സന്ദേഹങ്ങളേറെ

ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റുകളുടെ തുടര്‍ച്ച തന്നെയാണ് നിര്‍മല സീതാരാമന്റെതും. സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് കൂടി പരിഗണന നല്‍കുന്നുവെന്ന പ്രതീതി, മുന്‍ കാലങ്ങളിലെപ്പോലെ ഇവിടെയും പ്രകടിപ്പിച്ചിട്ടുണ്ട്. കള്ളപ്പണം തടയുക എന്നത് മുഖ്യ ലക്ഷ്യമാക്കി നോട്ടുകള്‍ പിന്‍വലിച്ചത് ചെറുതല്ലാത്ത സാമ്പത്തിക സ്തംഭനം സൃഷ്ടിച്ചിട്ടുണ്ട് എന്ന് പരോക്ഷമായി സമ്മതിക്കുന്നുണ്ട് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്. വര്‍ധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ സര്‍ക്കാര്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സാമ്പത്തിക നയപാത ഈ ബജറ്റിലൂടെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതുണ്ടായെന്ന് കരുതാനാകില്ല. പക്ഷേ, ഘടനാപരമായ ചില മാറ്റങ്ങള്‍ പരോക്ഷമായി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന സംശയം ബജറ്റ് ഉയര്‍ത്തുന്നുണ്ട്. അതിനൊപ്പം സംഘ്പരിവാരം ഇതിനകം തുടങ്ങുകയും ഇനിയങ്ങോട്ട് തുടരാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്ന രാഷ്ട്രീയവും ബജറ്റില്‍ പ്രതിഫലിക്കുന്നു. 2.7 ലക്ഷം കോടി ഡോളര്‍ വലുപ്പമുള്ളതായി ഇന്ത്യന്‍ യൂനിയന്റെ സമ്പദ് വ്യവസ്ഥ മാറിയിരിക്കുന്നുവെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തോടെ മൂന്ന് ലക്ഷം കോടി ഡോളര്‍ വലുപ്പമുള്ളതായി മാറുമെന്നും. ഈ വലുപ്പംവെക്കല്‍ കൊണ്ട് രാജ്യത്തെ പൗരന്‍മാര്‍ക്ക് എന്ത് നേട്ടമെന്ന ചോദ്യം പ്രസക്തമാണ്.
Posted on: July 6, 2019 12:17 pm | Last updated: July 6, 2019 at 12:17 pm

ഇന്ദിരാ ഗാന്ധിക്ക് ശേഷം ഒരു വനിത രാജ്യത്തിന്റെ പൊതു ബജറ്റ് അവതരിപ്പിച്ചു. നിര്‍മല സീതാരാമന്റെ ബജറ്റ് പ്രസംഗം വ്യക്തത കൊണ്ടും വാക്കുകള്‍ മൂര്‍ച്ച കുറയാതെ ഉപയോഗിക്കാനുള്ള അവരുടെ കഴിവുകൊണ്ടും ശ്രദ്ധേയമായിരുന്നു. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റുകളുടെ തുടര്‍ച്ച തന്നെയാണ് നിര്‍മല സീതാരാമന്റെതും. കുറച്ചുകൂടി വിശാലമായി പരിഗണിച്ചാല്‍ 1991ല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും ഉദാരവത്കരണത്തിന്റെയും വേഗം കൂട്ടിയതു മുതല്‍ ഇന്ത്യന്‍ യൂനിയനില്‍ തുടരുന്ന നയങ്ങളുടെ തുടര്‍ച്ച തന്നെയാണ് ബജറ്റിന്റെ അടിസ്ഥാനം.

അതിനൊപ്പം സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് കൂടി പരിഗണന നല്‍കുന്നുവെന്ന പ്രതീതി, മുന്‍ കാലങ്ങളിലെപ്പോലെ ഇവിടെയും പ്രകടിപ്പിച്ചിട്ടുണ്ട്. 2022ഓടെ എല്ലാവര്‍ക്കും വീട്, അതേ കാലപരിധിയില്‍ എല്ലാ വീടുകളിലും പാചക വാതകവും വൈദ്യുതിയും, 2024ഓടെ എല്ലാ വീടുകളിലും വെള്ളം എന്നിവ ഉദാഹരണങ്ങളാണ്. അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ കാലത്ത് നടത്തിയ പ്രഖ്യാപനങ്ങളിലും ഇതൊക്കെ പറഞ്ഞിരുന്നുവെന്നതുകൊണ്ട് പുതുമയില്ലെന്ന് മാത്രം.

കള്ളപ്പണം തടയുക എന്നത് മുഖ്യ ലക്ഷ്യമാക്കി നരേന്ദ്ര മോദി സര്‍ക്കാര്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചത് ചെറുതല്ലാത്ത സാമ്പത്തിക സ്തംഭനം സൃഷ്ടിച്ചിട്ടുണ്ട് എന്ന് പരോക്ഷമായി സമ്മതിക്കുന്നുണ്ട് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്. നോട്ട് പിന്‍വലിച്ച നടപടി കാര്‍ഷിക – ഗ്രാമീണ മേഖലകളിലാണ് ഏറെ ദുരിതം വിതച്ചത്. ഒപ്പം ചെറുകിട – ഇടത്തരം വ്യവസായങ്ങളിലും. രണ്ട് വര്‍ഷം പിന്നിട്ടിട്ടും അതിന്റെ ആഘാതം തുടരുകയാണ്. ഗ്രാമീണ – കാര്‍ഷിക മേഖലകളിലേക്ക് പണമൊഴുകാന്‍ പാകത്തിലുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ കൂടുതലായി ഉള്‍പ്പെടുത്താനുള്ള കാരണം മറ്റൊന്നല്ല. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും പലിശയിളവ് അനുവദിക്കാനുമുള്ള പ്രഖ്യാപനവും നോട്ട് പിന്‍വലിക്കല്‍ ആ മേഖലയിലുണ്ടാക്കിയ മുരടിപ്പ് മറികടക്കുക എന്ന ലക്ഷ്യത്തോടെയാകണം.

വര്‍ധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ സര്‍ക്കാര്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സാമ്പത്തിക നയപാത ഈ ബജറ്റിലൂടെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതുണ്ടായെന്ന് കരുതാനാകില്ല. പക്ഷേ, ഘടനാപരമായ ചില മാറ്റങ്ങള്‍ പരോക്ഷമായി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന സംശയം ബജറ്റ് ഉയര്‍ത്തുന്നുണ്ട്. അതിനൊപ്പം സംഘ്പരിവാരം ഇതിനകം തുടങ്ങുകയും ഇനിയങ്ങോട്ട് തുടരാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്ന രാഷ്ട്രീയവും ബജറ്റില്‍ പ്രതിഫലിക്കുന്നു. ദേശീയ വാട്ടര്‍ ഗ്രിഡ്, ദേശീയ വാതക ഗ്രിഡ്, ഒരു രാജ്യം ഒറ്റ വൈദ്യുതി ശൃംഖല തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ഉദാഹരണങ്ങളാണ്. വെള്ളം, വൈദ്യുതി എന്നിവയുടെ കാര്യത്തില്‍ നിലവില്‍ സംസ്ഥാനങ്ങള്‍ക്കാണ് കൂടുതല്‍ അധികാരം. അതിനെ കവച്ചുവെച്ച് കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് ഇവയെ എത്തിക്കാനുള്ള ശ്രമമാണോ നടക്കുന്നത് എന്ന് സംശയിക്കണം. നദീ സംയോജനം പോലുള്ള പദ്ധതികള്‍ ദേശീയ വാട്ടര്‍ ഗ്രിഡ് എന്ന സങ്കല്‍പ്പത്തിന്റെ തുടര്‍ച്ചയായി ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള സാധ്യത ഏറെയാണ്. ജനത്തെ ഏറ്റവും നേരിട്ട് ബാധിക്കുന്ന വെള്ളം, വൈദ്യുതി എന്നിവക്ക് മേലുള്ള അധികാരത്തില്‍ നിന്ന് സംസ്ഥാനങ്ങളെ വലിയ അളവില്‍ നീക്കി നിര്‍ത്താന്‍ സാധിച്ചാല്‍ അത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് സംഘ്പരിവാരം കരുതുന്നുണ്ടാകണം.

സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് കടന്നു കയറുകയോ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം വര്‍ധിപ്പിച്ചുകൊണ്ട് അധിക ഭാരം സംസ്ഥാനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയോ ചെയ്യുന്ന നടപടികള്‍ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് തന്നെ തുടങ്ങിയിരുന്നു. അതിന്റെ തുടര്‍ച്ചയായി വേണം പുതിയ നിര്‍ദേശങ്ങളെ കാണാന്‍. അത് കൂടുതല്‍ മേഖലകളിലേക്ക് വരും വര്‍ഷങ്ങളില്‍ വ്യാപിക്കുമെന്ന് തന്നെ കരുതണം. ജി എസ് ടി നടപ്പാക്കിയതോടെ വിഭവ സമാഹരണത്തിനുള്ള സാധ്യതകള്‍ സംസ്ഥാനങ്ങള്‍ക്ക് തീര്‍ത്തും പരിമിതമായിട്ടുണ്ട്. അതിന് പിറകെയാണ് കൂടുതല്‍ മേഖലകളെ കേന്ദ്രാധികാരത്തിന്‍ കീഴില്‍ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ പലതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നേരിട്ട് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിലവില്‍ തന്നെ സാധിക്കും. സംസ്ഥാന സര്‍ക്കാറുകളുടെ ശേഷിക്കുന്ന പ്രസക്തി പോലും ഇല്ലാതാക്കാന്‍ പുതിയ നീക്കങ്ങള്‍ കാരണമായേക്കും.

ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അതുവഴി നെഹ്‌റു കുടുംബത്തിന്റെ പിന്‍മുറക്കാരെയും ലക്ഷ്യമിടുക എന്ന രാഷ്ട്രീയ തന്ത്രം കുറേക്കാലമായി സംഘ്പരിവാരം തുടരുന്നുണ്ട്. അതിന്റെ ഏറ്റവും ശക്തനായ പ്രയോക്താവായി നരേന്ദ്ര മോദിയും അമിത് ഷായും മാറുകയും ചെയ്തു. ജമ്മു കശ്മീരിന്റെ മൂന്നിലൊന്ന് ഇന്ത്യക്ക് നഷ്ടപ്പെടാന്‍ കാരണം നെഹ്‌റുവാണെന്ന അവാസ്തവം സ്ഥാപിച്ചെടുക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലിമെന്റില്‍ ശ്രമിച്ചത് അടുത്തിടെയാണ്. സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിനെ നെഹ്‌റു വിശ്വാസത്തിലെടുത്തിരുന്നുവെങ്കില്‍ ജമ്മു കശ്മീര്‍ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ലെന്ന് കൂടി അമിത് ഷാ കൂട്ടിച്ചേര്‍ത്തിരുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘുമായി അടുത്ത ബന്ധമുണ്ടായിരുന്ന സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പാരമ്പര്യം ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്തു തന്നെ സംഘ്പരിവാരം ഏറെക്കുറെ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ സ്ഥാപിച്ച പട്ടേലിന്റെ ഭീമന്‍ പ്രതിമ ഈ ഏറ്റെടുക്കല്‍ ശ്രമത്തിന്റെ ഭാഗമാണ്.

ഇതിന്റെ തുടര്‍ച്ചയില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെക്കൂടി സ്വന്തമാക്കാനുള്ള ശ്രമം ആരംഭിച്ചതിന്റെ സൂചനകള്‍ ബജറ്റ് പ്രസംഗത്തിലുണ്ട്. രാഷ്ട്രപിതാവിന്റെ സ്വപ്‌നങ്ങളെക്കുറിച്ച്, അത് നടപ്പാക്കുന്നതില്‍ സര്‍ക്കാറിനുള്ള പ്രതിജ്ഞാബദ്ധതയെക്കുറിച്ചൊക്കെ നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ വാചാലയായത് വെറുതെയല്ല. സര്‍ദാര്‍ പട്ടേലിന്റെയും മഹാത്മാ ഗാന്ധിയുടെയും പാരമ്പര്യം ഏറ്റെടുക്കുകയും ജവഹര്‍ ലാല്‍ നെഹ്‌റുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്നതിലൂടെ നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യത്തിലൂടെ മാത്രം ജീവന്‍ നിലനിര്‍ത്തുന്ന കോണ്‍ഗ്രസിനെ ഇല്ലാതാക്കാമെന്നതാണ് തന്ത്രം. സര്‍ദാര്‍ പട്ടേലും മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും ഗുജറാത്തുകാരാണെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

2019ലെ പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിലെ പല നിര്‍ദേശങ്ങളും പുതുക്കിയ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രാജ്യത്തെ ഇടത്തരക്കാരുടെ വോട്ട് ലക്ഷ്യമിട്ട് ആദായ നികുതി നിരക്കുകളില്‍ വലിയ ഇളവുകള്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അത് പുതുക്കിയ ബജറ്റില്‍ അപ്രത്യക്ഷമായിരിക്കുന്നു. അഞ്ച് ലക്ഷം വരെയുള്ള ആദായത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കിയെന്ന് മാത്രം. ധനമന്ത്രി സ്ഥാനത്ത് വനിത എത്തിയതുകൊണ്ടുതന്നെ വനിതകള്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന വലിയ പ്രതീക്ഷയുണ്ടായിരുന്നു.

വനിതകളുടെ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് 5,000 രൂപയുടെ ഓവര്‍ഡ്രാഫ്റ്റും സംഘങ്ങളിലെ അംഗങ്ങളിലൊരാള്‍ക്ക് ഒരു ലക്ഷം വരെ മുദ്ര വായ്പയുമാണ് പ്രത്യേകമായി പ്രഖ്യാപിക്കപ്പെട്ടത്.

ഗതാഗത സംവിധാനത്തില്‍ പൊതു – സ്വകാര്യ പങ്കാളിത്തമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. റെയില്‍ – റോഡ് ഗതാഗത മേഖലകളിലെ സ്വകാര്യവത്കരണത്തിനുള്ള വേഗം കൂട്ടുകയാണ് സര്‍ക്കാര്‍. പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ചെലവ് പൗരന്റെ പോക്കറ്റില്‍ നിന്ന് കണ്ടെത്തുക എന്നതാണ് ഇതിന്റെ അര്‍ഥം.

അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നിന്ന് സര്‍ക്കാര്‍ കൂടുതലായി പിന്‍വാങ്ങുമെന്ന് ചുരുക്കം. അതേസമയം, ഇന്ധനങ്ങള്‍ക്കു മേല്‍ പുതിയ സെസ്സുകള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഖജനാവിലേക്കുള്ള വരുമാനം കൂട്ടുകയും ചെയ്യുന്നു. ഇതിനൊപ്പം വിദേശ മൂലധനത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ പാകത്തിലുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. വികസന പദ്ധതികളില്‍ മത്രമല്ല, ഊഹക്കമ്പോളങ്ങളിലും വിദേശ മൂലധനത്തിന് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്നതാണ് നിര്‍ദേശങ്ങള്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിന്റെ വേഗം കൂട്ടാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

2.7 ലക്ഷം കോടി ഡോളര്‍ വലുപ്പമുള്ളതായി ഇന്ത്യന്‍ യൂനിയന്റെ സമ്പദ് വ്യവസ്ഥ മാറിയിരിക്കുന്നുവെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തോടെ മൂന്ന് ലക്ഷം കോടി ഡോളര്‍ വലുപ്പമുള്ളതായി മാറുമെന്നും. ഈ വലുപ്പംവെക്കല്‍ കൊണ്ട് രാജ്യത്തെ പൗരന്‍മാര്‍ക്ക് എന്ത് നേട്ടമെന്ന ചോദ്യം പ്രസക്തമാണ്. ഇത്തരത്തില്‍ വളരുമ്പോഴും രാജ്യത്തിന്റെ ധനക്കമ്മി വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്.

2018 – 19 സാമ്പത്തിക വര്‍ഷത്തില്‍ അത് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 5.8 ശതമാനമാണെന്നാണ് സാമ്പത്തിക സര്‍വേയില്‍ പറയുന്നത്. ധനക്കമ്മി ഉയര്‍ന്നിരിക്കുന്നതുകൊണ്ടുതന്നെ പൊതു നിക്ഷേപത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കില്ല. അതിനുള്ള ശ്രമം ഈ ബജറ്റിലും കാണാത്തതുകൊണ്ടു തന്നെ വിവിധ പദ്ധതികള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന തുക കണ്ടെത്തുക സര്‍ക്കാറിനെ സംബന്ധിച്ച് വെല്ലുവിളിയാണ്.
2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇടിഞ്ഞിരിക്കുകയായിരുന്നു.

അന്ന് അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ തീരുവ വര്‍ധിപ്പിച്ച് ജനങ്ങളെ പിഴിയാനും ഖജനാവിലേക്ക് പണമെത്തുന്നുവെന്ന് ഉറപ്പാക്കാനുമാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്. എന്നിട്ടുപോലും ധനക്കമ്മി പിടിച്ചുനിര്‍ത്തി സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ അരുണ്‍ ജെയ്റ്റ്‌ലിക്ക് സാധിച്ചിരുന്നില്ല. പുതിയ സാഹചര്യത്തില്‍ നിര്‍മല സീതാരാമന് അതൊട്ടും സാധിക്കുമെന്ന് തോന്നുന്നുമില്ല. പ്രഖ്യാപനങ്ങളിലൂടെ, അത് അവതരിപ്പിക്കുന്നതിലുള്ള മികവിലൂടെ മികച്ച ധനമന്ത്രിയെന്ന പ്രതീതി ജനിപ്പിക്കാന്‍ നിര്‍മല സീതാരാമന് ഒരുപക്ഷേ സാധിച്ചിട്ടുണ്ടാകും. പക്ഷേ, രാജ്യം കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ അതുമതിയാകില്ല.