ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ച

Posted on: July 1, 2019 3:56 pm | Last updated: July 1, 2019 at 8:37 pm

മുംബൈ: വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായ ബീഹാറി സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി. യുവതിയുടെ അഭിഭാഷകന്റെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രതിഭാഗത്തിന് സാവകാശം അനുവദിക്കുന്നതിനാണ് വിധി മാറ്റിയത്. മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതിയുടെതാണ് നടപടി. ബിനോയിക്കെതിരായ കൂടുതല്‍ തെളിവുകള്‍ യുവതിയുടെ അഭിഭാഷകന്‍ കോടതയില്‍ എഴുതി നല്‍കിയിരുന്നു.

യുവതി പീഡന പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞ് ജൂണ്‍ 20നാണ് ബിനോയ് മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത്. വിവാഹം ചെയ്ത് ഉപേക്ഷിച്ചതിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവതി അയച്ച വക്കീല്‍ നോട്ടീസും വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയെന്ന് കാട്ടി നല്‍കിയ പരാതിയും കാണിച്ച് ഇത് പണം തട്ടാനുള്ള ശ്രമമാണെന്നാണ് പ്രതിഭാഗം വാദിച്ചത്. എന്നാല്‍, യുവതിക്കും കുഞ്ഞിനും ദുബൈ സന്ദര്‍ശിക്കാന്‍ ബിനോയ് സ്വന്തം ഇ മെയിലില്‍ നിന്ന് അയച്ച വിസയും വിമാന ടിക്കറ്റും യുവതിയുടെ അഭിഭാഷകന്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു.