Connect with us

Gulf

ബലി പെരുന്നാള്‍: പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാലു നാള്‍ അവധി

Published

|

Last Updated

ദുബൈ: യു എ ഇയിലെ പൊതു മേഖലാ-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാലു ദിവസം ഈദുല്‍ അദ്ഹ അവധി പ്രഖ്യാപിച്ചു. ഹജ്ജിന്റെ പ്രധാന ആരാധനാ ദിനമായ അറഫാ ദിനം ദുല്‍ഹിജ്ജ ഒമ്പതിനും 10, 11, 12 എന്നീ ദിനങ്ങളിലും അവധിയായിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവര്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് (എഫ് എ എച്ച് ആര്‍) അറിയിച്ചു. സ്വകാര്യ മേഖലക്കും പൊതു മേഖലാ സ്ഥാപനങ്ങളുടെ അതേ ദിനങ്ങളില്‍ നാലുദിവസം അവധിയായിരിക്കുമെന്നും മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഈ വര്‍ഷം ആദ്യത്തില്‍ യു എ ഇ കാബിനറ്റ് കൈക്കൊണ്ട തീരുമാന പ്രകാരമാണ് സ്വകാര്യ-പൊതു മേഖലാ സ്ഥാപനങ്ങളുടെ അവധികള്‍ ഏകീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ മേഖലക്കും നാലു നാള്‍ അവധി പ്രഖ്യാപിച്ച് മന്ത്രി സര്‍ക്കുലര്‍ ഇറക്കിയത്.
ഇസ്‌ലാമിക കലണ്ടര്‍ അനുസരിച്ച് 12-ാമത്തെ മാസമായ ദുല്‍ഹിജ്ജയില്‍ ഒമ്പതാമത്തെ ദിനത്തിലാണ് അറഫാ ദിനം. ദുല്‍ഹിജ്ജ 10ന് മുസ്‌ലിം ലോകം പെരുന്നാള്‍ ആഘോഷം തുടങ്ങും. ചന്ദ്രപ്പിറവി ദര്‍ശിച്ചുവെന്ന് വിശ്വസനീയമായ അറിയിപ്പ് ലഭിച്ചാലാണ് മാസം ഒന്നായി പിറ്റേന്ന് കണക്കാക്കുക. ആഗസ്റ്റ് ഒന്നിന് വൈകീട്ട് ചന്ദ്രപ്പിറവി ദര്‍ശിച്ചാല്‍ അറിയിക്കണമെന്ന് ജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നിന് വൈകീട്ട് ചന്ദ്രപ്പിറവി ദര്‍ശിച്ചാല്‍ ആഗസ്റ്റ് രണ്ടിനാകും ദുല്‍ഹിജ്ജ ഒന്ന്.

Latest