നായിഡുവിന്റെ ബംഗ്ലാവ് അനധികൃതമല്ല; അനുമതി നല്‍കിയത് വൈ എസ് ആര്‍ ഭരണകാലത്ത്: ടി ഡി പി

Posted on: June 29, 2019 1:27 pm | Last updated: June 29, 2019 at 5:37 pm

അമരാവതി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കൃഷ്ണ നദിക്കരയിലെ ബംഗ്ലാവ് അനധികൃതമായി നിര്‍മിച്ചതല്ലെന്ന അവകാശവാദവുമായി ടി ഡി പി. ബംഗ്ലാവ് നിര്‍മിക്കാനുള്ള അനുമതി നിലവിലെ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഢിയുടെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ വൈ എസ് രാജശേഖര്‍ റെഡ്ഢിയുടെ കാലത്ത് നല്‍കിയിട്ടുള്ളതാണെന്നും പാര്‍ട്ടി വ്യക്തമാക്കി. തന്റെ പിതാവ് അനധികൃതമായാണ് അനുമതി നല്‍കിയതെന്ന് ലോകത്തോട് പറയാനാണോ ജഗന്‍  മോഹന്‍ റെഡ്ഢി ശ്രമിക്കുന്നതെന്ന് ടി ഡി പി നേതൃത്വം ചോദിച്ചു. നായിഡുവിന്റെ ബംഗ്ലാവ് തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ പാര്‍ട്ടി അപലപിച്ചു.

ബംഗ്ലാവ് പൊളിക്കുന്നതിന് ആന്ധ്രപ്രദേശ് കാപ്പിറ്റല്‍ റീജ്യണ്‍ ഡവലപ്‌മെന്റ് അതോറിറ്റി (സി ആര്‍ ഡി എ) നോട്ടീസ് നല്‍കിയയുടന്‍ നായിഡു പാര്‍ട്ടിയുടെ ഉയര്‍ന്ന നേതാക്കളുമായി സ്വന്തം വസതിയില്‍ ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച ടി ഡി പി നേതാക്കള്‍ അവസാനം വരെ പോരാടാന്‍ നായിഡുവിനോട് അഭ്യര്‍ഥിച്ചു. അനധികൃത വസതിയിലാണ് താമസിച്ചിരുന്നതെന്ന് ജനങ്ങള്‍ക്ക് തോന്നുമെന്നതിനാല്‍ ബംഗ്ലാവില്‍ നിന്ന് അടിയന്തരമായി ഒഴിയേണ്ടതില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തോടു പറഞ്ഞു.

നായിഡുവിനെയും പാര്‍ട്ടി നേതാക്കളെയും ദ്രോഹിക്കുന്നതിനായി ജഗന്‍ അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് ടി ഡി പി നിയമസഭാ കക്ഷി ഉപ നേതാവും മുന്‍ മന്ത്രിയുമായ കെ അച്ചന്നായിഡു യോഗത്തിനു ശേഷം റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കവെ പറഞ്ഞു.
വൈ എസ് ആര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2007ലാണ് ബംഗ്ലാവുമായി ബന്ധപ്പെട്ട നീന്തല്‍ക്കുളത്തിന് അനുമതി നല്‍കിയത്. 2008ല്‍ കെട്ടിടത്തിന് ഗ്രാമപഞ്ചായത്തും അനുമതി നല്‍കി. ടി ഡി പി അധികാരത്തില്‍ വരുന്നതിനു മുമ്പ് 2012ലാണ് സ്ഥലമേറ്റെടുക്കല്‍ നടത്തിയത് അച്ചന്നായിഡു പറഞ്ഞു.

സി ആര്‍ ഡി എ രൂപവത്കരിക്കുന്നതിനു മുമ്പ് അനുമതി നല്‍കപ്പെട്ട കെട്ടിടത്തിന് സി ആര്‍ ഡി എ ആക്ട്‌ എങ്ങനെയാണ് ബാധകമാവുകയെന്ന് അദ്ദേഹം ചോദിച്ചു. കെട്ടിടം നിര്‍മിച്ചതിലെ ഉദ്ദേശ്യ ശുദ്ധിയെക്കുറിച്ച് അറിയാത്തതു കൊണ്ടാണ് ജഗന്‍ അതു പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതെന്നും അച്ചന്നായിഡു കൂട്ടിച്ചേര്‍ത്തു.

നായിഡുവിന്റെ വസതിക്കെതിരെ നോട്ടീസ് നല്‍കാനുള്ള സി ആര്‍ ഡി എ തീരുമാനത്തെ മുന്‍ മന്ത്രി രാമകൃഷ്ണുഡുവും അപലപിച്ചു. ജഗന്‍ സര്‍ക്കാറിന്റെ പ്രതികാര ബുദ്ധിയോടെയുള്ള സമീപനമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.