Connect with us

Articles

ഈ വിദ്വേഷക്കാലത്ത് ബഷീര്‍ ഇമ്മിണിബല്യ ഉത്തരമാണ്

Published

|

Last Updated

കഥകളുടെ സുല്‍ത്താന്‍ മാങ്കോസ്റ്റിന്‍ മരത്തിന് താഴെ സന്ദര്‍ശകരോടൊപ്പം

“തലയോലപ്പറമ്പുകാരനായ ഞാന്‍ ഒരാളെ രക്ഷിക്കാന്‍ വേണ്ടിയാണ് വൈക്കം മുഹമ്മദ് ബഷീറായത്. സര്‍ സി പിക്കെതിരെ തിരുവിതാംകൂറില്‍ ജോറായി സമരം നടക്കുന്ന കാലം. ഞാന്‍ സചിവോത്തമനെ വിമര്‍ശിച്ചും പരിഹസിച്ചും ലേഖനങ്ങളും നാടകങ്ങളും എഴുതി. ഇതൊക്കെ എഴുതുന്ന മുഹമ്മദ് ബഷീറിനെ തേടി പോലീസ് നടന്നു. അവര്‍ക്ക് പറവൂരുകാരന്‍ മുഹമ്മദ് ബഷീറിനെയായിരുന്നു സംശയം. ആ സാധുമനുഷ്യനെ രക്ഷിക്കാന്‍ പേര് ഒന്നുകൂടി വ്യക്തമാക്കാന്‍ തീരുമാനിച്ചു. തലയോലപ്പറമ്പ് എന്ന സ്ഥലപ്പേര് പേരിന് നീളം കൂട്ടും. അതുകൊണ്ട് താലൂക്കിന്റെ പേര് ചേര്‍ത്ത് വൈക്കം മുഹമ്മദ് ബഷീര്‍ എന്നെഴുതി. പറവൂര്‍ മുഹമ്മദ് ബഷീര്‍ രക്ഷപ്പെട്ടു.””

വൈക്കം മുഹമ്മദ് ബഷീര്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് ഇരുപത്തഞ്ചാണ്ടുകള്‍ പൂര്‍ത്തിയാകുന്നു. വായിച്ചിട്ടും വായിച്ചിട്ടും പൂര്‍ത്തിയാകാത്ത മഹാ വിസ്മയമായി ബഷീര്‍സാഹിത്യം കാലത്തെ അതിജയിച്ചിരിക്കുന്നു. മലയാള സാഹിത്യത്തിന്റെ പൂമുഖത്ത് ബഷീറിന്റെ ചാരുകസേര ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. ആ കസേര വലിച്ചിട്ടിരിക്കാന്‍ ഇനിയൊരാള്‍ പിറക്കണം! ഒമ്പതാണ്ടുകള്‍ ബഷീര്‍ ലോകം ചുറ്റി; അല്ല, അലഞ്ഞു എന്നു പറയുന്നതാണ് ശരി. പല നാടുകള്‍ കണ്ടു, പല ജീവിതങ്ങളറിഞ്ഞു, പല തൊഴിലുകളെടുത്തു, പല വേഷങ്ങള്‍ കെട്ടി, പല ഭാഷകള്‍ കേട്ടു. അങ്ങനെ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ അദ്ദേഹം തന്റേതു മാത്രമായ ഭാഷയിലേക്ക് പരാവര്‍ത്തനം ചെയ്തു.

ബഷീറിന്റെ സ്വന്തം ഭാഷ

അതേ, അതുതന്നെ; ബഷീറിന് മാത്രമായി ഒരു ഭാഷയുണ്ടായിരുന്നു. മലയാളത്തിന് അന്നോളം പരിചിതമല്ലാത്ത, ഭാഷക്കകത്ത് മറ്റൊരു ഭാഷ ബഷീര്‍ പടച്ചു. മുടി ചീകി, പൗഡറിട്ട്, ആടയാഭരണങ്ങള്‍ അണിഞ്ഞ് ചമഞ്ഞു നില്‍ക്കുന്ന ഭാഷയായിരുന്നില്ല അത്. നിഘണ്ടു മുന്നില്‍ നിവര്‍ത്തിവെച്ച് വായിച്ചെങ്കില്‍ മാത്രം ആശയം തെളിഞ്ഞു കിട്ടുന്ന സാഹസവുമായിരുന്നില്ല ബഷീറിയന്‍ സാഹിത്യം. ഭാഷയിലെ ഭാവനയാണ് സാഹിത്യമെങ്കില്‍ സാഹിത്യത്തിലെ ലാളിത്യമായിരുന്നു ബഷീര്‍. മലയാള സാഹിത്യം ആഢ്യത്വത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നത് ബഷീറിന്റെ കാലത്താണെന്ന് പറയാം. ബഷീറിന് ഭാഷാ നിയമങ്ങള്‍ അറിയായ്കയല്ല. എങ്കിലും ഭാഷയില്‍ നിലനിന്ന അദൃശ്യമായ മതില്‍ പൊളിക്കാന്‍ അദ്ദേഹത്തിന് ആ നിയമങ്ങള്‍ക്ക് പുറത്തു കടക്കേണ്ടിയിരുന്നു. അതില്‍ ബഷീര്‍ വിജയിക്കുകയും ചെയ്തു.

ചരിത്രത്തില്‍ ഇടം പിടിക്കാന്‍ ഒരു സാധ്യതയുമില്ലാത്തവരെ ബഷീര്‍ സാഹിത്യത്തിന്റെ നടുമുറ്റത്തേക്കു കൊണ്ടുവന്നു. കള്ളനും പോക്കറ്റടിക്കാരനും തെരുവു തെണ്ടിയും ഭ്രാന്തനും ജയില്‍പുള്ളിയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി. മറയില്ലാതെ ബഷീര്‍ അവരുടെ ജീവിതം പറഞ്ഞു. സമൂഹം പുറമ്പോക്കിലേക്ക് തള്ളിമാറ്റിയ “എടുക്കാച്ചരക്കുകള്‍” അദ്ദേഹത്തിന് വിലപ്പെട്ടതായിത്തോന്നി. അന്നുവരേക്കും സവര്‍ണതയുടെ നാലുകെട്ടില്‍ ചുറ്റിക്കറങ്ങിയ സാഹിത്യത്തെ അദ്ദേഹം തെരുവിലേക്കും തെണ്ടികളിലേക്കും കൊണ്ടുവന്നു; അതും ഏറ്റവും ഉയര്‍ന്ന സത്യസന്ധതയോടെ. വരേണ്യതയുടെ വഴിയില്‍ നിന്ന് മാറിനടക്കാനുള്ള ഈ “ധിക്കാരം” തന്നെയാണ് മജീദിന്റെ മാര്‍ക്കക്കല്യാണത്തെ കുറിച്ചെഴുതുമ്പോഴും കാണാനാകുന്നത്.

ബഷീറിന്റെ രാഷ്ട്രീയം
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി

ജയില്‍വാസമനുഷ്ഠിച്ചയാളാണ് വൈക്കം മുഹമ്മദ് ബഷീര്‍. വൈക്കത്തെത്തിയ ഗാന്ധിജിയെ കാണാന്‍ പോയതും ഞാന്‍ ഗാന്ധിയെ തൊട്ടെന്ന് ഉമ്മയോട് സന്തോഷം പറയുന്നതും ചരിത്രത്തിലുണ്ട്. ബഷീറിന്റെ രാഷ്ട്രീയം ദ്വിമുഖമാണ്. സ്വാതന്ത്ര്യവും സ്‌നേഹവുമാണത്. സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ഭാഗമാകുന്നതും മര്‍ദനങ്ങളേറ്റുവാങ്ങുന്നതും സ്വാതന്ത്ര്യാഭിവാഞ്ജയാലാണ്.
“സിമന്റിട്ട ഒരു ചെറിയ മുറിയായിരുന്നു അത്. ഇരുമ്പഴി വാതിലിനു മുകളില്‍ ശക്തിയോടെ പ്രകാശിക്കുന്ന ബള്‍ബ്. ലോക്കപ്പുമുറിയുടെ മൂലക്ക് ഒരു കുടം നിറച്ച് മൂത്രം ഉഗ്രമായ ഗന്ധത്തോടെ ഇരുന്നിരുന്നു. അന്ന് ഞങ്ങള്‍ക്ക് ആഹാരം കിട്ടിയില്ല. രാത്രി ഭയങ്കര തണുപ്പായിരുന്നു. ഞങ്ങള്‍ക്കു തീരെ നടക്കാന്‍ വയ്യായിരുന്നു. കൈവിലങ്ങ് ധരിപ്പിച്ച് ഞങ്ങളെ കോഴിക്കോട്ടങ്ങാടി വഴി തോക്കും വാളുമേന്തിയ പോലീസ് അകമ്പടിയോടെ കോടതിയില്‍ കൊണ്ടുപോയി”.

ജയില്‍വാസവും മര്‍ദനവുമൊന്നും ബഷീറിന്റെ സ്വാതന്ത്ര്യദാഹം ശമിപ്പിക്കുന്നില്ല. പിന്നീടാണ് ഭഗത് സിംഗിന്റെ മാതൃകയില്‍ തീവ്ര ചിന്താഗതിക്കാരുടെ കൂട്ടായ്മ രൂപവത്കരിക്കുന്നതും അതിന് മുഖപത്രമുണ്ടാകുന്നതും. സ്വസ്ഥമായി ജീവിക്കാനും നിലനില്‍ക്കാനും അണ്ഡകടാഹത്തിലെ സകല ചരാചരങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. പുഴുവും പുല്‍ച്ചാടിയും പാമ്പും പറവയും ഉള്‍ക്കൊള്ളുന്ന വിശാലമായ പ്രപഞ്ചത്തെയാണ് ബഷീര്‍ സംബോധന ചെയ്യുന്നത്. മാറ്റിനിര്‍ത്തപ്പെടേണ്ടതായി ഒന്നുമില്ലെന്ന തിരിച്ചറിവാണ് ബഷീറിയന്‍ സ്വാതന്ത്ര്യ ബോധത്തിന്റെ കാതല്‍.
കളങ്കമേശാത്ത സ്‌നേഹത്തെ കുറിച്ചാണ് ബഷീര്‍ എപ്പോഴും സംസാരിച്ചത്. ഹിന്ദുവായ കേശവന്‍ നായരും ക്രിസ്ത്യാനിയായ സാറാമ്മയും പ്രണയിക്കുമ്പോള്‍ ആകാശം ഇടിഞ്ഞുവീഴുന്നില്ല. പിറ്റേന്നും സൂര്യന്‍ പതിവ് പോലെ ഉദിക്കുക തന്നെ ചെയ്തു. പ്രേമമെന്ന “ചപ്ലാച്ചി” സാധനം ബഷീറിന്റെ കരവിരുതില്‍ മനോഹരമായ ഒരാവിഷ്‌കാരവും സ്വാഭാവിക പ്രക്രിയയുമായിത്തീരുന്നു. ബഷീര്‍ സ്‌നേഹത്തെ കാണുന്നത് ലോകത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നായാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷം വമിപ്പിക്കുന്ന രാഷ്ട്രീയ കാലത്ത് ബഷീര്‍ വലിയൊരുത്തരമാണ്. തന്റെ പേഴ്സ് കവര്‍ന്ന കള്ളനോടും ബഷീറിന് പറയാനുണ്ടായിരുന്നത് “ദൈവം നിങ്ങളെയും എന്നെയും എല്ലാവരെയും രക്ഷിക്കട്ടെ” എന്നാണ്.

ബഷീറില്‍ സൂഫിയുണ്ടോ?

സഹ ജീവികളോടുള്ള കാരുണ്യം, ജീവിത ലാളിത്യം, പ്രണയാര്‍ദ്രമായ മനസ്സ്, എല്ലാത്തിനോടുമുള്ള നിസ്സംഗത, പ്രകൃതിയോടുള്ള കരുതല്‍, ദൈവവിചാരം, സംഗീതത്തോടുള്ള അഭിനിവേശം, ഉന്മാദത്തിലൂടെ കടന്നുപോകുന്ന ജീവിത സന്ദര്‍ഭങ്ങള്‍… ഇതൊക്കെ കൊണ്ടാണ് ബഷീറില്‍ ചിലര്‍ സൂഫിയെ കാണുന്നത്. ബഷീര്‍ കൃതികളിലെ ദാര്‍ശനികതയെ കുറിച്ച് പലരുമെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില മനോഹരമായ പ്രയോഗങ്ങള്‍ മതഗ്രന്ഥത്തിലേക്ക് മടങ്ങുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണം: വിശുദ്ധ ഖുര്‍ആനിലെ നൂറുന്‍ അലാ നൂര്‍ എന്ന പ്രയോഗത്തെയാണ് അദ്ദേഹം “വെളിച്ചത്തിനെന്തു വെളിച്ചം” എന്ന് മലയാളീകരിക്കുന്നത്.

ഭൂമിയുടെ അവകാശികള്‍ എന്ന കഥയില്‍ 38 തവണയാണ് ബഷീര്‍ ദൈവത്തെ പരാമര്‍ശിക്കുന്നത്. മരങ്ങളെയും കിളികളെയും മനുഷ്യരെയും സ്നേഹിക്കുമ്പോള്‍ നമ്മള്‍ യഥാര്‍ഥത്തില്‍ ദൈവത്തെ തന്നെയാണ് സ്‌നേഹിക്കുന്നത് എന്നൊരു ഉള്‍വെളിച്ചം ബഷീറിനുണ്ടായിരുന്നതായി ഒരു പ്രബന്ധത്തില്‍ വായിച്ചിട്ടുണ്ട്. മരണം തൊട്ടടുത്തുണ്ട് എന്നറിയുമ്പോഴും വൃക്ഷത്തൈക്ക് വെള്ളമൊഴിച്ച്, അവശേഷിച്ച കുറച്ച് വെള്ളം കൊണ്ട് തന്റെ മരണദാഹമടക്കുന്ന യൂസുഫ് സിദ്ദീഖ് എന്ന കഥാപാത്രം (തേന്‍മാവ്) ദൈവത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന മനുഷ്യനായി വായനക്കാരെ അനുഭവിപ്പിക്കുന്ന ബഷീര്‍ ഇസ്‌ലാമിക മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നു എന്നതില്‍ സന്ദേഹമില്ല. മതത്തിന്റെ ആത്മീയ, പാരിസ്ഥിതിക മൂല്യങ്ങള്‍ മുന്നോട്ടു വെക്കുന്ന ധാരാളം രചനകള്‍ ബഷീറിന്റെതായുണ്ട്. അതുകൊണ്ട് മാത്രം ഒരാളില്‍ സൂഫിയെ ആരോപിക്കുന്നത് സംഗതമാണോ എന്ന് സംശയിക്കുന്നു.

ബഷീറിനെന്തിന് സ്മാരകം?

ബഷീറിനൊരു സ്മാരകം എന്ന മുറവിളി കുറേക്കാലമായി അന്തരീക്ഷത്തിലുണ്ട്. ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ അതിന് ഫണ്ടനുവദിച്ചതുമാണ്. കാലമേറെ കാത്തിരുന്നിട്ടും കോഴിക്കോട്ട് അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാത്തതിനാല്‍ പണം സര്‍ക്കാര്‍ തിരിച്ചുവാങ്ങി എന്നൊരു വാര്‍ത്ത ഈയടുത്ത് മാധ്യമങ്ങളില്‍ കണ്ടു. അത്രയുംനല്ലത്. ബഷീറിനെ സ്‌നേഹിക്കുന്നവര്‍ക്ക് പരിഭവം തോന്നേണ്ടതില്ല. കാരണം കേരളത്തിലെ ഓരോ വായനശാലയും ബഷീറിന്റെ സ്മാരകമാണ്, ഓരോ പുസ്തകവില്‍പ്പനശാലയും ബഷീറിന്റെ ഓര്‍മപ്പുരയാണ്.

എവിടെയെങ്കിലുമൊരു മാങ്കോസ്റ്റിന്‍ മരം കാണുമ്പോള്‍ നമ്മളോര്‍ക്കുന്നത് ബഷീറിനെയാണ്. ഒരു മാര്‍ക്കകല്യാണത്തെ കുറിച്ചറിയുമ്പോള്‍ നമുക്ക് ഓര്‍ത്തെടുക്കാന്‍ ഒരേയൊരു ബഷീറേയുള്ളൂ. വൈക്കം മുഹമ്മദ് ബഷീറെന്ന സര്‍വകാല പ്രതിഭയെ ഓര്‍ക്കാന്‍ നമുക്ക് ഒരു കെട്ടിടമോ പ്രതിമയോ വേണ്ട. ബഷീര്‍ മലയാള സാഹിത്യത്തിലെ മഹാ ഗോപുരമാണ് എന്നറിയാന്‍ ഏറെ പ്രയാസപ്പെടേണ്ടി വരില്ല. മരണത്തിന്റെ കാല്‍നൂറ്റാണ്ടിപ്പുറവും ബഷീര്‍ വായിക്കപ്പെടുന്നു, ബഷീറിനെ കുറിച്ച് എഴുതപ്പെടുന്നു, ബഷീര്‍ സാഹിത്യത്തെ കുറിച്ച് ചര്‍ച്ചയും സംവാദവുമുണ്ടാകുന്നു, ആ കഥകള്‍ സിനിമയായും നാടകമായും ആവിഷ്‌കരിക്കപ്പെടുന്നു. പരിപാലിക്കാനാളില്ലാതെ മണ്ണടിഞ്ഞുപോകുന്ന അനേകം സ്മാരകങ്ങളിലൊന്നായി, കാക്കകള്‍ക്ക് നഗരമധ്യത്തില്‍ കാര്യം സാധിക്കാനുള്ള അനേകം പ്രതിമകളിലൊന്നായി ബഷീറിനെ മാറ്റാതിരിക്കുകയാണ് മഹാനായ ആ എഴുത്തുകാരനോട് നമുക്ക് ചെയ്യാവുന്ന കാരുണ്യം.

സ്മാരകമെന്ന എടുപ്പുകളില്‍ ഉറങ്ങുന്ന ബഷീറിനെയല്ല, മലയാളത്തിന്റെ ഓരോ അടരുകളിലും വെളിച്ചമായി നിറയുന്ന ബഷീറിനെയാണ് വരും തലമുറക്കായി നമ്മള്‍ കരുതിവെക്കേണ്ടത്. ഭാഷയിലൊഴുകിയ ബഷീറിന്റെ ഓര്‍മകളെ നാല് ചുമരുകള്‍ക്കുള്ളില്‍ കുടിയിരുത്തുന്നതാണ് അദ്ദേഹത്തിനു വേണ്ടി ചെയ്യാവുന്ന ഏറ്റവും മികച്ച അന്ത്യാഞ്ജലിയെന്നു കരുതുന്നതിനോട് തെല്ലും യോജിക്കാനാകുന്നില്ല.

Latest