ദുര്‍മന്ത്രവാദത്തിന് കൂച്ചുവിലങ്ങിടാനൊരുങ്ങി സര്‍ക്കാര്‍; കരടു നിയമത്തിന് രൂപം നല്‍കി

Posted on: July 7, 2019 11:52 am | Last updated: July 7, 2019 at 3:00 pm

തിരുവനന്തപുരം: ദുര്‍മന്ത്രവാദം, കൂടോത്രം തുടങ്ങിയ ദുരാചാരങ്ങള്‍ കുറ്റകരമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട കരടു നിയമത്തിന് സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ രൂപം നല്‍കി. ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ആചാരങ്ങള്‍ അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. ലംഘകര്‍ക്ക് ഏഴു വര്‍ഷം തടവും അര ലക്ഷം രൂപ പിഴയും ചുമത്തുന്ന നിയമമാണ് പ്രാവര്‍ത്തികമാക്കാനൊരുങ്ങുന്നത്.

ദുര്‍മന്ത്രവാദത്തിലും മറ്റുമുള്ള വിശ്വാസം മൂലം ആധുനിക ചികിത്സാ രീതികള്‍ അവലംബിക്കാതെ ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമ നിര്‍മാണം. ദുരാചാരങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.