മര്‍കസ് സ്‌കൂളിന് ലിറ്റില്‍കൈറ്റ്‌സ് പുരസ്‌കാരം; പുരസ്‌കാരം ജൂലൈ അഞ്ചിന് മുഖ്യമന്ത്രി സമ്മാനിക്കും

Posted on: June 30, 2019 9:06 pm | Last updated: June 30, 2019 at 9:06 pm

തിരുവനന്തപുരം: മര്‍കസ് സ്ഥാപനമായ കൂമ്പാറ ഫാത്തിമാബി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ഏറ്റവും മികച്ച ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിനുള്ള സംസ്ഥാനസര്‍ക്കാര്‍ പുരസ്‌കാരം. കൊല്ലം അഞ്ചാലുമൂട് ഗവ. എച്ച് എസ് സ് രണ്ടാം സ്ഥാനവും തിരുവനന്തപുരം കരിപ്പൂര്‍ ഗവ. എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയ സ്‌കൂളിന് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും.

ജൂലൈ അഞ്ചിന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന പ്രൈമറി ഹൈടെക് ലാബ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് കൈറ്റ് വൈസ് ചെയര്‍മാര്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍സാദത്ത് അറിയിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായി 2060 ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. പദ്ധതിയില്‍ നിലവില്‍ 1.15 ലക്ഷം കുട്ടികള്‍ അംഗങ്ങളാണ്. ഹൈടെക് പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ വിഭാവന ചെയ്തിരിക്കുന്നത്. യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, സ്‌കൂള്‍ വിക്കി അപ്‌ഡേഷന്‍, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്‍, വിക്ടേഴ്‌സ് ചാനല്‍ വ്യാപനം, ന്യൂസ് തയ്യാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുള്‍പ്പെടെയുള്ള സ്‌കൂളിലെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ എന്നീ മേഖലകളിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡിനര്‍രായവരെ തിരഞ്ഞെടുത്തത്.

ഹാര്‍ഡ്‌വെയര്‍, അനിമേഷന്‍, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബര്‍ സുരക്ഷാ മേഖലകള്‍ക്കുപുറമെ മൊബൈല്‍ ആപ്പ് നിര്‍മാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ കൊമേഴ്‌സ്, ഇ ഗവേണന്‍സ്, വീഡിയോ ഡോക്യുമെന്റേഷന്‍, വെബ് ടി വി തുടങ്ങിയ നിരവധി മേഖലകള്‍ അടങ്ങുന്നതാണ് കൈറ്റ്‌സ് ക്ലബ്ബുകളുടെ പ്രര്‍ത്തനം. ഈ പദ്ധതി ഹയര്‍സെക്കറി തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു.