Connect with us

Travelogue

തുരങ്കം താണ്ടി മാമലകൾക്ക് മുകളിൽ

Published

|

Last Updated

ചിത്രം: ടി ശിവജികുമാർ

മാമലകളും കരിമ്പാറകളും തുരന്നുണ്ടാക്കിയ പാതയിലൂടെ വളഞ്ഞുപുളഞ്ഞ് പോകുന്ന തീവണ്ടിയാത്ര അനുഭവങ്ങളുടെയും ചരിത്രത്തിന്റെയും കലവറയാണ്. കാട്ടാറുകളും ചുരങ്ങളും താണ്ടിയുള്ള കൊല്ലം- ചെങ്കോട്ട തീവണ്ടി യാത്രയിൽ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രകൃതിഭംഗി ആവോളം ആസ്വദിക്കാം. കേരളത്തിലെ മറ്റേത് പാതയിലും കാണാത്ത വിസ്മയ കാഴ്ചകളാണിവിടെ. തെൻമലയും എക്കോടൂറിസവും പാലരുവിയും അമ്പലാടും പുറ്റാലവും പൊൻമുടിയും കാഴ്ചവെക്കുന്ന സൗന്ദര്യം ആരെയും ആകർഷിക്കുന്നതാണ്. സഹ്യപർവതത്തിന്റെ ഉച്ചിയിലൂടെ പച്ചപ്പുകളും കാട്ടരുവികളും നിറഞ്ഞ മലകൾക്ക് മുകളിൽ നിരവധി തുരങ്കങ്ങളും പാലങ്ങളും കടന്ന് നീലാകാശം തൊട്ടുതൊട്ടില്ല എന്ന മട്ടിലുള്ള യാത്ര മനോഹരംതന്നെ. മഴക്കാലമായതോടെ ഭംഗി പതിൻമടങ്ങാണ്.

തിരുവിതാംകൂറിലെ
ആദ്യ റെയിൽ പാത

കൊല്ലത്ത് നിന്ന് 92 കിലോമീറ്റർ ദൂരമുള്ള തമിഴ്‌നാട്ടിലെ ചെങ്കോട്ടയിലേക്ക് നാല് മണിക്കൂറിലേറെ നീണ്ടുനിൽക്കുന്നതാണ് ഈ ട്രെയിൻ യാത്ര. കേരളത്തിന്റെ പ്രധാന വാണിജ്യകേന്ദ്രമായ കൊല്ലത്തേക്ക് തമിഴ്‌നാട്ടിലെ ചെങ്കോട്ടയിൽ നിന്ന് പുനലൂരിലേക്ക് ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ആരംഭിച്ച മീറ്റർ ഗേജ് (ഇപ്പോൾ ബ്രോഡ് ഗേജ്) റെയിൽ പാതയാണിത്. തിരുവിതാംകൂറിലെ ആദ്യ റെയിൽ പാതയെന്ന പ്രത്യേകതയുമുണ്ട്. ഈ പാത വന്നതോടെ അന്നത്തെ കൊല്ലം നഗരവുമായുള്ള തമിഴ്‌നാടിന്റെ വ്യാപാരബന്ധം ശക്തിപ്പെട്ടു. 1902ൽ ആദ്യ ചരക്ക് വണ്ടി ഓടിയ ഈ പാതയിൽ 1904 മുതലാണ് യാത്രാ വണ്ടി ഓടിത്തുടങ്ങിയത്. 106 വർഷമാണിതുവഴി ഇടതടവില്ലാതെ തീവണ്ടി ഓടിയത്.

ബ്രോഡ് ഗേജ് പാതയാക്കുന്നതിനായി മീറ്റർ ഗേജ് പാതയായിരുന്ന ഈ റൂട്ടിൽ 2007ലാണ് തീവണ്ടി സർവീസ് നിർത്തിയത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ചതും കേരളത്തിലെ അവസാനത്തേതുമായ ഈ മീറ്റർ ഗേജിലൂടെയുള്ള അവസാന തീവണ്ടിക്ക് 2010 സെപ്തംബർ 20ന് നിറകണ്ണുകളോടെയാണ് കേരളത്തിലേയും തമിഴ്‌നാട്ടിലേയും ജനങ്ങൾ യാത്രയയപ്പ് നൽകിയത്. അവസാന സർവീസിൽ യാത്രക്കാർ നിറഞ്ഞുകവിഞ്ഞിരുന്നു. ബോഗിക്ക് മുകളിൽ പോലും ഒട്ടേറെ പേർ കയറി. കടന്നുപോകുന്നിടത്തെല്ലാം ആളുകൾ യാത്രയയപ്പിനായി തടിച്ചുകൂടിയിരുന്നു. അതോടെ പുനലൂർ- ചെങ്കോട്ട മീറ്റർ ഗേജ് തീവണ്ടി ചരിത്രത്താളുകളിലേക്ക് മറഞ്ഞു. പതിനൊന്ന് വർഷത്തെ നിർമാണ പ്രവൃത്തിയിലൂടെയാണ് ബ്രോഡ് ഗേജാക്കിയത്. 2018 ജൂലൈ മുതലാണ് ഇതുവഴി വീണ്ടും തീവണ്ടി ഓടിത്തുടങ്ങിയത്.

കൊല്ലത്ത് നിന്ന് പുനലൂർ സ്‌റ്റേഷൻ വരെ സാധാരണ യാത്രയാണ്. പിന്നീടങ്ങോട്ട് പശ്ചിമഘട്ടം മലനിരകളിലൂടെയാണ് യാത്ര. കൊല്ലത്ത് നിന്ന് തന്നെ തീവണ്ടിക്ക് മുന്നിലും പിന്നിലുമായി രണ്ട് എൻജിനുകളുമായാണ് യാത്ര ആരംഭിക്കുന്നത്. ഇടമൺ സ്‌റ്റേഷനിലെത്തിയാൽ പിന്നിലെ എൻജിനും പ്രവർത്തിപ്പിക്കും. മലകളിലൂടെയുള്ള കയറ്റവും വളവും കാരണം പിന്നിലെ എൻജിന്റെ സഹായത്തോടെ തള്ളുകയാണ് ചെയ്യുക. ഇടമൺ വിട്ടാൽ പിന്നെ തീവണ്ടി വളരെ പതുക്കെയാകും പോകുക. വളഞ്ഞുതിരിഞ്ഞുള്ള കയറ്റങ്ങളിലൂടെ തീവണ്ടി മുന്നോട്ടു നീങ്ങുമ്പോൾ വേഗക്കുറവ് കാരണം വിനോദയാത്രക്കാരായ പലരും വണ്ടിയിൽ നിന്നിറങ്ങി ഫോട്ടോ എടുത്ത് തിരികെ കയറുന്നത് കാണാം.

പുനലൂർ വിട്ടാൽ ഇടമൺ, ഒറ്റക്കൽ, തെൻമല, കഴുത്തുരുട്ടി, ഇടപ്പാളയം നിലക്കുന്ന്, ആര്യങ്കാവ്, ഭഗവതിപുരം സ്‌റ്റേഷനുകൾ പിന്നിട്ട് ചെങ്കോട്ട സ്‌റ്റേഷനിലെത്തും. ആര്യങ്കാവ് ആണ് അതിർത്തി. പുനലൂരിനും ആര്യങ്കാവിനുമിടയിൽ ചെറുതും വലുതുമായ നിരവധി തുരങ്കങ്ങളും പാലങ്ങളും 52 കൊടുംവളവുകളും കടന്നാണ് യാത്ര. എത്ര ചൂടുകൂടിയ കാലത്തും ഈ തുരങ്കത്തിന്റെ തണലിൽ 10 ഡിഗ്രിക്ക് താഴെ മാത്രമേ ചൂടുണ്ടാകാറുള്ളൂവത്രെ. ബ്രിട്ടീഷ് എൻജിനീയർമാരുടെ ബുദ്ധിയിൽ രൂപപ്പെട്ടതാണീ പാത. പുനലൂരിൽ നിന്ന് 49 കിലോമീറ്ററാണ് ചെങ്കോട്ടയിലേക്ക്.

അന്ന് നിർമിച്ച 13 കണ്ണറപ്പാലം അടക്കമുള്ള വലുതും ചെറുതുമായ പാലങ്ങളും തുരങ്കങ്ങളും പുതിയ ബ്രോഡ് ഗേജ് പാത നിർമാണത്തിന്റെ ഭാഗമായി നവീകരിച്ചിട്ടുണ്ട്. തീവണ്ടിയിൽ നിന്ന് താഴെ നോക്കിയാൽ എത്രയോ അടി താഴ്ചയിലൂടെ കടന്നുപോകുന്ന റോഡും വാഹനങ്ങളും വളരെ ചെറുതായി കാണാം. കരിമ്പാറകൾ തുരന്നുള്ള പാതയായതിനാൽ കല്ലുകൾ പാതയിൽ വീണ് അപകടം സംഭവിക്കാതിരിക്കാനും ഗതാഗതം തടസ്സപ്പെടാതിരിക്കാനും പാറകൾ വണ്ണമുള്ള ഇരുമ്പ് കൊണ്ട് വല കെട്ടിയതായി കാണാം.

പാലരുവി വെള്ളച്ചാട്ടം, കഴുത്തുരുട്ടി പാലം

ആര്യങ്കാവിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് പ്രസിദ്ധമായ പാലരുവി വെള്ളച്ചാട്ടം. സമുദ്രനിരപ്പിൽ നിന്ന് 92 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 300 അടി ഉയരത്തിൽ നിന്ന് പാറകളിൽ തട്ടി പാലുപോലെ പതഞ്ഞ് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കാണാൻ ഏറെ ചന്തമാണ്. തിരുവിതാംകൂർ രാജകുടുംബം പണി കഴിപ്പിച്ച കൽമണ്ഡപം കാണാം. മറ്റനേകം വെള്ളച്ചാട്ടങ്ങളും ഈ ഭാഗത്തുണ്ട്. പാലരുവി എക്‌സ്പ്രസ് എന്ന പേരിൽ ഇതുവഴി തീവണ്ടി സർവീസുമുണ്ട്. ഇന്ത്യയിലെ ആദ്യ ഹരിത സൗഹൃദ വിനോദസങ്കേതമായ തെൻമല ടൂറിസ്റ്റ് കേന്ദ്രവും ഇവിടെയാണ്. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായി നിർമിച്ച ഡാം അടുത്തുണ്ട്. സസ്യജൈവ വൈവിധ്യങ്ങൾ നിറഞ്ഞ പശ്ചിമഘട്ടത്തിലെ രണ്ട് മലകളെ ബന്ധിപ്പിക്കുന്നതാണ് കഴുത്തുരുട്ടിയിലെ പാലം. കാറ്റാടി വൈദ്യുതി പദ്ധതിയുടെ ഭീമൻ ഫാനുകളും തീവണ്ടിയിൽ നിന്ന് കാണാം.

ആര്യങ്കാവ് സ്‌റ്റേഷൻ പിന്നിട്ടാൽ തമിഴ്‌നാട്ടിലെ കാഴ്ചകളും അതിമനോഹരം തന്നെ. നെൽപ്പാടങ്ങളും കൃഷികളും കൊണ്ട് സമൃദ്ധമായ മണ്ണ്. തമിഴ് മക്കളുടെ അധ്വാനത്തിന്റെ ഫലം ഈ മണ്ണിന്റെ നേർകാഴ്ചയാണ്. ചെങ്കോട്ടയിൽ നിന്ന് ഏഴ് കിലോമീറ്റർ പോയാൽ തെങ്കാശിയിൽ എത്താം. തെങ്കാശിയിൽ മഹാനായ യൂസുഫ് വലിയ്യുല്ലാഹിയും പൊത്തർപുത്തൂരിൽ നിരവധി മഹാൻമാരും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. അനേകമാളുകൾ സിയാറത്തിനായി ഇവിടെയെത്തുന്നു. പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രങ്ങളും ക്രിസ്ത്യൻ പള്ളികളും ഈ റൂട്ടിലുണ്ട്. തെങ്കാശി ജംഗ്ഷനിൽ നിന്ന് കല്ലുട്ടി, തിരുമംഗലം വഴിയും രാജപാളയം ശിവകാശി, വിദുരനഗർ വഴിയും മധുരയിലേക്കും അംബാസമുദ്രം, ചേരൻമഹേവി വഴി തിരുനെൽവേലിയിലേക്കും ട്രെയിൻ സർവീസുകളുണ്ട്.

കൊല്ലം- ചെങ്കോട്ട യാത്രക്ക് പാസഞ്ചറിന് ഒരാൾക്ക് 25 രൂപയും എക്‌സ്പ്രസിന് 40.50 രൂപയുമാണ് നിരക്ക്. കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് രാവിലെ 10.15ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 2.25നും 11.45ന് പുറപ്പെടുന്നത് ഉച്ചകഴിഞ്ഞ് 3.10നും മൂന്നിന് പുറപ്പെടുന്നത് വൈകിട്ട് 6.3നും രാത്രി 11.35ന് പുറപ്പെടുന്നത് പുലർച്ചെ 3.27നും ചെങ്കോട്ടയിൽ എത്തും. തിരിച്ച് രാത്രി 12.25ന് ചെങ്കോട്ടയിൽ നിന്ന് പുറപ്പെടുന്ന വണ്ടി പുലർച്ചെ 4.35നും 5.20ന് പുറപ്പെടുന്നത് 8.45നും 5.40ന് പുറപ്പെടുന്നത് 9.20നും 12.30ന് പുറപ്പെടുന്നത് 3.25നും കൊല്ലം ജംഗ്ഷനിലെത്തും. കൊല്ലത്ത് നിന്ന് ചെന്നൈയിലേക്ക് ഇതുവഴി പോകുമ്പോൾ 110 കിലോമീറ്റർ ദൂരം ലാഭിക്കാവുന്നതാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലേക്ക് വരുന്ന തീർഥാടകർക്കും ഈ വഴി എളുപ്പമാണ്.

ഹമീദ് തിരൂരങ്ങാടി
• sirajtgi@gmail.com

Latest