ബിനോയ് കോടിയേരിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

Posted on: July 3, 2019 3:11 pm | Last updated: July 3, 2019 at 11:18 pm

മുംബൈ: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. ബിനോയിയുടെ ഹരജി പരിഗണിച്ച മുംബൈ ദിന്‍ദോഷി കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്. ബിനോയിയുടെ ഹരജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു.ഒരു മാസത്തേക്ക് തിങ്കളാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, 25000 രൂപ കെട്ടിവെക്കണം എന്നീ ഉപാധികളോടെയാണ് ഒരാളുടെ ആള്‍ ജാമ്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ പോലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനക്ക് തയ്യാറാകണമെന്നും കോടതി ഉപാധി വെച്ചിട്ടുണ്ട്.

യുവതിയുമായി വിവാഹം നടന്നുവെന്നതിന് പ്രോസിക്യൂഷന്‍ ഹാജരാക്കിയ മുംബൈയിലെ നോട്ടറി അഭിഭാഷകന്‍ സാക്ഷ്യപ്പെടുത്തിയ രേഖ വ്യാജമാണെന്നും യുവതിയുടെ അഭിഭാഷകന്‍ നല്‍കിയ രേഖകളിലുള്ള ഒപ്പ് ബിനോയിയുടേതല്ലെന്നും ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നുഅ. അറസ്റ്റിന് മുന്‍പ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഡിഎന്‍എ പരിശോധനയെന്ന ആവശ്യത്തിലേക്ക് കോടതി കടക്കേണ്ടതില്ലെന്നറിയിച്ച പ്രതിഭാഗം ഡിഎന്‍എ പരിശോധനയെ എതിര്‍ത്തു. കോടിയേരി ബാലകൃഷ്ണന് കേസുമായി ബന്ധമില്ലെന്നും പ്രതിഭാഗം കോടതിയില്‍ വ്യക്തമാക്കി.

യുവതിയുമായി വിവാഹം നടന്നുവെന്ന് പറയുന്ന തീയതിയെപ്പറ്റി സംശയമുണ്ടെന്ന് രേഖകളിലുള്ള വൈരുധ്യം ചൂണ്ടിക്കാട്ടി പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എഫ്‌ഐആറില്‍ പറയുന്ന ആരോപണങ്ങളും യുവതി നല്‍കിയ തെളിവുകളും പൊരുത്തപ്പെടുന്നില്ല. കെട്ടിച്ചമച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന ഭയമുള്ളതിനാലാണ് ബിനോയ് കോടതിയെ സമീപിച്ചതെന്നും ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
അതേ സമയം യുവതിക്കും കുഞ്ഞിനും ദുബായ് സന്ദര്‍ശിക്കാന്‍ ബിനോയ് സ്വന്തം ഇമെയിലില്‍ നിന്ന് അയച്ച വിസയും വിമാനടിക്കറ്റും യുവതിയുടെ അഭിഭാഷകന്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് പുറമെ കോടതി അനുവദിച്ച പ്രത്യേക അഭിഭാഷകനും യുവതിക്ക് നിയമസഹായം നല്‍കാന്‍ ഒപ്പമുണ്ടായിരുന്നു. വാദങ്ങള്‍ കോടതിക്ക് യുവതിയുടെ അഭിഭാഷകന്‍ എഴുതി നല്‍കി.

ബിനോയിക്കെതിരെ ദുബായിയില്‍ ക്രിമിനല്‍ കേസുള്ളത് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മറച്ചുവച്ചു, കേരളത്തിലെ മുന്‍ ആഭ്യന്തരമന്ത്രിയാണ് ബിനോയിയുടെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെന്നത് സൂചിപ്പിച്ചില്ലെന്ന് തുടങ്ങി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകും എന്ന് ബിനോയ് ഭീഷണിപ്പെടുത്തിയതടക്കം അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.