ഹജ്ജ് ക്യാമ്പ്‌ മുഖ്യമന്ത്രി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും

കരിപ്പൂരിൽ ഹജ്ജ് സെൽ നാളെ തുടങ്ങും ••• ഹജ്ജ് സെൽ അംഗങ്ങൾ നാളെ ചുമതലയേൽക്കും
Posted on: July 4, 2019 8:26 am | Last updated: July 4, 2019 at 1:26 pm


മലപ്പുറം: 2019 ലെ സംസ്ഥാന ഹജ്ജ് ക്യാമ്പ് ഈ മാസം ആറിന് വൈകീട്ട് 4.30 ന് കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഹജ്ജ് ഹൗസിനോടനുബന്ധിച്ച് നിർമിക്കുന്ന വനിതാ ബ്ലോക്കിന്റെ തറക്കല്ലിടൽ കർമവും മുഖ്യമന്ത്രി നിർവഹിക്കും. ഹജ്ജ് കാര്യ മന്ത്രി ഡോ. കെ ടി ജലീൽ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ബോധന പ്രസംഗം നടത്തും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രാർഥന നിർവഹിക്കും.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബശീർ, എളമരം കരീം, എം കെ രാഘവൻ, പി വി അബ്ദുൽ വഹാബ്, എം എൽ എമാരായ ടി വി ഇബ്‌റാഹീം, പി അബ്ദുൽ ഹമീദ്, കാരാട്ട് റസാഖ്, മുഹമ്മദ് മുഹ്‌സിൻ, പി ടി എ റഹീം, മുൻ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, മുൻ എം എൽ എ കെ മുഹമ്മദുണ്ണി ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ, കരിപ്പൂർ വിമാനത്താവള ഡയറക്ടർ കെ ശ്രീനിവാസ റാവു, കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ സി ഷീബ, വിവിധ മത, രാഷ്ട്രീയ, സാമൂഹിക, സേവന മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.

ക്യാമ്പിലെ ഹജ്ജ് സെല്ലിന് നാളെ തുടക്കമാകും. സർക്കാർ നിയോഗിച്ച 55 ഹജ്ജ് സെൽ അംഗങ്ങൾ നാളെ ചുമതലയേൽക്കും. ഡി വൈ എസ് പി. എസ് നജീബാണ് ഹജ്ജ് സെൽ ഓഫീസർ. ഹാജിമാരെ സ്വീകരിക്കുന്നതിനും താമസിപ്പിക്കുന്നതിനുമുൾപ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളും ഇന്നത്തോടെ പൂർണമായും പ്രവർത്തനസജ്ജമാകും. ഹജ്ജ് സെല്ലിന്റെ ട്രയൽ റൺ നാളെ നടക്കും. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ മേൽനോട്ടത്തിൽ അവസാനഘട്ട പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്.

കരിപ്പൂരിൽ നിന്നുള്ള ആദ്യ വിമാനം ജൂലൈ ഏഴിന് ഉച്ചക്ക് 2.25ന് പുറപ്പെടും. 300 പേരാണ് ആദ്യ വിമാനത്തിൽ യാത്രയാകുക. ഹജ്ജ് വളണ്ടിയർമാരായ എൻ പി സൈതലവി, മുജീബ്‌റഹ്മാൻ പുഞ്ചിരി എന്നിവർ ആദ്യ വിമനത്തിൽ ഹാജിമാരെ അനുഗമിക്കും. ഏഴ് മുതൽ 20 വരെ സഊദി എയർ ലൈൻസിന്റെ 36 വിമാനങ്ങളിലായാണ് ഹാജിമാർ യാത്രയാകുന്നത്. കൊച്ചിയിൽ നിന്ന് ഈ മാസം 14 മുതൽ 17 വരെ എയർ ഇന്ത്യയാണ് സർവീസ് നടത്തുന്നത്.

ഹാജിമാർ അവരുടെ വിമാനം പുറപ്പെടുന്ന തീയതിയുടെ തലേ ദിവസമാണ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യേണ്ടത്. ആറിന് ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നതിനാൽ ഏഴിന് ആദ്യ വിമാനത്തിൽ പോകേണ്ട ഹാജിമാർ രാവിലെ ഒമ്പതിനും 11 നും ഇടയിൽ ഹജ്ജ് ഹൗസിൽ റിപ്പോർട്ട് ചെയ്യണം. ഏഴിന് രണ്ടാമത്തെ വിമാനത്തിൽ പോകേണ്ടവർ ആറിന് രാവിലെ 11 നും ഉച്ചക്ക് ഒരു മണിക്കുമിടയിലായി ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണം.