Connect with us

International

ജര്‍മന്‍ യുവതിയുടെ തിരോധാനം: പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടും

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിലെത്തിയ ജര്‍മന്‍ യുവതിയെ കാണാതായ സംഭവത്തില്‍ സംസ്ഥാന പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. മാര്‍ച്ചില്‍ കേരളത്തിലെത്തിയ ലിസ വെയ്‌സെന്ന ജര്‍മന്‍ യുവതിയാണ് കാണാതായിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെ അമ്മയുമായി പോലീസ് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. കൂടാതെ കേരളത്തിലെ പ്രധാന ടൂറിസം പ്രദേശങ്ങളിലും ഹോട്ടലുകളിലും പരിശോധന നടത്താനും പോലീസ് തീരുമാനിച്ചു. അമൃതാനന്ദമയീ മഠത്തിലേക്കാണ് ലിസ എത്തിയതെന്നാണ് പരാതിയിലുള്ളത്. എന്നാല്‍ ലിസ ഇവിടെ എത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് ലിസയുടെ വിവരം പോലീസ് കൈമാറിയിരുന്നു. എന്നാല്‍ ഒരു വിമാനത്താവളം വഴിയും ലിസ മടങ്ങിയതായി വിവരമില്ല. ഈ സാഹചര്യത്തില്‍ ലിസ ഇന്ത്യയില്‍ തന്നെ ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. സംസ്ഥാന പോലീസ് രണ്ട് സംഘമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

മാര്‍ച്ച് അഞ്ചിന് ജര്‍മനയില്‍ നിന്ന് പുറപ്പെട്ട ലിസ ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതായി തെളിവുണ്ട്. പിന്നീട് ഇവര്‍ എങ്ങോട്ട് പോയെന്ന് വിവരമില്ല. ബ്രിട്ടീഷ് പൗരനായ മുഹമ്മദലി എന്നൊരാള്‍ കേരളത്തിലെത്തിയപ്പോള്‍ ലിസക്കൊപ്പമുണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ മാര്‍ച്ച് 15ന് ഇയാള്‍ തിരിച്ച് പോയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

---- facebook comment plugin here -----