കേന്ദ്ര ബജറ്റ് നിരാശാജനകം; കേരളത്തെ അവഗണിച്ചു: മന്ത്രി ഐസക്

Posted on: July 5, 2019 7:26 pm | Last updated: July 6, 2019 at 10:10 am

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നിരാശാജനകമാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ പര്യാപത്മായ ബജറ്റല്ല കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതും റെയില്‍വേയുടെ സ്വകാര്യവത്കരണത്തിനുള്ള നീക്കവും അംഗീകരിക്കാനാകില്ല.

സംസ്ഥാനങ്ങളെ സംബന്ധിച്ച് ബജറ്റ് ഒട്ടും ആശാസ്യമല്ല. സംസ്ഥാനത്തിന് നല്‍കുന്ന വിഹിതത്തില്‍ കാര്യമായ വര്‍ധനയില്ല. സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ സാഹചര്യത്തില്‍ കൂടുതല്‍ വായ്പയെടുക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയോട് കേന്ദ്രം പ്രതികരിച്ചിട്ടില്ല. ഇത് കേരളത്തെ പ്രതിസന്ധിയിലാക്കും. വായ്പാ പരിധി ഉയര്‍ത്തണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര ധനമന്ത്രിക്കു കത്തെഴുതുമെന്നും ഐസക് പറഞ്ഞു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നികുതി വര്‍ധിച്ചു കൊണ്ടേയിരിക്കുകയാണ്. എന്നാല്‍, എണ്ണക്ക് ഏര്‍പ്പെടുത്തുന്ന എക്‌സൈസ് നികുതി വര്‍ധന സംസ്ഥാനത്തിനു ലഭിക്കുന്ന സ്ഥിതിയില്ല. തൊഴിലുറപ്പു പദ്ധതിക്കു വകയിരുത്തിയ വിഹിതം കുറവാണ്. റബറിന് ന്യായ വില ലഭ്യമാക്കാനുള്ള യാതൊരു പരാമര്‍ശവും ബജറ്റിലില്ല. വിദേശ മൂലധനത്തെ ഇന്ത്യയിലേക്കു കൂടുതലായി ആകര്‍ഷിക്കാനും പൊതു മേഖലാ ഓഹരികള്‍ വിറ്റഴിക്കാനുമുള്ള നടപടികളുമായി കേന്ദ്രം മുന്നോട്ടു പോകുമെന്ന് ബജറ്റില്‍ നിന്ന് വ്യക്തമാണെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.