കുട്ടികളുടെ അഭിരുചികള്‍ പരിഗണിക്കണം

Posted on: July 3, 2019 6:04 am | Last updated: July 3, 2019 at 8:06 pm


അടുത്തിടെ ഒരു ചാനല്‍ പരിപാടിക്കിടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഋഷിരാജ് സിംഗ് പറഞ്ഞു: “ഉപരി പഠന രംഗത്ത് ഇന്നത്തെ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മാതാപിതാക്കള്‍ ഏല്‍പ്പിക്കുന്ന അമിത സമ്മര്‍ദം. പഠനത്തില്‍ മിടുക്കനാകാനും എല്ലാവരേക്കാളും ഒന്നാമനാകാനും നിരന്തരം കുട്ടികളെ സമ്മര്‍ദത്തിലാഴ്ത്തുകയാണ് രക്ഷിതാക്കള്‍’. ഋഷിരാജ് സിംഗിന്റെ ഈ നിരീക്ഷണവുമായി കൂട്ടിവായിക്കേണ്ടതുണ്ട് കൊല്ലം നടുവത്തൂചേരിയില്‍ ഖാഇസ് റശീദ് എന്ന വിദ്യാര്‍ഥിയുടെ ആത്മഹത്യ. സമര്‍ഥനായ വിദ്യാര്‍ഥിയായിരുന്നു ഖാഇസ്. മാതാപിതാക്കളും സഹോദരിയും അടങ്ങുന്ന കുടുംബം ബഹ്‌റൈനില്‍ ആയതിനാല്‍ പത്താം ക്ലാസ് വരെ പഠിച്ചത് അവിടെയാണ്.

രക്ഷിതാക്കളുടെ താത്പര്യ പ്രകാരം പിന്നീട് മെഡിസിന് പഠിക്കാന്‍ നാട്ടിലെത്തിയ വിദ്യാര്‍ഥി ചങ്ങനാശ്ശേരിയിലെ ഒരു സ്‌കൂളില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം പാലായിലെ എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ പഠിച്ച് നീറ്റ് എഴുതിയെങ്കിലും ഉദ്ദേശിച്ച മാര്‍ക്ക് കിട്ടിയില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ ഖാഇസിനെ കോട്ടയത്തെ പരിശീലന കേന്ദ്രത്തില്‍ റിപീറ്റേഴ്‌സിന് ചേര്‍ത്തു. വിദ്യാര്‍ഥിക്ക് അതില്‍ താത്പര്യമുണ്ടായിരുന്നില്ല. ഇതേചൊല്ലി ഖാഇസ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം.

പഠന കാര്യത്തില്‍ മാതാപിതാക്കളേല്‍പ്പിക്കുന്ന സമ്മര്‍ദത്തെ തുടര്‍ന്നുള്ള വിദ്യാര്‍ഥികളുടെ ആത്മഹത്യ വര്‍ധിച്ചു വരികയാണ്. ആന്ധ്ര പ്രദേശിലും തെലങ്കാനയിലും മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാന്‍ സ്വകാര്യ കോച്ചിംഗ് സ്ഥാപനങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്ന പ്രവണത ഏറി വരുന്നതായി ഇതിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വീട്ടില്‍ നിന്നും കോച്ചിംഗ് കേന്ദ്രങ്ങളില്‍ നിന്നും പഠനത്തിന്റെ കാര്യത്തില്‍ അനുഭവിക്കേണ്ടി വരുന്ന കടുത്ത മാനസിക സമ്മര്‍ദങ്ങളാണ് ഇവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതത്രെ. രക്ഷിതാക്കളുടെ പൊങ്ങച്ചത്തിനു സ്വന്തം അഭിരുചികളും താത്പര്യങ്ങളും ബലി കഴിക്കേണ്ടി വരുന്ന വിദ്യാര്‍ഥികള്‍ ഇന്ന് നിരവധിയാണ്. മക്കള്‍ മികച്ച പ്രൊഫഷനല്‍ കോഴ്‌സുകളെടുത്ത് പഠിക്കണമെന്നാണ് മിക്ക രക്ഷിതാക്കളുടെയും താത്പര്യം. അതിനായി എന്ത് കഷ്ടപ്പാട് സഹിക്കാനും അവര്‍ സന്നദ്ധമാണ്. അന്യരുടെ വീടുകളില്‍ പാത്രം കഴുകിയും വീട്ടുജോലി ചെയ്തും ഹോട്ടലുകളില്‍ വെള്ളം കോരിക്കൊടുത്തും റോഡരികില്‍ പച്ചക്കറി വിറ്റും മക്കളെ ഡോക്ടറാക്കിയ ഒരമ്മയുടെ കഥ ഈയിടെ മാധ്യമങ്ങളില്‍ വന്നതാണ്. പലപ്പോഴും മക്കള്‍ക്ക് താത്പര്യമുണ്ടായിരിക്കണമെന്നില്ല ഈ കോഴ്‌സിനോട്.

രക്ഷിതാക്കളുടെ സമ്മര്‍ദങ്ങള്‍ക്ക് മുമ്പില്‍ അതിനു ചേരാന്‍ നിര്‍ബന്ധിതരാകുകയാണ്. ഇതിന്റെ അനന്തരഫലം രക്ഷിതാക്കളും സമൂഹവും ഇന്നനുഭവിക്കുന്നുണ്ട്. പഠനകാലത്ത് മാനസിക പ്രയാസം സഹിക്ക വയ്യാതെ സ്വയം ജീവനൊടുക്കുന്നു. ചിലര്‍ ഇടക്കു വെച്ച് പഠനം നിര്‍ത്തുന്നു. മദ്യത്തിലും മയക്കു മരുന്നിലും ആശ്വാസം കണ്ടെത്തുന്നവരുമുണ്ട്. പഠനം ഒരു വിധത്തില്‍ പൂര്‍ത്തിയാക്കി ബിരുദമെടുത്തവര്‍ തൊഴില്‍ മേഖലകളില്‍ കടന്നു ചെല്ലുന്നിടത്തൊക്കെ പരാജയം ഏറ്റുവാങ്ങുന്നു. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രൊഫഷനല്‍ കോഴ്‌സിനു ചേരാന്‍ കുട്ടികള്‍ ഭ്രാന്ത് പിടിച്ചോടുന്ന പ്രവണത കേരളത്തെ പോലെ മറ്റൊരിടത്തുമില്ലെന്നും പ്രൊഫഷനല്‍ കോഴ്‌സ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് ഇത്രയും വര്‍ധിക്കാനുള്ള കാരണമിതാണെന്നും കോടതി ചൂണ്ടിക്കാണിച്ചത് അടുത്തിടെയാണ്.

പ്രതിവര്‍ഷം അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഗണ്യമായ പങ്കും മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി തങ്ങള്‍ക്കിഷ്ടമില്ലാത്ത കോഴ്‌സുകള്‍ പഠിക്കാന്‍ നിര്‍ബന്ധിതരായതിന്റെ പേരിലുള്ള മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ്. മക്കളില്‍ പ്രതീക്ഷ വെക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മാതാപിതാക്കളുടെ പ്രതീക്ഷകള്‍ മക്കള്‍ക്ക് കൂടി താത്പര്യമുള്ളതാകണം. അതവര്‍ക്കൊരു ഭാരമാകരുത്.

രക്ഷിതാക്കളുടെ ഈഗോക്ക് വേണ്ടി മക്കളെ ബലിയാടാക്കരുത്. പത്താം ക്ലാസില്‍ ഗണിതത്തില്‍ കഷ്ടിച്ചു പാസായ വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി എന്‍ജിനീയറിംഗില്‍ ചേര്‍ന്നതിന്റെ അനന്തര ഫലമാണ് സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളുടെ നിലവാരത്തകര്‍ച്ചയെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നത്. പ്രതിവര്‍ഷം എന്‍ജിനീയറിംഗ് പഠനത്തിനെത്തുന്ന 62,000-65000 വിദ്യാര്‍ഥികളില്‍ 10,000ത്തോളം പേര്‍ മാത്രമാണ് ആദ്യ അവസരത്തില്‍ വിജയം കൈവരിക്കുന്നത്. ഇതില്‍ തന്നെ ഐ ടി മേഖലയുള്‍പ്പെടെ വന്‍ മത്സരം നിലനില്‍ക്കുന്ന എന്‍ജിനീയറിംഗ് വിഭാഗത്തില്‍ 2,000 ത്തോളം പേര്‍ക്ക് മാത്രമാണ് സുരക്ഷിതമായ തൊഴില്‍ ലഭിക്കുന്നത്.

പല കുട്ടികളുടെയും കാര്യത്തില്‍ അവര്‍ ആരായിത്തീരണമെന്ന് തീരുമാനിക്കുന്നത് രക്ഷിതാക്കളാണ.് ജനിക്കുമ്പോള്‍ തന്നെ കുട്ടി ഭാവിയില്‍ ആരായിത്തീരണമെന്ന് അവര്‍ തീരുമാനിച്ചിരിക്കും. ഗള്‍ഫില്‍ കഠിനമായി ജോലി ചെയ്യുന്ന പലരുടെയും മനസ്സിലുള്ള വലിയ സ്വപ്‌നം മക്കളുടെ ഉയര്‍ന്ന ജോലിയാണ്. ചെറുപ്പത്തില്‍ താനാരായിത്തീരണമെന്നാഗ്രഹിച്ചോ, അത് നടക്കാതെ പോയതിലുള്ള പ്രതികാരം കൂടിയാണ് ചില രക്ഷിതാക്കള്‍ക്ക് മക്കളുടെ വിദ്യാഭ്യാസത്തില്‍ ലക്ഷ്യം.

മെഡിസിനോ എന്‍ജിനീയറിംഗിനോ പഠിക്കുന്ന കുട്ടികളുടെ അടുത്ത ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ കുടുബത്തോടുള്ള മത്സര ബുദ്ധിയാണ് വേറെ ചിലരെ നയിക്കുന്നത്. തങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരത്തിനുള്ള ഉപകരണമാണ് ഇത്തരം രക്ഷിതാക്കള്‍ക്ക് കുട്ടികള്‍. ഇവിടെ കുട്ടികളുടെ അഭിപ്രായമോ അഭിരുചിയോ അറിയാന്‍ അവര്‍ തയ്യാറാകാറില്ല. ഒരു വ്യക്തിയുടെ അഭിരുചിക്കിണങ്ങാത്ത പഠനവും പരിശീലനവും അയാളുടെ ജീവിതത്തില്‍ സാരമായ പ്രയോജനമോ മേന്മയോ വരുത്തുകയില്ലെന്നാണ് മനഃശ്ശാസ്ത്ര വിദഗ്ധരുടെ മുന്നറിയിപ്പ്. അത് അയാളുടെ നൈസര്‍ഗികമായ വളര്‍ച്ചയെ മുരടിപ്പിക്കുകയും താത്പര്യമുള്ള ഒരു ജോലി കണ്ടെത്തുന്നതിന് വിഘാതം സൃഷ്ടിക്കുകയോ ചെയ്യുന്നു.