Connect with us

Ongoing News

അഫ്ഗാന്‍ വീണ്ടും പൊരുതി വീണു; വിന്‍ഡീസ് ജയം 23 റണ്‍സിന്

Published

|

Last Updated

ലീഡ്‌സ്: വിന്‍ഡീസിനോടും പൊരുതി തോറ്റ്‌ ലോകകപ്പില്‍ ഒരു മത്സരം പോലും ജയിക്കാനാവാതെ അഫ്ഗാനിസ്ഥാന് മടക്കം. അവസാന കളിയില്‍ 23 റണ്‍സിനാണ് അഫ്ഗാന്‍ തോറ്റത്. നിശ്ചിത 50 ഓവറില്‍ വെസ്റ്റിന്‍ഡീസ് നേടിയ 311 റണ്‍സിന് മറുപടി നല്‍കാനിറങ്ങിയ അഫ്ഗാന് 288 റണ്‍സ് മാത്രമാണ് നേടാനായത്. അവസാന പന്ത് വരെയും പൊരുതിയ അവര്‍ക്ക് ലോകകപ്പിലെ ആശ്വാസ ജയമെന്ന സ്വപ്‌നമാണ് വിന്‍ഡീസിന് മുന്നില്‍ പൊലിഞ്ഞത്.

5 റണ്‍സ് എടുക്കുന്നതിനിടെ രണ്ടാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശ് രണ്ടാം വിക്കറ്റില്‍ 133 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. റഹ്മത് ശാഹ് 78 പന്തില്‍ 62 ഉം ഇക്‌റാം അലി ഗില്‍ 93 പന്തില്‍ 86 റണ്‍സും നേടി അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. ഇരുവരെയും കൂടാതെ നജീബുള്ള സദ്‌റാന്‍(31), അസ്ഗര്‍ അഫ്ഗാന്‍(40), സൈയ് ശിര്‍സാദ് (25) എന്നിവര്‍ മാത്രമാണ് രണ്ടക്കം നേടിയത്.

ഒരു ജയം പോലും നേടാതെയാണെങ്കിലും ലോകക്രിക്കറ്റിലെ വമ്പന്മാരായ ഇന്ത്യയെയും പാകിസ്ഥാനെയുമടക്കം വിറപ്പിച്ച് കരുത്തറിയിച്ചാണ് അഫ്ഗാന്‍ നാട്ടിലേക്ക് മടങ്ങുന്നത് എന്നതാണ് അവര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നത്.

ലൂയിസ്, ഹോപ്പ്, പുരന്‍; കരുത്ത് കാട്ടി കരീബിയന്‍ ബാറ്റിംഗ്

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 311 റണ്‍സെടുത്തത്. വിന്‍ഡീസ് നിരയില്‍ എവിന്‍ ലൂയിസ് (58), ഷായ് ഹോപ്പ് (77), നിക്കോളാസ് പുരന്‍ (58) എന്നീ മൂന്നു താരങ്ങള്‍ അര്‍ധ സെഞ്ച്വറി നേടി. ക്രിസ്‌ഗെയിലിന് അവസാന മത്സരത്തിലും തിളങ്ങാനായില്ല. 18 പന്തില്‍ 7 റണ്‍സ് മാത്രമെടുത്ത ഗെയിലിനെയാണ് അഫ്ഗാനിസ്ഥാന്‍ ആദ്യം മടക്കിയയച്ചത്.

തുടക്കത്തില്‍ തന്നെ പതറിയ വിന്‍ഡീസിനെ നൂറ് കടത്തിയത് ലൂയിസും ഹോപ്പും ചേര്‍ന്നാണ്. രണ്ടാം വിക്കറ്റില്‍ ഇരുവരും 88 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അഞ്ചാം വിക്കറ്റില്‍ 105 റണ്‍സ് കൂട്ടിച്ചേര്‍ത്ത നിക്കോളാസ് പുരന്‍ – ജേസണ്‍ ഹോള്‍ഡര്‍ കൂട്ടുകെട്ടാണ് ് വിന്‍ഡീസിനെ 300 കടത്തിയത്. 43 പന്തുകള്‍ നേരിട്ട പുരാന്‍ 58 റണ്‍സെടുത്താണ് പുറത്തായത്. ദൗലത് സദ്രാന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നബി, റാശിദ് ഖാന്‍, ഷിര്‍സാദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

സ്‌കോര്‍ ബോര്‍ഡ്‌

പോയന്റ് പട്ടികയില്‍ ഏറ്റവുമവസാന സ്ഥാനക്കാരായ ഇരു ടീമുകളും ലോകകപ്പില്‍ നിന്ന് നേരത്തെ തന്നെ പുറത്തായതാണ്.

 

 

---- facebook comment plugin here -----

Latest