ലോകകപ്പില്‍ ഇന്ത്യ-ആസ്‌ത്രേലിയ ഫൈനല്‍; പ്രവചനവുമായി വി വി എസ് ലക്ഷ്മണ്‍

Posted on: June 29, 2019 3:55 pm | Last updated: June 29, 2019 at 6:04 pm

ഹൈദരാബാദ്: 2019 ഐ സി സി ലോകകപ്പ് ക്രിക്കറ്റിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുന്‍ ബാറ്റ്‌സ്മാന്‍ വി വി എസ് ലക്ഷ്മണ്‍. ഇത്തവണത്തെ കലാശക്കളി 2003ലെ ലോകകപ്പിന്റെ ആവര്‍ത്തനമാകുമെന്നാണ് ലക്ഷ്മണിന്റെ കണക്കുകൂട്ടല്‍. ക്രിക്കറ്റിന്റെ ഹോം ഗ്രൗണ്ടായ ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ആസ്‌ത്രേലിയയും തമ്മില്‍ ഏറ്റുമുട്ടുമെന്ന് 44കാരനായ മുന്‍ താരം പറയുന്നു. 2003ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ആസ്‌ത്രേലിയയോടു തോറ്റിരുന്നു.

ലോകകപ്പ്-2019 രസകരമായ ഒരു ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ആസ്‌ത്രേലിയ മാത്രമാണ് നിലവില്‍ സെമി ബെര്‍ത്ത് ഉറപ്പാക്കിയിട്ടുള്ളത്. ഇന്ത്യയും ന്യൂസിലന്‍ഡും സെമി പ്രവേശം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ട്, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകളാണ് അവശേഷിക്കുന്ന സ്ഥാനത്തിനായി പോരാട്ടം നടത്തുന്നത്.

ഇംഗ്ലണ്ടിനെതിരെ ജൂണ്‍ 30ന് എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരം ഇന്ത്യ വിജയിക്കുമെന്നും സെമി യോഗ്യത നേടുന്നതിനുള്ള ഇംഗ്ലണ്ടിന്റെ സാധ്യതക്ക് കടുത്ത പ്രഹരമേല്‍പ്പിക്കുമെന്നും ലക്ഷ്മണ്‍ പറഞ്ഞു. ഇന്ത്യയുടെ വിജയങ്ങള്‍ക്ക് ബൗളിംഗ് യൂനിറ്റിനെയാണ് ലക്ഷ്മണ്‍ പ്രകീര്‍ത്തിക്കുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാം തിളങ്ങുന്നു. എന്നാല്‍, മധ്യ ഓവറുകളില്‍ സ്‌ട്രൈക്ക് കൈമാറുന്നതില്‍ എം എസ് ധോണി കാണിക്കുന്ന അലംഭാവത്തെ ലക്ഷ്മണ്‍ വിമര്‍ശിച്ചു. ധോണി അസാമാന്യ താരമാണെങ്കിലും സ്‌ട്രൈക്ക് കൈമാറുന്ന കാര്യത്തില്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്.

അഫാനിസ്ഥാനും വെസ്റ്റിന്‍ഡീസിനുമെതിരായ മത്സരങ്ങളില്‍ മധ്യ ഓവറുകളിലെ മോശം സ്ര്‌ടൈക്ക് റേറ്റിന് ധോണി പഴി കേട്ടിരുന്നു. എന്നാല്‍, വെസ്റ്റിന്‍ഡീസിനെതിരെ അവസാന ഓവറില്‍ ഓഷേയ്ന്‍ തോമസിനെ രണ്ടു സിക്‌സറിനും ഒരു ഫോറിനും പറത്തി ധോണി പ്രകടനം മെച്ചപ്പെടുത്തിയിരുന്നു.