ഖാസിയുടെ മരണം: മനഃശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ സി ബി ഐ അന്വേഷണം

Posted on: July 2, 2019 6:50 am | Last updated: July 2, 2019 at 11:52 am
സിഎം അബ്ദുള്ള മൗലവി

കാസർകോട്: ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് സി ബി ഐ മനഃശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം തുടങ്ങി. മുൻ അന്വേഷണ സംഘം തന്നെയാണ് വീണ്ടുമെത്തിയിരിക്കുന്നത്. ശാസ്ത്രീയ അന്വേഷണമാണ് പുരോഗമിക്കുന്നത്. സൈക്യാട്രിക് ഓട്ടോപ്‌സി എന്ന മാർഗം അവലംബിച്ചാണ് പുതിയ അന്വേഷണം നടക്കുന്നത്.

ഇതേതുടർന്ന് പുതുച്ചേരി ജിപ്‌മെർ മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗത്തിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ബന്ധുക്കളുടേയും സമരസമിതി പ്രവർത്തകരുടേയും വിശദമായ മൊഴി രേഖപ്പെടുത്തി. മനഃശാസ്ത്ര വിദഗ്്ധർ തന്നെയാണ് മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങൾ ചോദിച്ചത്. ഈ മൊഴികൾ കൂടുതൽ വിശദമായ പരിശോധനക്ക് വിധേയമാക്കും. മരണത്തിന് മുമ്പുള്ള ഖാസിയുടെ മാനസികാവസ്ഥ അറിയാനുള്ള ശ്രമമാണ് അന്വേഷണ സംഘം പ്രധാനമായും നടത്തിയത്. മൃതദേഹം കണ്ടെത്തിയ ചെമ്പരിക്ക കടുക്കക്കല്ലിലെ പാറക്കെട്ടും സംഘം പരിശോധിച്ചു. മനഃശാസ്ത്ര വിദഗ്്ധർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള സി ബി ഐ അന്വേഷണം മുന്നോട്ടുപോകുന്നത്. ആവശ്യമെങ്കിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനും സി ബി ഐ ആലോചിക്കുന്നുണ്ട്.

രണ്ട് തവണയും കേസ് അന്വേഷിച്ച സി ബി ഐ ഡി വൈ എസ് പി. കെ ജെ ഡാർവിൻ, ഇൻസ്‌പെക്ടർ ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തന്നെയാണ് അന്വേഷണം നടത്തുന്നത്. ഖാസി ആത്മഹത്യ ചെയ്തതാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ ബന്ധുക്കൾ പാടെ തള്ളിയതോടെ കൂടുതൽ വിശദമായ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടർന്നാണ് മനഃശാസ്ത്ര പരിശോധനയടക്കം നടത്തുന്നത്. മൂന്ന് കാര്യങ്ങളിൽ വീണ്ടും അന്വേഷണം നടത്താനാണ് നേരത്തേ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എ കമനീഷ് ഉത്തരവിട്ടത്. കോടതി നിർദേശിച്ച രീതിയിലുള്ള അന്വേഷണം നടത്താതെയാണ് സി ബി ഐ രണ്ടാമതും റിപ്പോർട്ട് നൽകിയത്. ഇത് കോടതി അംഗീകരിച്ചില്ല. നേരത്തേ നിർദേശിച്ച രീതിയിലുള്ള ശാസ്ത്രീയ പരിശോധന പൂർത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രീയ അന്വേഷണം നടത്താൻ വിദഗദ്ധ സംഘമെത്തിയത്.

വടിയും കണ്ണടയും ചെരിപ്പും കണ്ടെത്തിയ കടുക്കക്കല്ലിലേക്ക് ശാരീരിക അവശതകളുണ്ടായിരുന്ന ഖാസിക്ക് എത്തിപ്പെടാൻ കഴിയുമോയെന്ന കാര്യം പരിശോധിക്കുന്നതിനായി മെഡിക്കൽ എക്‌സ്‌പേർട്ടിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ അന്വേഷണം നടത്താനായിരുന്നു ഒന്നാമത്തെ നിർദേശം. മരണപ്പെട്ട ഖാസിയുടെ മാനസികാവസ്ഥ അപഗ്രഥനം ചെയ്യുന്നതിന് സൈക്യാട്രിക് ഒട്ടോപ്‌സി എന്ന ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് കോടതിയുടെ രണ്ടാമത്തെ നിർദേശം. മരിച്ച ഖാസിയുടെ ഭാര്യയും മരുമകളും അവരുടെ കുട്ടിയും സംഭവം നടന്ന ദിവസം വീട്ടിൽ ഉറങ്ങിക്കിടന്നിരുന്നു. സാധാരണ ഖാസിയുടെ ഭാര്യ പുലർച്ചെ സുബ്ഹി നിസാകാരത്തിന് എഴുന്നേൽക്കാറുണ്ട്. എന്നാൽ സംഭവം നടന്ന ദിവസം വീട്ടുകാരെല്ലാം ഉണർന്നത് വൈകിയാണ്. ഇവർ വൈകി ഉണരാൻ ഉറക്കിക്കിടത്തക്ക രീതിയിലുള്ള എന്തെങ്കിലും ബാഹ്യ ഇടപെടലുകൾ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യവും പരിശോധിക്കണമെന്നാണ് കോടതി സിബി ഐക്ക് നിർദേശം നൽകിയിരുന്നത്. ഇതെല്ലാം അന്വേഷിക്കാനാണ് സിബിഐയും വിദഗ്ദ്ധ സംഘവും എത്തിയത്.