Connect with us

National

ഉദ്യോഗസ്ഥരെ തല്ലിയതിന് ജയിലിലായി ജാമ്യത്തിലിറങ്ങിയ ബി ജെ പി എം എല്‍ എക്ക് വന്‍ സ്വീകരണം

Published

|

Last Updated

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ നഗരസഭാ ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റുപയോഗിച്ച് തല്ലിയതിന് ജയിലിലായി ജാമ്യത്തിലിറങ്ങിയ ബി ജെ പി എം എല്‍ എ. ആകാശ് വിജയ്‌വര്‍ഗിയക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും വന്‍ സ്വീകരണം. ധീരേന്ദ്ര ബ്യാസ്, അസിത് ഖരേ എന്നീ ഉദ്യോഗസ്ഥന്മാരെ പൊതു ജനങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും മുന്നില്‍ വച്ച് മര്‍ദിച്ചതിനാണ് ആകാശ് ജയിലിലായത്. മധ്യപ്രദേശില്‍ നിന്നുള്ള ബി ജെ പി ദേശീയ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയയുടെ മകനും ഇന്‍ഡോര്‍-3ലെ എം എല്‍ എയുമാണ് ആകാശ്. ആകാശിനെ മാലയിട്ടാണ് ബി ജെ പി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ആകാശത്തേക്ക് വെടിവച്ച് ജയിലില്‍ നിന്നുള്ള വരവ് ആഘോഷമാക്കുകയും ചെയ്തു.

തന്റെ പ്രവൃത്തിയില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും അതിനാല്‍ തന്നെ വിഷമമില്ലെന്നും ആകാശ് പറഞ്ഞു. ഒരു സ്ത്രീയെ പോലീസിനു മുന്നില്‍ വച്ച് ക്രൂരമായി വലിച്ചിഴക്കുന്നതു കണ്ടപ്പോഴാണ് താന്‍ ഇടപെട്ടത്. അപ്പോള്‍ മറ്റൊന്നും ചെയ്യാന്‍ തോന്നിയില്ല. ഇനിയും ക്രിക്കറ്റ് ബാറ്റ് എടുക്കാനുള്ള അവസരം ഉണ്ടാകാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പൊതു ജന താത്പര്യങ്ങള്‍ക്ക് വിധേയമായാണ് ഞങ്ങലെ പോലുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ പുരോഗതിക്കും സമാധാനത്തിനും വേണ്ടിയാണ് ജീവിതത്തിലെ ഓരോ നിമിഷവും ചെലവഴിക്കുന്നത്. അത് തുടരും. ആകാശ് വ്യക്തമാക്കി.

അതേസമയം, അനധികൃത കയ്യേറ്റത്തെ തടയാന്‍ എത്തിയ ബ്യാസ്, ഖരേ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തോട് തട്ടിക്കയറുകയും പിന്നീട് അവരെ ക്രിക്കറ്റ് ബാറ്റുപയോഗിച്ച് അടിക്കുകയുമായിരുന്നുവെന്നാണ് ആകാശിനെതിരായ പരാതിയില്‍ പറയുന്നത്.