ഹരേന്‍ പാണ്ഡ്യ കൊലപാതകം: ഗുജറാത്ത് ഹൈക്കോടിതി വെറുതെവിട്ടവര്‍ കുറ്റക്കാരെന്ന് സുപ്രീം കോടതി

Posted on: July 5, 2019 3:11 pm | Last updated: July 5, 2019 at 3:13 pm

ന്യൂഡല്‍ഹി: മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകത്തില്‍ ഹൈക്കോടതി വെറുതെ വിട്ട 12ല്‍ ഏഴ് പ്രതികളും കുറ്റക്കാരെന്ന് സുപ്രീം കോടതി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവും സുപ്രീംകോടതി തിരുത്തി.
2011ല്‍ ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവാണ് സുപ്രീംകോടതി തിരുത്തിയിരിക്കുന്നത്. സി ബി ഐ അപ്പീലിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, വിനീത് സരണ്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിധി പറഞ്ഞത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധി മാനിക്കാതെ അപ്പീല്‍ പോകുകയായിരുന്നു സി ബി ഐ. അതേസമയം, കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി.

ഗുജറാത്ത് കലാപത്തിന് ശേഷം 2003 മാര്‍ച്ച് 26 നായിരുന്നു ഹരേന്‍ പാണ്ഡ്യയെ അഹമ്മദ് ബാദിലെ തിരക്കുള്ള ഒരു ജംഗ്ഷനില്‍ നിര്‍ത്തിയിട്ട വണ്ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വണ്ടിയില്‍ രക്തത്തിന്റെ പാടുകളടക്കമുള്ള ഒരു അസ്വഭാവികതയും കണ്ടിരുന്നില്ല.
ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്വേഷിച്ച അന്വേഷണക്കമ്മീഷനുമുന്നില്‍ മോദിക്കെതിരെ ഹരേന്‍ മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ഘട്ടത്തിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തിയത്.

ഹരേന്‍ പാണ്ഡ്യയുടേത് രാഷട്രീയ കൊലപാതകമാണെന്ന് ഇദ്ദേഹത്തിന്റെ അച്ഛന്‍ വിതല്‍ഭായി പാണ്ഡ്യ തുടക്കം മുതല്‍ ആരോപിച്ചിരുന്നു. പുനരന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല.

കേസ് അന്വേഷിച്ച സി ബി ഐ 12 പേര്‍ക്കെതിരെ കുറ്റം ചുമത്തുകയും അവരെ ഭീകര വിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഗുജറാത്ത് ഹൈക്കോടതി ഇവരെ വെറുതെ വിടുകയായിരുന്നു. ഇത് തള്ളിയാണ് വിചാരണ കോടതി ഉത്തരവ് സുപ്രീംകോടതി പുനസ്ഥാപിച്ചത്.
ഗോധ്ര സംഭവത്തിന് ശേഷം അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്നായിരുന്നു ഹരേന്‍ പാണ്ഡ്യയുടെ വെളിപ്പെടുത്തല്‍. യോഗത്തില്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയതായും ആരോപണമുണ്ടായിരുന്നു.