Connect with us

Religion

പി എഫിലേക്ക് അരിയർ അലിയുമ്പോൾ സകാത്തെങ്ങനെ?

Published

|

Last Updated

വിഷയം പറയുമ്പോൾ പകുതി മൂടിവെച്ച്, പകുതി പുറത്തുപറഞ്ഞാൽ കാര്യം വലിയ അലമ്പാവും. പൊയ്‌നാച്ചിക്കാരൻ ഉമ്മർ മാഷ്‌ക്ക് പറ്റിയ അമളിയെ പറ്റി കേട്ടാൽ നിങ്ങൾക്കതിന്റെ ഗൗരവം മനസ്സിലാകും. അഞ്ചെട്ട് കൊല്ലമായി ആശാൻ പി എഫ് കൂട്ടിനോക്കുകയോ സകാത്ത് കൊടുക്കുകയോ ചെയ്തിട്ടില്ല. ഇക്കഴിഞ്ഞയാഴ്ച മൂപ്പർ സ്വയം കൂട്ടിക്കണ്ടെത്തിയ കണക്കുമായി നിലേശ്വരം “പരിപ്പുവട” കപ്പൽ മോഡൽ ഹോട്ടലിൽ ഞങ്ങൾ സന്ധിച്ചു. കണക്ക് പരിശോധിച്ചപ്പോൾ നൂറ്റുക്ക് നൂറ് ശരി. “എല്ലാം ശരിയല്ലേ, വേറെയൊന്നുമില്ലല്ലൊ?” എന്ന് ഒരു ബദവിച്ചുവയോടെ ചോദിച്ച് മുഖത്ത് ഒരുമാതിരി ഇളി പരത്തിയപ്പോൾ എന്നിൽ സംശയത്തിന്റെ കുരുവുണർന്നു. ഞാൻ പറഞ്ഞു: നിങ്ങളുടെ പി എഫിന്റെ മൊത്തം സ്‌റ്റേറ്റ്‌മെന്റ് ഇങ്ങ് താ. അതെന്റെ കൈയിലിപ്പോഴില്ല. ശരി, നാളെ ഓഫീസിൽ പോയി ആ പേജുകൾ ഫോട്ടോ പിടിച്ച് എന്റെ ഫോണിലേക്ക് തട്ട്. ബാക്ക് അപ്പം പറയാം, ഞങ്ങൾ പിരിഞ്ഞു.

പിറ്റേന്ന് വട്ടം കറങ്ങിക്കറങ്ങി നാല് പേജുകൾ എന്റെ സ്‌ക്രീനിലേക്ക് മുറിഞ്ഞുവീണു. നോക്കുമ്പോൾ പി എഫിന്റെ കണക്ക് ഓകെ. പക്ഷേ ഈ മോശട് മാഷ് അരിയറിന്റെ കാര്യം പുറത്തുപറഞ്ഞിരുന്നില്ല!
ഡി എ അരിയറുകൾക്ക് പി എഫിനോട് വലിയ പിരിശമാണ്. അവ നേരെ നമ്മുടെ കൈകളിലേക്ക് വരാതെ പി എഫിന്റെ കൂടെ മുന്നണി ചേരുകയും പൊതിർന്ന് പൂത്തുപൂതലായാൽ അടർന്ന് പോരുകയും ചെയ്യും.

അരിയർ എന്നാൽ കുടിശ്ശിക. കുടിശ്ശിക എന്നാലോ, കിട്ടേണ്ടത് കിട്ടാതെ/ കൊടുക്കേണ്ടത് കൊടുക്കാതെ കടം പോലെ കെട്ടിക്കിടക്കുന്നത്. വരിസംഖ്യ അടക്കാത്ത മൂരാച്ചികളുടെ പേരുവിവരങ്ങൾ കാണിച്ച് മഹല്ലു കമ്മിറ്റി “കുടിശ്ശിക അടച്ചുതീർക്കുക” എന്ന് നോട്ടീസിടാറുള്ളത് ശ്രദ്ധിച്ചിട്ടില്ലേ. ഡി എ എന്നുവെച്ചാൽ ഡിയർനസ്സ് അലവൻസ് അഥവാ, ക്ഷാമബത്ത. അതിന് ക്ഷാമവുമായി ബന്ധമുണ്ടോ? ഉണ്ടെന്നും ഇല്ലെന്നും പറയാം. ഉദ്യോഗസ്ഥരുടെ ശമ്പളം നിർണിതമാണല്ലൊ. പക്ഷേ നാണ്യപ്പെരുപ്പം/ വിലക്കയറ്റം ആദിയായവ കാരണം കിട്ടുന്ന ശമ്പളത്തിന്റെ നിശ്ചിതതോത് കൊണ്ട് ജീവിത ചെലവ് കഴിച്ചുകൂട്ടാൻ പറ്റാതെ വരും. അങ്ങനെ വരുമ്പോൾ ഒരുമാതിരി കൊച്ചുക്ഷാമം ഉണ്ടായേക്കാം? ഇതിനെ അതിജീവിക്കാൻ സർക്കാറും കമ്പനികളും വർഷംതോറും അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം വർധിപ്പിച്ച് കൊണ്ടിരിക്കും. അതാതു സമയ സാഹചര്യത്തിലെ ജീവിതച്ചെലവ് സൂചികകൾ (cost of living index) വെച്ചാണ് ഇത് തീരുമാനിക്കുന്നത്. ബെയ്‌സിക് സാലറിയെ ആസ്പദിച്ച് അതിൽ ഏറ്റവ്യത്യാസം വരും. എല്ലാം ചെന്ന് ചുറഞ്ഞ് കിടക്കുന്നത് ബേയ്‌സിക് പേയിൽ തന്നെയാണ്.

പി എഫും എച്ചാറേയും (ഉദ്യോഗസ്ഥരുടെ വീട്ടുവാടക ബത്ത) മറ്റെല്ലാം. കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നതും കാത്തുനിൽക്കുകയായിരിക്കും, സംസ്ഥാന സർക്കാർ ശതമാനം തീരുമാനിക്കാനായിട്ട്. മുമ്പ് സംസ്ഥാനതല ഉദ്യോഗസ്ഥർക്ക് ഈ “കൈമടക്ക്” കിട്ടിയിരുന്നില്ല. സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉദ്യോഗസ്ഥരുടെ സമരങ്ങളുടെ ഫലമായി 1975ലാണ് സംസ്ഥാന സർക്കാർ ഡിയർനസ്സ് അലവൻസ് നടപ്പാക്കിയത്. ചിലർ ഡി എക്ക് ഡിന്നർ അലവൻസ് എന്നാണ് അർഥം വെക്കുക. ആ വകയിൽ കിട്ടുന്ന അധിക തുകകൾ കടുത്ത സൂക്ഷ്മത കാരണം വകമാറ്റി ചെലവാക്കാതെ പള്ള വീർപ്പിക്കാൻ തന്നെ ചെലവഴിക്കാറുണ്ട്, ഹൂൂൂൂ!

ക്ഷാമബത്ത എന്ന പേരിലുള്ള നക്കാപ്പിച്ചത്വം കേട്ടിട്ട് ആരും തെറ്റിദ്ധരിച്ച് പോകരുത്. സംസ്ഥാന സർക്കാർ ഇതുവരെ നൽകിയത് 15 ശതമാനമായിരുന്നു. പക്ഷേ ഇപ്പോഴത് 20 ശതമാനമാക്കിയിട്ടുണ്ട്. അപ്പോൾ ബേസിക് ഒരു അമ്പതിനായിരം വാങ്ങുന്ന ഒരാൾക്ക് പത്തായിരം ഉറുപ്പിക ഡി എയായി കിട്ടുന്നു. എന്നാൽ, യു ജി സി ശമ്പളം വാങ്ങുന്നവരുടെ ഡി എ ശതമാനം ഈ പറഞ്ഞ കുടൂസ് പത്തോ ഇരുപതോ നാൽപ്പതോ എൺപതോ നൂറ്റിപ്പത്തോ പെർസന്റേജല്ല. മറിച്ച് 148 ശതമാനം ആണ്! എത്ര? 148 ശതമാനം!!! ന്റുമ്മാ!!! ഇതുകേൾക്കുമ്പോൾ ഇത്രയും ക്ഷാമബത്ത അനുവദിച്ചില്ലെങ്കിൽ പ്രസ്തുത ജീവനക്കാരുടെ ക്ഷാമകാലത്തെ ജീവിതക്കെടുതി എത്ര ഭയാനകമായിരിക്കുമെന്നാലോചിച്ച് സങ്കടപ്പെടുകയാണ് നിങ്ങളിപ്പോൾ ചെയ്യേണ്ടത്. അല്ലാതെ ഇത്രക്ക് വാരിക്കോരി കൊടുക്കുന്ന യു ജി സി കാലുതെന്നിവീണ് കൈ പൊട്ടിപ്പോവാൻ പിരാകുകയല്ല.

ഡി എ പുരാണം നിർത്തി നമുക്ക് പൊയ്‌നാച്ചിയിലേക്ക് തിരിച്ചുവരാം. ഓരോ വർഷവും ജനുവരി, ജൂലൈ എന്നിങ്ങനെ രണ്ട് തവണ ഡി എ വർധന രേഖാപരമായി ഉണ്ടാകുമെങ്കിലും അത് പ്രഖ്യാപിച്ച് ഫലത്തിൽ വരിക ശ്ശി കഴിഞ്ഞായിരിക്കും. ഇനി പ്രഖ്യാപിച്ചാൽ തന്നെ അത് നേരിട്ടു നൽകി പണിയെടുത്ത് നടുമുറിഞ്ഞവന്റെ കൊടിയക്ഷാമത്തിന് തത്ക്ഷണ പരിഹാരമുണ്ടാകുകയല്ല. മറിച്ച് അത് പി എഫിലേക്ക് ഒലത്തും. എന്നിട്ട് നീണ്ട രണ്ടരയോ മൂന്നരയോ വർഷത്തെ ഇദ്ദാ കാലാവധി പ്രഖ്യാപിക്കും. അപ്പോഴേക്കും പക്ഷെ അത് നമ്മുടെ പി എഫ് നിലവാരത്തിലുള്ള ക്വാസി മിൽകിലേക്ക് വീണുകഴിഞ്ഞു. അപ്പോൾ പിന്നെ പി എഫ് കൂട്ടുമ്പോലെത്തന്നെ വർഷം നോക്കി സകാത്ത് തിട്ടപ്പെടുത്തണം. പി എഫ് പോലെ ഒരുപാട് കാത്തിരിക്കേണ്ടാത്തതിനാൽ കിട്ടുമ്പോൾ കൊടുക്കുകയോ അല്ലെങ്കിൽ ആദ്യമേ കൊടുത്ത് ചുമലൊഴിയുകയോ ചെയ്യാം. ഇനി ഒരു കണക്കുതരാം. കൃത്യമായി നിർധാരണം ചെയ്ത് ഉത്തരം കാണിക്കണം, പട്ടികസഹിതം.

പൊയ്‌നാച്ചി ഉമ്മർ മാഷ് 2011 ജൂലൈയിൽ ജോലിക്ക് ചേർന്നു. മാസത്തിൽ 1500 വെച്ച് പി എഫിട്ടു തുടങ്ങി. 2013 ഫെബ്രുവരിയിൽ ഒരു 4200 അരിയറായി പി എഫിലേക്ക് ചേക്കേറി. അത് 2015 ആഗസ്റ്റിൽ പിൻവലിച്ചു. 2015 ഫെബ്രുവരിയിൽ വന്ന 4600 അരിയർ പി എഫിന്റെ പുതപ്പിലൊളിച്ചു. 2018 ജനുവരിയിൽ പിൻവലിച്ചു. 2017 ആഗസ്റ്റിൽ പ്രത്യക്ഷപ്പെട്ട 6300 അരിയർ 2019 നവംബറിൽ പിൻവലിക്കും. ആകെ സകാത്തെത്ര വരുമെന്ന് കൂട്ടിപ്പറ.

ഫൈസൽ അഹ്‌സനി ഉളിയിൽ
• faisaluliyil@gmail.com

Latest