ഫേസ്ബുക്ക് ആസ്ഥാനത്ത് രാസായുധ സാന്നിധ്യം; കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു

Posted on: July 2, 2019 12:00 pm | Last updated: July 2, 2019 at 1:24 pm

സാന്‍ഫ്രാന്‍സിസ്‌കോ: തപാല്‍ ഉരുപ്പടികളില്‍ നടത്തിയ പതിവ് പരിശോധനയില്‍ സരിന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഫേസക്ബൂക്ക് തങ്ങളുടെ സിലിക്കന്‍ വാലിയിലെ നാല് കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. മാരക ശേഷിയുള്ള രാസായുധമായി ഉപയോഗിക്കുന്ന ഒന്നാണ് സരിന്‍. രാവിലെ 11 മണിക്ക് സംശയാസ്പദമായി കണ്ട പായ്ക്കറ്റിലാണ് സരിന്‍ സാന്നിധ്യം കണ്ടെത്തിയത്.

അതേസമയം ഈ പായ്ക്കറ്റ് കൈകാര്യം ചെയ്ത ആളുകള്‍ക്ക് ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഫേസ്ബുക്കിലേക്കെത്തുന്ന എല്ലാ പായ്ക്കറ്റുകളും പരിശോധിക്കാറുണ്ട്. ഇത്തരത്തില്‍ ഇന്നലെ പരിശോധന നടത്തിയപ്പോള്‍ ഒരു പായ്ക്കറ്റില്‍ പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ് ഓഫിസുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചത്.

അതേ സമയം ഒഴിപ്പിച്ച മൂന്നു കെട്ടിടങ്ങളിലേക്ക് ആളുകളെ തിരികെ പ്രവേശിപ്പിച്ചതായി കമ്പനി വക്താവ് അറിയിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നുള്ള എഫ്ബിഐ സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട് .മനുഷ്യന്റെ നാഡീ സംവിധാനത്തെ ബാധിക്കുന്ന സരിന്‍ പെട്ടെന്നു തന്നെ മരണകാരണമാകും.