National
പാര്‍ട്ടി അധ്യക്ഷ പദവി കൈമാറുമ്പോള്‍ വിതുമ്പലടക്കാനാകാതെ ഛത്തിസ്ഗഢ് മുഖ്യമന്ത്രി

റായ്പൂര്‍: ഛത്തിസ്ഗഢ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (സി പി സി സി) അധ്യക്ഷ പദവി കൈമാറുമ്പോള്‍ മുഖ്യമന്ത്രി ഭൂപേഷ് ബഗേലിന് കണ്ണീരടക്കാനായില്ല. മോഹന്‍ മാര്‍ക്കത്തിന് പദവി കൈമാറിയ ശേഷം ഗദ്ഗദകണ്ഠനായാണ് ബഗേല്‍ പ്രസംഗിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷം തന്നോടൊപ്പം പ്രവര്‍ത്തിച്ച നേതാക്കള്‍ക്കു നന്ദി പറഞ്ഞ അദ്ദേഹം ഛത്തീസ്ഗഢിലെ പാര്‍ട്ടിക്ക് അവര്‍ നല്‍കിയ സംഭാവനകളെ അനുസ്മരിച്ചു.
2013ലാണ് തന്നെ സംസ്ഥാന പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ ഗാന്ധി തന്നെ നിയമിച്ചത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പാര്‍ട്ടിയുടെ ഭാവിയെന്താകുമെന്നത് സംബന്ധിച്ച് ഞങ്ങള്‍ ആശങ്കാകുലരായിരുന്നു. 2014 ജൂണില്‍ ഞങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ ആരംഭിച്ച പോരാട്ടം സംസ്ഥാനത്ത് അധികാരത്തിലെത്തുന്നതു വരെ തുടര്‍ന്നു-ബഗേല്‍ പറഞ്ഞു. പുതിയ സി പി സി സി അധ്യക്ഷനെ അഭിനന്ദിച്ച അദ്ദേഹം മാര്‍ക്കം കഠിനാധ്വാനിയും ലളിത ജീവിതം നയിക്കുന്നയാളുമാണെന്ന് പറഞ്ഞു.
ജൂണ്‍ 28നാണ് മാര്‍ക്കത്തെ സി പി സി സി അധ്യക്ഷനായി നിയമിച്ചു കൊണ്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഒപ്പിട്ട കുറിപ്പ് എ ഐ സി സി പുറത്തിറക്കിയത്. സ്ഥാന കൈമാറ്റ ചടങ്ങ് നടക്കുന്നതു വരെ പദവിയില്‍ തുടരാന്‍ ബഗേലിനോട് ആവശ്യപ്പെടുകയും ചെയ്തു.