Connect with us

Kerala

കുരുതിക്കളമായി പൊതുനിരത്തുകൾ അഞ്ചര വർഷത്തിനിടെ മരിച്ചത് കാൽ ലക്ഷം പേർ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് അർബുദ രോഗമുൾപ്പെടെ മറ്റേത് ദുരന്തങ്ങളിലെയും മരണനിരക്കുകളെ പിന്തള്ളി പൊതുനിരത്തിലെ വാഹനാപകടങ്ങളിലെ മരണ നിരക്ക് കുതിക്കുന്നു. കഴിഞ്ഞ അഞ്ചര വർഷത്തെ റോഡ് അപകടങ്ങളുടെയും ഇതിൽ മരണമടഞ്ഞവരുടെയും കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. 2014 ജനുവരി മുതിൽ 2019 ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം ഈ കൊച്ചു സസ്ഥാനത്തെ 600 കിലോമീറ്ററിനകത്ത് വരുന്ന പൊതുനിരത്തിലുള്ള വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായത് 24926 പേർക്കാണ്.

ഇക്കാലയളവിൽ നടന്ന 1,69,290 വാഹനാപകടങ്ങളിലാണ് ഇത്രയും പേർ മരിച്ചത്. ഇതിന് പുറമെ അപകടങ്ങളിൽ ഗുരുതരമായും അല്ലാതെയും പരുക്കേറ്റവരുടെ എണ്ണം ഒരുലക്ഷത്തിലധികം വരും. കേരളത്തിലെ റോഡുകളിൽ നടക്കുന്ന വാഹനാപകടങ്ങളിൽ പ്രതിവർഷം ശാരാശരി 4,532 പേർ മരിക്കുന്നുവെന്നാണ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചര വർഷത്തിനിടെ 2016ലെ കണക്കിനെ അപേക്ഷിച്ച് 2017ൽ വാഹനാപകടത്തിൽ 2.4 ശതമാനത്തിന്റെയും മരണനിരക്കിൽ 5.3 ശതമാനവും കുറവു വന്നതൊഴിച്ചാൽ മറ്റു വർഷങ്ങളിലെല്ലാം വാഹനാപകടങ്ങളുടെയും മരണത്തിന്റെയും നിരക്കുകൾ ഉയർന്നു തന്നെയാണ് നിൽക്കുന്നത്. അതേസമയം, വാഹനാപകടങ്ങളിലെ പ്രതിമാസ മരണ നിരക്ക് 4,532 ആണെങ്കിലും ഈ വർഷം ആറ് മാസം തികയുന്നതിന് മുമ്പ് തന്നെ ഇത് 3,958ൽ എത്തി നിൽക്കുകയാണ്. ഈ വർഷം ജനുവരിൽ 3,894, ഫെബ്രുവരിയിൽ 3,680, മാർച്ചിൽ 3,471, ഏപ്രിലിൽ 3,348 അപകടങ്ങളാണ് കേരളത്തിൽ നടന്നത്.

കഴിഞ്ഞ അഞ്ചര വർഷത്തെ കണക്ക്
വർഷം അപകടങ്ങൾ മരണം
2014 39014 4196
2015 39014 4196
2016 39420 4287
2017 38470 4131
2018 40181 4303

ഇക്കാലയളവിൽ നടന്ന മിക്ക വാഹനാപകടങ്ങളുടെയും കാരണം വാഹനങ്ങളുടെ അമിത വേഗമാണെന്ന് കണ്ടെത്തിയിരുന്നു. അമിത വേഗതയുടെ പേരിൽ മാത്രം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 2,192 പേരുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ പ്രകാരം 44,425 വാഹനാപകട കേസുകളാണ് പ്രതിവർഷം രജിസ്റ്റർ ചെയ്യപ്പെടുന്നത്. വാഹനങ്ങൾ ക്രമാതീതമായി രജിസ്റ്റർ ചെയ്യപ്പെടുന്നതും ഇതുവഴി സംസ്ഥാനത്തെ നിരത്തുകൾക്ക് ഉൾക്കൊള്ളാനാകാത്ത വിധം വാഹനങ്ങൾ ഒരേ സമയം നിരത്തിലിറങ്ങുന്നതും അപകട നിരക്ക് വർധിക്കാനിടയാക്കിയിട്ടുണ്ട്.

ഈ വർഷം മാർച്ച് 31 വരെ സംസ്ഥാനത്ത് 1.33 കോടി വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്്. ഇതിൽ 16.44 ലക്ഷം ട്രാൻപോർട്ട് വാഹനങ്ങളും ശേഷിക്കുന്ന 1.16 കോടി നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങളുമാണ്. ഇതോടൊപ്പം ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത 1,26,188 വാഹനങ്ങളും കേരള നിരത്തുകളിൽ ഓടുന്നുണ്ട്. ഇതിന് പുറമെ രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞ 6,14,681 സ്വകാര്യ വാഹനങ്ങൾ കേരളത്തിലുണ്ടന്നും മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഇത്രയും വാഹനങ്ങളെ നിരീക്ഷിക്കാൻ സംസ്ഥാനത്താകെയുള്ള ഓട്ടോമാറ്റിക് സ്പീഡ് എൻഫോഴ്‌സ്‌മെന്റ് ക്യാമറകൾ 143 എണ്ണം മാത്രമാണ്. ഇതിൽ തന്നെ 22 എണ്ണം നിലവിൽ പ്രവർത്തന സജ്ജവുമല്ല. 2011 മുതൽ 2018 വരെ കാലയളവിൽ 20.26 കോടി രൂപ ചെലവഴിച്ചാണ് ഇത് സ്ഥാപിച്ചത്. ഇതുവരെ ഈ ക്യാമറകളുടെ അറ്റകുറ്റ പണികൾക്കായി ചെലവഴിച്ചത് 34.02 ലക്ഷം രൂപയാണ്.

റോഡ് അപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. റോഡപകടങ്ങൾ കുറക്കാനായി ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയിൽ 85 സ്‌ക്വാഡുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പത്ത് ആർ ടി ഒമാരും, 65എം വി ഐമാരും 187 എ എം വി ഐമാരും പ്രവർത്തിക്കുന്ന സേഫ് കേരള പദ്ധതിക്ക് 14 ജില്ലകളിലും കൺട്രോൾ റൂമുകളും പ്രവർത്തനസജ്ജമാണ്. റഡാർ സർവൈലൻസ്, വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ്, പൊതുജന പങ്കാളിത്തതത്തോടെ തേർഡ് ഐ എൻഫോഴ്‌സ്‌മെന്റ്, ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സിസ്റ്റം, ശുഭയാത്ര തുടങ്ങിയ സംവിധാനങ്ങൾ വാഹന വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. ഇതിന് പുറമെ ട്രാഫിക് ട്രൈനിംഗ് ആൻഡ് റിസർച്ച് സെന്റർ, മൂസ് ബസ്, ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് വാഹനങ്ങൾ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കാനിരിക്കുകയാണ്.

അതേസമയം റോഡ് അപകടങ്ങൾ കുറക്കാൻ വിവിധ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സർക്കാർ നടപ്പക്കുന്ന പദ്ധതികളൊന്നും ലക്ഷ്യം കാണുന്നില്ലെന്നാണ് കഴിഞ്ഞ അഞ്ചര വർഷത്തെ കണക്കുകൾ കാണിക്കുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest