പീരുമേട് കസ്റ്റഡി മരണം: ജയില്‍ അധികൃതര്‍ക്ക്‌ വീഴ്ച സംഭവിച്ചെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Posted on: July 1, 2019 9:50 am | Last updated: July 1, 2019 at 11:22 am

ഇടുക്കി: സാമ്പത്തിക തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതി രാജ്കുമാര്‍ റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ പോലീസിനും ജയില്‍ അധികൃതര്‍ക്കും വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. രാജ്കുമാര്‍ റിമാന്‍ഡില്‍ കഴിഞ്ഞ ഇടുക്കി പീരുമേട് സബ് ജയില്‍ അധികൃതരുടെ അനാസ്ഥ തുറന്നുകാട്ടുന്നതാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. രാജ്കുമാറിന് അസുഖം വന്നപ്പോള്‍ കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെന്നും ഇതാണ് മരണകാരമായ ന്യൂമോണിയയില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.
അവശനായ രാജ്കുമാറിന് ചികിത്സ ഉറപ്പാക്കുന്നതില്‍ ജയിലധികൃതര്‍ക്ക് വീഴ്ച പറ്റി. ഇത് മനഃപൂര്‍വമാണോ എന്ന് അന്വേഷിക്കും. ജയില്‍ രേഖകള്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
സംഭവത്തില്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തെ സ്ഥിരീകരിച്ചിരുന്നു. നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്നായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. കേസ് അട്ടിമറിക്കാന്‍ പോലീസ് സംഘടിതമായി ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

കുറ്റകൃത്യം മറക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. രാജ്കുമാറിന്റെ കുടുംബത്തിന്റേത് അടക്കമുള്ള മൊഴികളും സ്റ്റേഷനിലെ രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക സംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.