തമിഴ്‌നാട്ടില്‍ ജാതി മാറി വിവാഹം കഴിച്ച ദളിത് നവദമ്പതികളെ വെട്ടിക്കൊന്നു

Posted on: July 5, 2019 11:33 am | Last updated: July 5, 2019 at 11:33 am

കോയമ്പത്തൂര്‍: തമിഴ്‌നാട് തൂത്തുക്കുടി ജില്ലയില്‍ ജാതി മാറി വിവാഹം കഴിച്ച ദളിത് നവദമ്പതികളെ വെട്ടിക്കൊന്നു. സംഭവത്തില്‍ വധുവിന്റെ പിതാവ് അറസ്റ്റില്‍. തമിഴ്‌നാട്ടില്‍ തൂത്തുക്കുടി ജില്ലയിലാണ് സംഭവം. പെരിയാര്‍
ജാതിയില്‍പ്പെട്ട സൊളയ്രാജ് (24), പള്ളാര്‍ ജാതിയില്‍പ്പെട്ട ഭാര്യ ജ്യോതി (24) എന്നിവരാണ് വീടിനുള്ളില്‍ വെട്ടേറ്റത് മരിച്ചത്. ഇരുവരുടെയും ജാതി പട്ടിക വിഭാഗത്തില്‍പ്പെടുന്നതാണ്. കൊല്ലപ്പെട്ട ജ്യോതി ഗര്‍ഭിണിയായിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇരുവരുടെയും മൃതദേഹം ചോരവാര്‍ന്ന നിലയില്‍ വീട്ടിനുള്ളില്‍ കാണപ്പെട്ടത്.

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. മൂന്ന് മാസം മുമ്പാണ് ഇരുവരും വിവാഹം കഴിച്ചത്. ജ്യോതിയുടെ കുടുംബം തുടക്കം മുതല്‍ ഇവരുടെ ബന്ധത്തിന് എതിരായിരുന്നു. വിവാഹത്തിന് ശേഷം ഒരു ഒറ്റമുറി വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ സൊളയ് രാജിന്റെ മാതാവ് മുത്തുമാരി വീട്ടിലെത്തിയപ്പോഴാണ് ഇരുവരുടെയും മതൃദേഹം വീട്ടിനുള്ളില്‍ കാണപ്പെട്ടത്. ഇരുവരുടെയും തല വെട്ടേറ്റ് കഴുത്തില്‍ നിന്നും തൂങ്ങിയ നിലയിലായിരുന്നു.

ഗര്‍ഭിണിയായ ജ്യോതിയുടെ അരക്ക്താഴെ വെട്ടിമാറ്റി നിലയിലായിരുന്നുവെന്ന് മുത്തുമാരിയുടെ സഹോദരി കര്‍പാഗം പറഞ്ഞു. ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഇരുവരെയും വെട്ടിക്കൊല്ലുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍ കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ജ്യോതിയുടെ കുടുംബം ഇവരുടെ വീട്ടിലെത്തി ജ്യോതിയുമായി വഴക്കുണ്ടായിരുന്നുവെന്ന് സൊളയ്രാജി്‌ന്റെ കുടുംബം പോലീസിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജ്യോതിയുടെ പിതാവ് അലഗാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജ്യോതിയുടെ കുടുംബം ഏര്‍പ്പെടുത്തിയവരാണ് കൊല നടത്തിയതെന്ന് തൂത്തുക്കുടി എസ് പി അരുണ്‍ ബാലഗോപാല്‍ അറിയിച്ചു. കൊല നടത്തിയ പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.