Connect with us

Ongoing News

ഹിറ്റ്മാന് നാലാം സെഞ്ച്വറി; റെക്കോര്‍ഡ് താണ്ടി രോഹിത് പുറത്ത്‌

Published

|

Last Updated

ലണ്ടന്‍:ലോകകപ്പില്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മ നേടിയ നാലാം സെഞ്ച്വറിയുടെ കരുത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. തലങ്ങും വിലങ്ങും അടികൊണ്ട ബംഗ്ലദേശ് ബൗളര്‍മാര്‍ ഇന്ത്യന്‍ ഓപണര്‍മാര്‍ക്ക് മുന്നില്‍ പൂച്ചകളായി. 92 പന്തില്‍ 104 റണ്‍സ് നേടി സൗമ്യയുടെ പന്തില്‍ ലിന്റണ് പിടികൊടുത്താണ് രോഹിത് മടങ്ങിയത്.

ഇന്നത്തെ മത്സരത്തില്‍ നാല് റണ്‍സ് പിന്നിട്ടതോടെ രോഹിത് ശര്‍മ ഈ വര്‍ഷം ഏകദിനത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കി. ഈ ലോകകപ്പിലെ നാലാം സെഞ്ച്വറിയും നേടിയതോടെ മറ്റൊരു റെക്കോര്‍ഡും രോഹിത്ത് ശര്‍മ സ്വന്തമാക്കി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡാണത്. രോഹിത്തിനെ കൂടാതെ ശ്രീലങ്കന്‍ മുന്‍ താരം കുമാര്‍ സംഗക്കാര മാത്രമാണ് ഈ റെക്കോര്‍ഡിനര്‍ഹനായ താരം.

544 റണ്‍സ് നേടി ഈ ലോകകപ്പില്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ രോഹിത് ഒന്നാമതെത്തി. വാര്‍ണര്‍ (516), ആരോണ്‍ ഫിഞ്ച് (504) എന്നിവരാണ് പിന്നില്‍.

ബംഗ്ലാദേശ് നായകന്‍ മൊര്‍ത്താസയെ ആദ്യ ഓവറില്‍ തന്നെ സിക്‌സറിന് പറത്തിയാണ് രോഹിത് ശര്‍മ കളി തുടങ്ങിയത്. മുഹമ്മദ് സൈഫുദ്ദീനെയും മുസ്താഫിസൂര്‍ റഹ്മാനെയും ഓപ്പണര്‍മാര്‍ കരുതലോടെയാണ് നേരിട്ടത്. മുസ്താഫിസുറിന്റെ പന്തില്‍ രോഹിത് നല്‍കിയ അവസരം തമീം ഇക്ബാല്‍ കൈവിട്ടത് ഇന്ത്യക്ക് ആശ്വാസമായി. സ്‌കോര്‍ 98 ല്‍ നില്‍ക്കുമ്പോഴും രോഹിത് ക്ലീന്‍ ബൗള്‍ഡില്‍ നിന്ന് തലനാരിഴക്ക്‌ രക്ഷപ്പെട്ടു. കളി പുരോഗമിക്കുമ്പോള്‍ 30 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍  183 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

അയല്‍ക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. രോഹിത് ശര്‍മയും കെ എല്‍ രാഹുലും തുടക്കമിട്ട ഇന്ത്യന്‍ ബാറ്റിംഗ് 18 ഓവറുകള്‍ പിന്നിടുമ്പോഴേക്കും നൂറുകടന്നിരുന്നു.

 

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇരു ടീമുകളും രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഇറങ്ങുന്നത്. ലണ്ടന്‍ ലോകകപ്പില്‍ ദിനേശ് കാര്‍ത്തിക് ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കും. ഭുവനേശ്വര്‍ കുമാറും ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ബംഗ്ലാദേശ് നിരയില്‍ ശാബിര്‍ റഹ്മാനും റുബല്‍ ഹുസൈനും കളത്തിലിറങ്ങി. ഇന്ത്യക്കിന്ന് സെമിയുറപ്പിക്കാനുള്ള മത്സരമാണ്. എന്നാല്‍, ബംഗ്ലാദേശിനിന്ന് ജീവന്‍ മരണ പോരാട്ടമാണ്.

അയല്‍ക്കാര്‍ മുഖാമുഖം

ലോകകപ്പില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിയെ തുടര്‍ന്ന് വിമര്‍ശമേറ്റു വാങ്ങിയ ടീം ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. സെമി ഫൈനല്‍ ഇതുവരെ ഉറപ്പിച്ചിട്ടില്ലാത്ത ഇന്ത്യക്ക് ഈ മത്സരം നിര്‍ണായകമാണ്. അതേസമയം ബംഗ്ലാദേശിനും സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഈ മത്സരം വിജയിക്കണം. ഇതിന് പുറമേ അവസാന മത്സരം കൂടി അവര്‍ വിജയിക്കണം. കിവീസിനെ ഞെട്ടിച്ചത് പോലെയുള്ള പ്രകടനം ഇന്ത്യക്കെതിരെയും പുറത്തെടുക്കാന്‍ ബംഗ്ലാദേശ് ശ്രമിക്കും. 2007ലെ ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിന്റെ ചരിത്രമുണ്ട് ബംഗ്ലാദേശിന്. ആ തോല്‍വി ഇന്ത്യയെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കിയിരുന്നു. അതേ സമയം കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ ഗംഭീര വിജയം നേടിയിരുന്നു.

ഇന്ത്യയുടെ വിജയക്കുതിപ്പ് ലോകകപ്പില്‍ അവസാനിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനോടേറ്റ തോല്‍വിയോടെ ഇന്ത്യ മറ്റൊരു പതനം ഏറ്റുവാങ്ങുമോ എന്നത് കാത്തിരുന്ന് കാണാം. ഇന്ന് ടീമില്‍ കാര്യമായ മാറ്റം വരുമോ എന്നും വ്യക്തമല്ല. അതേസമയം ഇന്ത്യന്‍ ബാറ്റിംഗ് നിര ഫോമിലാണ്. രോഹിത് ശര്‍മ വീണ്ടും താളം കണ്ടെത്തിയത് ആശ്വാസമാണ്. ക്യാപ്റ്റന്‍ കോലി ഇതുവരെ അഞ്ച് അര്‍ധ സെഞ്ച്വറികള്‍ ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്.

ബംഗ്ലാദേശും ഫോമില്‍ തന്നെയാണ് കളിക്കുന്നത്. പക്ഷേ അദ്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച്ചവെക്കേണ്ടത് അത്യാവശ്യമാണ്. അതിന് സാധിക്കുന്ന താരങ്ങള്‍ ടീമിലുണ്ട്. അച്ചടക്ക ബൗളിംഗ് ടീമിന് അത്യാവശ്യമാണ്. മഷ്‌റഫി മൊര്‍ത്താസയുടെ മാരക പ്രകടനം ബൗളിംഗില്‍ വേണ്ടി വരും. ഷാക്കിബ് അല്‍ ഹസന്റെ ഫോമാണ് ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മേല്‍വിലാസം.
ബംഗ്ലാദേശ് നിരയില്‍ മികച്ച സ്പിന്നര്‍മാരുള്ളത് വലിയ നേട്ടമാണ്. ഷാക്കിബ് മികച്ച ഫോമിലാണ്. അതേസമയം ഇന്ത്യന്‍ നിരയിലും മികച്ച രണ്ട് സ്പിന്നര്‍മാരുണ്ട്. കുല്‍ദീപ് യാദവ്, യുസവേന്ദ്ര ചാഹലും.

എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ഇവര്‍ തീര്‍ത്തും പരാജയമായി. ഇവര്‍ മോശം പ്രകടനം നടത്തുമ്പോള്‍ ഇന്ത്യ തോല്‍ക്കുന്നതാണ് പതിവ്. ഇവര്‍ ഫോമിലേക്കുയര്‍ന്നിട്ടില്ലെങ്കില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് വലിയ സ്‌കോര്‍ പിന്തുടരേണ്ടി വരും.

വിജയ് പുറത്ത്‌

പരുക്കേറ്റ ആള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ ടീമില്‍ നിന്ന് പുറത്തായി. പകരം മായങ്ക് അഗര്‍വാളിനെ ഉള്‍പ്പെടുത്തി. നെറ്റ്‌സില്‍ ജസ്പ്രീത് ബുമ്‌റയുടെ പന്ത് കണങ്കാലിനേറ്റാണ് ശങ്കറിന് പരിക്കേറ്റത്.