സംസ്ഥാന ജലപാത

Posted on: July 7, 2019 3:19 pm | Last updated: July 7, 2019 at 3:19 pm


കേരളത്തിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ സംസ്ഥാന ജലപാതയുടെ പ്രവർത്തനം പുരോഗമിക്കുകയാണ്. കോവളം മുതൽ ബേക്കൽ വരെ 11 ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള 610 കിലോ മീറ്റർ ജലപാതയുടെ ഒന്നാംഘട്ട നവീകരണ പ്രവർത്തനം 2020 മെയിൽ പൂർത്തിയാക്കാനും ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടക്കുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കേരള വാട്ടർവേയ്‌സ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് (ക്വിൽ) ഡയറക്ടർ ബോർഡ് യോഗം തീരുമാനിക്കുകയുണ്ടായി. സംസ്ഥാന സർക്കാറും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും സംയുക്തമായി രൂപവത്കരിച്ച ‘ക്വില്ലി’ന്റ മേൽനോട്ടത്തിൽ വിവിധ വകുപ്പുകൾ ചേർന്നാണ് ജലപാതയുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. സർക്കാറിനും സിയാലിനും ഇതിൽ തുല്യ ഓഹരി പങ്കാളിത്തമാണ്(49 ശതമാനം വീതം). രണ്ട് ശതമാനം ഓഹരി മറ്റു ഏജൻസികൾക്കോ നിക്ഷേപകർക്കോ നൽകാനാണ് വ്യവസ്ഥ.

ഓരോ പ്രദേശത്തും കായലുകൾ, നദികൾ, മറ്റു ജലാശയങ്ങൾ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ ഉൾനാടുകളിലൂടെ ജലഗതാഗതം സാധ്യമാക്കാനാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. വാഹനബാഹുല്യം കൊണ്ട് വീർപ്പു മുട്ടുന്ന സംസ്ഥാനത്തെ റോഡുകളിലെ അമിത തിരക്ക് നിയന്ത്രിക്കലും ടൂറിസം രംഗത്ത് പുതിയ സാധ്യതകൾ തേടലും ലക്ഷ്യങ്ങളിൽ പെടുന്നു. ചരക്ക് കടത്തിന്റെ 25 ശതമാനവും അപകട സാധ്യതയുള്ള ചരക്കുകളുടെ നീക്കവും ജലപാതയിലൂടെയാക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. പരമ്പരാഗത വ്യവസായങ്ങളായ കയർ, കശുവണ്ടി, മത്സ്യബന്ധനം തുടങ്ങിയവയുമായി ബന്ധപ്പെട്ടു കഴിയുന്നവരുടെ തൊഴിലിനും ജീവിതത്തിനും ഇതു ഗുണകരമാകും. ടൂറിസം വികസനം ലക്ഷ്യമാക്കി ജലപാതയുടെ വിവിധ ഭാഗങ്ങളിൽ ടൂറിസം വില്ലേജുകൾ, ബോട്ട് ജെട്ടികളുടെ നിർമാണം തുടങ്ങിയവക്ക് പദ്ധതിയിൽ നിർദേശമുണ്ട്. ഓരോ പ്രദേശത്തിന്റെയും സാംസ്‌കാരിക പരിപാടികളുടെ അവതരണത്തിനു സ്ഥിരം വേദികളും പണിയും. ഇത്തരമൊരു ജലപാത നിലവിലുണ്ടെങ്കിലും ദശകങ്ങളായി അവഗണിക്കപ്പെടുന്നത് മൂലം പലയിടങ്ങളിലും മൂടിക്കിടക്കുകയാണ്.

അതിവേഗം നാശോന്മുഖമാകുന്ന ജലപാതകളുുടെ വീണ്ടെടുപ്പാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിർവഹിക്കുന്നത്. പാർവതി പുത്തനാറിനെ ഗതാഗതയോഗ്യമാക്കൽ, കോഴിക്കോട് കനോലി കനാലിന്റെ ശുചീകരണം. മാഹി- വളപട്ടണം പുഴകളെ ബന്ധിപ്പിച്ചുകൊണ്ട് 26 കി. മീ പുതിയ കനാൽ നിർമാണം തുടങ്ങിയവ ഒന്നാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി നടന്നു വരികയാണ്. ജലപാതയെ നഗരകേന്ദ്രങ്ങളിലേക്കും വിമാനത്താവളങ്ങളിലേക്കും ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിന് വളരെ അടുത്തായാണ് ജലപാത കടന്നുപോകുന്നത്. ചെങ്ങൽ തോടിനെ കൊച്ചി നഗരവുമായി ബന്ധിപ്പിച്ചാൽ കൊച്ചി വിമാനത്താവളവുമായി ബന്ധിപ്പിക്കാനാകും. വഞ്ചിക്കുളത്തു നിന്ന് ഏനാമാവ് വരെയുള്ള 17 കിലോമീറ്റർ ഭാഗം വികസിപ്പിച്ചാൽ തൃശൂർ നഗരവുമായും കനാൽ ബന്ധം സ്ഥാപിക്കാനാകും.

അതേസമയം പാരിസ്ഥിതിക ആഘാതം, കുടിയൊഴിപ്പിക്കൽ തുടങ്ങിയവയുടെ പേരിൽ പദ്ധതിക്കെതിരെ എതിർപ്പും ഉയർന്നിട്ടുണ്ട്. ജലപാതക്കുവേണ്ടിയുള്ള പാലങ്ങളുടെയും നടപ്പാതകളുടെയും നിലവിലുള്ള പുഴകളും ജലാശയങ്ങളുമായി പാതയെ ബന്ധിപ്പിക്കാനുള്ള പുതിയ കനാലുകളുടെയും നിർമാണത്തിന് ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നാണ് പദ്ധതിയോടുള്ള എതിർപ്പിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ കനാൽ നിർമാണം പുഴകളുടെ സ്വാഭാവിക ഒഴുക്കിനെയും ജലസസ്യങ്ങളെയും വിഭവങ്ങളെയും ബാധിക്കുകയും ചെയ്യും. കടലിൽ നിന്ന് നേരിട്ട് ഉപ്പുവെള്ളം വരുന്ന തരത്തിലാണ് കനാലുകളുടെ നിർമാണമെന്നതിനാൽ ഉപ്പുവെള്ളം വ്യാപകമായി എത്തുന്നതോടെ കുടിവെള്ളം മലിനമാകുമെന്നും വിമർശകർ ആശങ്ക പ്രകടിപ്പിക്കുന്നു. പദ്ധതിക്കായി പൊയ്കകളും ചതുപ്പുകളും വീതികൂട്ടുകയും ആഴം കൂട്ടുകയും ചെയ്യുമ്പോൾ ആവാസ വ്യവസ്ഥയുടെ കണ്ണികൾക്കും നാശം സംഭവിക്കും.

ജലപാത സംസ്ഥാനത്തിന് പ്രയോജനം ചെയ്യില്ലെന്നും ഇതിനായി ചെലവിടുന്ന സഹസ്രകോടികൾ പാഴാകുമെന്നുമുള്ള അഭിപ്രായത്തിലാണ് സാങ്കേതിക വിദഗ്ധൻ ഇ ശ്രീധരനും. റോഡ് ഗതാഗതത്തെക്കാൾ അഞ്ചിൽ ഒന്ന് മാത്രം ഗതിവേഗമുള്ള ജലഗതാഗതം സ്വകാര്യ വാഹനങ്ങൾ നിറയെയുള്ള കേരളത്തിലെ ജനത പരിഗണിക്കുമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് ശ്രീധരൻ പറയുന്നു. കേരളത്തിലെ 80 ശതമാനം ചരക്ക് നീക്കവും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളതായതിനാൽ ചരക്ക് നീക്കം ജലപാത വഴിയാക്കാനുള്ള നീക്കവും വിജയിക്കില്ല. ജലപാതക്ക് റോഡുകളേക്കാൾ അപകട സാധ്യത കുടുതലാണെന്നും ജലപാതക്ക് പകരമായി 2016 മുതൽ അനിശ്ചിതമായി കിടക്കുന്ന തിരുവനന്തപുരം-കണ്ണൂർ ഇരട്ടപ്പാത ഹൈസ്പീഡ് റെയിൽവേ ലൈൻ പദ്ധതിയാണ് സംസ്ഥാനത്തിന് കൂടുതൽ ഉപകാരപ്പെടുകയെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

കുറഞ്ഞ വിസ്തൃതിയും ഉയർന്ന ജനബാഹുല്യവും കാരണം റോഡ് വികസനത്തിനു പരിമിതികളുള്ള കേരളത്തിൽ ജലപാത യാഥാർഥ്യമായാൽ അതൊരു അനുഗ്രഹമായിരിക്കും. അതേസമയം പാത നിർമാണം ജനങ്ങൾക്കുണ്ടാക്കുന്ന പ്രയാസങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളും കണ്ടില്ലെന്നു നടിക്കാനുമാകില്ല. പ്രശ്‌നങ്ങൾ പരമാവധി പരിഹരിച്ചു പാത പണിയാൻ സർക്കാറും വികസന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രയാസങ്ങൾ കുറേയൊക്കെ സഹിക്കാൻ ജനങ്ങളും സന്നദ്ധമാകേണ്ടതുണ്ട്.