നവകേരള കര്‍മ പദ്ധതിയിൽ മലപ്പുറം ജില്ല ഏറെ മുന്നില്‍

Posted on: July 4, 2019 8:34 pm | Last updated: July 4, 2019 at 8:47 pm

നവകേരള സൃഷ്ടിക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജില്ല മുന്നേറുന്നു. ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിതകേരളം, ആര്‍ദ്രം തുടങ്ങിയ മിഷനിലൂടെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പിലാക്കുന്നത്‌. നവകേരള സൃഷ്ടിക്കായുള്ള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലേകന യോഗത്തില്‍ ജില്ലാ കളക്ടർ അധ്യക്ഷതവഹിച്ചു. ലൈഫ് മിഷന്‍ സംസ്ഥാനത്തിന് മാത്യകയാവുന്ന രീതിയില്‍ പുരോഗമിക്കുന്നു. പുതിയ അധ്യാനയ വര്‍ഷത്തില്‍ കൂടുതല്‍ കുട്ടികള്‍ പൊതു വിദ്യാലയങ്ങളിലെത്തി. സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങളില്‍ വലിയ മാറ്റമുണ്ടായി. ഹരിത കേരള മിഷന്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചു. ആരോഗ്യ രംഗത്തും ജില്ലയില്‍ കുതിച്ചു ചാട്ടം ഉണ്ടായി.

ലൈഫ് മിഷന്‍ 2710 വീടുകള്‍ പൂര്‍ത്തികരിച്ചു

ലൈഫ് മിഷന്‍ ഒന്നാം ഘട്ടമായി വിവിധ മുന്‍കാല പദ്ധതികളില്‍ പൂര്‍ത്തിയാകാതെ കടന്നിരുന്ന 2810 വീടുകള്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഏറ്റെടുത്ത് 2710 വീടുകള്‍ പൂര്‍ത്തീകരിച്ചു. ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ 40 കോടി രൂപയാണ് ചെലവഴിച്ചത്. രണ്ടാം ഘട്ട പ്രവര്‍ത്തനമായ പുതിയ വീടുകളുടെ നിര്‍മ്മാണത്തിന് അര്‍ഹരായ 6236 പേരില്‍ 5619 പേര്‍ കരാര്‍ വെയ്ക്കുകയും 2314 പേര്‍ വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ജില്ലയില്‍ കെ.യു.ആര്‍.ഡി.എഫ്.സി. ലോണ്‍ നാല് ഘട്ടങ്ങളിലായി 57.38 കോടി രൂപയും സംസ്ഥാന വിഹിതമായി 28.71 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകള്‍ പദ്ധതി വിഹിതമായി 51.84 കോടി രൂപ വകയിരുത്തിയതില്‍ 24.85 കോടി രൂപ ഇതിനായി വിനിയോഗിച്ചു. പദ്ധതി നിര്‍വ്വഹണം പുരോഗമിച്ചു വരുന്നു. പദ്ധതി പ്രകാരം ധനസഹായം ലഭിച്ചിട്ടും മനപൂര്‍വ്വം വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ച് തുക തിരികെ ഈടാക്കുന്നതിന് യോഗത്തിൽ നിർദ്ദേശം നൽകി.

പാര്‍പ്പിട സമുച്ഛയത്തിനായി ആദ്യ ഘട്ടത്തില്‍ പെരിന്തല്‍മണ്ണ നഗരസഭ കണ്ടെത്തി നല്‍കിയ ഏഴു ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. 44 കോടി രൂപയുടെ പ്രൊജക്ടാണിത്. നഗരസഭയുടെ പി.എം.സി, ടെക്‌നിക്കല്‍ കമ്മറ്റി എന്നിവയുടെ മേല്‍നോട്ടത്തില്‍ 12 ഫ്‌ലാറ്റുകളുള്ള 10 യൂണിറ്റുകളുടെ നിര്‍മ്മാണം ആരംഭിച്ചു. തിരൂര്‍, പൊന്നാനി, നിലമ്പൂര്‍, നഗരസഭകളിലെയും, ആലങ്കോട് ഗ്രാമ പഞ്ചായത്തിലേയും ലഭ്യമാക്കിയ സ്ഥലം പരിശോധന നടത്തി ഡിപിആര്‍ തയ്യാറാക്കുന്നതിനായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജില്ലയില്‍ 6.6ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍

60501 കുട്ടികള്‍ ഒന്നാം ക്ലാസ്സിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അക്കാദമിക്, ഭൗതിക മികവ് മൂലം ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുകയും സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറയുകയും ചെയ്തു. ഒന്നു മുതല്‍ 10 വരെയുള്ള 739650 കുട്ടികള്‍ 652819 കുട്ടികള്‍ പൊതുവിദ്യാലയത്തിലെത്തി.

86831 കുട്ടികള്‍ മാത്രമാണ് അണ്‍ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്നത്. ഈ വര്‍ഷം ഒന്നാം ക്ലാസില്‍ 71671 കുട്ടികളില്‍ 60501 കുട്ടികളും പൊതുവിദ്യാലയത്തിലാണ് പ്രവേശനം നേടിയത്. 100ല്‍ താഴെ കുട്ടികള്‍ പഠിച്ചിരുന്ന 28 വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം നൂറില്‍ കൂടുതലാക്കി മാറ്റാന്‍ സാധിച്ചിട്ടുണ്ട്. എട്ടു മുതല്‍ 12 വരെയുള്ള 6100 ക്ലാസ് മുറികള്‍ സ്മാര്‍ട്ട് മുറികളായി. എല്‍.പി,യു.പി സ്‌കൂളുകള്‍ക്ക് അടുത്ത ആഴ്ചയോട് കൂടി ഐ.ടി ലാബുകള്‍ നല്‍കും. ഭൗതിക മേഖലയില്‍ 16 സ്‌കൂളുകള്‍ക്ക് അഞ്ചു കോടിയും 86 സ്‌കൂളുകള്‍ക്ക് മൂന്നു കോടിയും 66 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്. സ്‌കൂളുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. മൂന്നു സ്‌കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ത്തിയായി ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. ബാക്കിയുള്ള 13 സ്‌കൂളുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു.

528 കുളങ്ങള്‍,1276 കിണറുകള്‍, 57 തടയണകള്‍

ഹരിതകേരളമിഷന്റെ ജലസമൃദ്ധിയുടെ ഭാഗമായി ജില്ലയില്‍ 528 കുളങ്ങളും 1276 കിണറുകളും 463 കി.മീറ്ററില്‍ തോടുകളും 57 തടയണകളും നിര്‍മിച്ചു. 243 കുളങ്ങളും 131 കിണറുകളും 25 തടയണകളും നവീകരിച്ചു. 691 കിണറുകള്‍ റീ ചാര്‍ജ് ചെയ്തു. 213424 മഴകുഴികള്‍ നിര്‍മിച്ചു.

ശുദ്ധജലത്തിനായി പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൈലാടി ക്വാറി ഉപയോഗപ്പെടുത്തി. മാലിന്യ സംസ്‌കരണത്തിനായി 94 ഗ്രാമപഞ്ചായത്തുകളിലും 12 മുന്‍സിപ്പാലിറ്റികളിലും ഹരിത കര്‍മ്മസേന രൂപീകരിച്ചു. മാലിന്യ ശേഖരിക്കാനായി 36 ഗ്രാമപഞ്ചായത്തിലും അഞ്ച് മുന്‍സിപ്പാലിറ്റിയിലും കളക്ഷന്‍ ഫോഴ്‌സ് രൂപീകരിച്ചു പ്രവര്‍ത്തനംമാരംഭിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശിയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി ചെറുവനങ്ങള്‍ സൃഷ്ടിക്കാന്‍ ആവിഷ്‌കരിക്കാന്‍ ആരംഭിച്ച പച്ചതുരുത്ത് നിര്‍മിക്കാന്‍ 36 സ്ഥലങ്ങള്‍ കണ്ടെത്തി. 108 കൃഷിഭവനുകളില്‍ ഹരിത സമൃദ്ധി വാര്‍ഡുകള്‍ കണ്ടെത്തും.

17 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തുടങ്ങി

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ 17 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായി പ്രവര്‍ത്തനം തുടങ്ങി. രണ്ടാം ഘട്ടത്തില്‍ 42 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

17 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും വൈകുന്നേരങ്ങളില്‍ ഒ.പി പ്രവര്‍ത്തനം തുടങ്ങി. ശ്വാസകോശ അസുഖങ്ങളുമായി ബന്ധപ്പെട്ട് ശ്വാസ് ക്ലിനിക് മാനസിക രോഗങ്ങളുമായി ബന്ധപ്പെട്ട് ആശ്വാസ് ക്ലിനിക്കിന്റെയും പ്രവര്‍ത്തനം തുടങ്ങി. ഇ-ഹെല്‍ത്ത് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.