുമ്പിൽ സ്വന്തം ജീവനേക്കാൾ കരയുന്ന ബാല്യങ്ങൾക്ക് ആശ്വാസവാക്കായിരുന്ന റസ്സൻ നജ്ജാറും കാമക്കണ്ണുകളുടെ വേട്ടയാടലിൽ പൊലിഞ്ഞ കത്വയിലെ എട്ട് വയസ്സുകാരിയുമെല്ലാം. ഓരോ വരിയും വായനക്കാരുടെ മനസ്സിനെ ചൂടുപിടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒപ്പം കരയിപ്പിക്കുകയും ചെയ്യുന്നു.

പെൺതുമ്പി എന്നാൽ പറക്കാൻ കൊതിച്ച് ചിറകുകൾ അരിഞ്ഞു ചോരയൊലിച്ചു മൃതിയടഞ്ഞ പെൺമോഹങ്ങളും സ്വപ്‌നങ്ങളുമാണ്. “പാഥേയം” എന്ന കവിതയിൽ നിറഞ്ഞുനിൽക്കുന്നത് മാതൃ ഹൃദയത്തിന്റെ തേങ്ങലുകളാണെങ്കിൽ, ഓർമകൾ നിറഞ്ഞൊരു കാത്തിരിപ്പിന്റെ വേദന സമ്മാനിക്കുന്നു, “കാത്തിരിപ്പ്”.
സാമൂഹിക വിഷയങ്ങളെ കോർത്തൊരുക്കി കവിതകൾ തീർക്കുമ്പോഴും കവയിത്രിയുടെ മനസ്സിൽ ചവച്ചു തുപ്പിയ ബാല്യ ഓർമകൾ തികട്ടി വരുന്നുണ്ട്. പോയ് മറഞ്ഞ ബാല്യത്തെ ഓർക്കുമ്പോൾ കിണറ്റിൻ കരയിലെ വെള്ളം കുടിച്ചു തടിച്ച മഷിത്തണ്ടുകൾ തെളിഞ്ഞു കാണുന്നു. ആധുനികതയിൽ കേവലം വിരൽപ്പാടുകളിൽ ഒതുങ്ങി നിൽക്കുന്ന സൗഹൃദമോർക്കുമ്പോൾ, സൗഹൃദത്തിന്റെ വേരുകളുടെ അർഥം വ്യക്തമാക്കുന്ന വരികൾ മനസ്സിലേക്ക് ആഴത്തിൽ മുറിപ്പാടുകൾ തീർത്തുപോകുന്നു.
നവ മാധ്യമ ചതികളെ വ്യക്തമാക്കും വിധമാണ് “മുഖപുസ്തകം” എഴുതിച്ചേർത്തത്. “അവസാന ഇര ഞാനെന്നു നിനക്കെ, അടുത്ത ഇരയിലേക്കുള്ള നിന്റെ യാത്ര ഞാനൊരു തുടക്കമെന്ന് സൂചിപ്പിക്കുന്നു.” വരികൾക്കെല്ലാം പറഞ്ഞറിയിക്കാനാകാത്ത ചൂട്.

വെള്ള നിറമുള്ള പ്രണയത്തെ നിറച്ചെഴുതിയപ്പോൾ, വെള്ളയെന്നാൽ നിറമെന്നതിനേക്കാൾ ഒരുപാട് പ്രത്യേകതകളുള്ള ബിംബമാണെന്നും ജീവിതത്തിൽ ഒഴിച്ച് നിർത്താൻ സാധിക്കാത്തതാണെന്നും കവയിത്രി വിളിച്ചു പറയുന്നു.

സിറിയയുടെ തകർന്നു പോകുന്ന ജീവിതങ്ങളുടെ നേർക്കാഴ്ചയും ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളും വരികളിൽ നിറഞ്ഞപ്പോൾ മരിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ മലയാള ഭൂമിയിലെ കാഴ്ചകൾ കൃത്യമായി എഴുതി ചേർക്കപ്പെട്ടിട്ടുണ്ട്. നിറങ്ങളുടെ പേരിൽ നടത്തുന്ന കൊലയും അക്രമങ്ങളും രാഷ്ട്രീയ അരക്ഷിതാവസ്ഥ ചൂണ്ടിക്കാണിക്കുന്നു. എല്ലാം വിരൽ ചൂണ്ടുന്നത് “നോക്കുകുത്തിയായി മാറിയ” നിയമങ്ങൾക്ക് നേരെ.

പ്രണയവും ജീവിതവും മനോഹരമായ ഓർമകളും ചിറകൊടിഞ്ഞ പെൺതുമ്പി വിളിച്ചു പറയുന്നത് പോലെ കവിതകൾ. തീർത്തും വില കൽപ്പിക്കപ്പെടേണ്ടവൾ പെണ്ണ് എന്ന് പറയുമ്പോൾ “പെൺതുമ്പി” അതിനെ ശരിവെക്കുന്നു എന്ന് തോന്നിപ്പോയി. ഹൃദ്യമായ വായനാനുഭൂതി സമ്മാനിച്ച കവയിത്രി റസീന കെ പിക്ക് ഒരായിരം ആശംസകൾ. ഇനിയും തൂലികയിൽ നിന്ന് മുത്തുകൾ പോലെ അക്ഷരങ്ങൾ പിറവിയെടുക്കട്ടെ എന്നാശംസിക്കുന്നു. “ഉയരാൻ മടിക്കുന്ന കൈകളും പറയാൻ മടിക്കുന്ന വാക്കുകളും അടിമത്തം” എന്നതു പോലെ അതിവിശാലമായ ഭൂമിയിൽ സ്വപ്‌നങ്ങൾ കൊണ്ടും മോഹങ്ങളെ താലോലിച്ചും സുന്ദരമായ ജീവിതം ഓരോ പെൺതുമ്പിക്കും ലഭിക്കട്ടെ എന്ന് പ്രാർഥിക്കാം. പ്രസാധനം: ലിപി പബ്ലിക്കേഷൻ.

ഇർശാദ് എ പി • irshadap82@gmail.com

irshadap82@gmail.com

Latest