Connect with us

Editorial

കസ്റ്റഡിയിലെടുക്കുന്നത് ജീവനെടുക്കാനല്ല

Published

|

Last Updated

പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട വാഗമണ്‍ കോലാഹലമേട് കസ്തൂരി ഭവനില്‍ രാജ്കുമാറിന് കസ്റ്റഡിയിലായിരിക്കെ മര്‍ദനങ്ങളേറ്റതിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. രാജ്കുമാറിനെ 12ാം തീയതി നാട്ടുകാര്‍ പോലീസിന് കൈമാറുമ്പോള്‍ ആരോഗ്യവാനായിരുന്നുവെന്ന് നെടുങ്കണ്ടം പഞ്ചായത്ത് അംഗം ആലീസ് തോമസ് വെളിപ്പെടുത്തുന്നു. ആശുപത്രിയില്‍ എത്തുമ്പോള്‍ രാജ്കുമാര്‍ നടക്കാനാകാത്ത വിധം അവശനായിരുന്നുവെന്നും പോലീസ് ആശുപത്രിയില്‍ എത്തിച്ചത് സ്ട്രക്ചറിലായിരുന്നുവെന്നും നെടുങ്കണ്ടം താലൂക്ക് ആശുപത്രി ഡോക്ടറും ജയില്‍ സൂപ്രണ്ടും മൊഴി നല്‍കിയിട്ടുണ്ട്. രാജ്കുമാര്‍ ജൂണ്‍ 12ന് പോലീസ് കസ്റ്റഡിയില്‍ വന്നിട്ടും അറസ്റ്റ് രേഖപ്പെടുത്തിയത് ജൂണ്‍ 16നാണ്. ഇതിനിടയിലുള്ള ദിവസങ്ങളില്‍ സ്റ്റേഷനില്‍ നിന്ന് രാത്രി നിലവിളി കേട്ടതായി സമീപ വാസികളും സാക്ഷ്യപ്പെടുത്തുന്നു.

നെടുങ്കണ്ടം തൂക്കുപാലത്ത് സ്വാശ്രയ സംഘങ്ങള്‍ക്ക് വായ്പ വാഗ്ദാനം ചെയ്ത് മൂന്ന് കോടിയോളം തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നാല് ദിവസങ്ങള്‍ക്കു ശേഷം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാജ്കുമാര്‍ അവിടെ വെച്ച് മരിക്കുകയും ചെയ്തു. പോലീസ് കസ്റ്റഡിയില്‍ പ്രതിക്ക് ക്രൂരമായ മര്‍ദനമേറ്റതായി ബന്ധുക്കള്‍ ആരോപിക്കുന്നു. രാജ്കുമാറിന്റെ ശരീരത്തില്‍ 32 മുറിവുകള്‍ ഉണ്ടായിരുന്നു. ഏറെയും അരക്കു താഴെയാണ്. നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ എ എസ് ഐയും രണ്ട് പോലീസ് ഡ്രൈവര്‍മാരും ചേർന്ന് മര്‍ദിച്ചുവെന്നാണ് പറയപ്പെടുന്നത്. മര്‍ദന വിവരം പുറത്തു വരാതിരിക്കാനായി പോലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി സംശയിക്കപ്പെടുന്നു. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയിലുണ്ട്. അന്നേരം ആരോഗ്യവാനായി നടന്നാണ് വരുന്നത്. എന്നാല്‍ 16ന് അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റിനു മുന്നിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയിലില്ല.

എത്ര ഗുരുതരമായ കുറ്റത്തിന് കസ്റ്റഡിയിലെടുത്ത പ്രതികളാണെങ്കിലും ശാരീരികാക്രമണത്തിന്റെ നേരിയ മുറ പോലും പ്രയോഗിക്കരുതെന്നാണ് നിയമമെങ്കിലും രാജ്യത്ത് കസ്റ്റഡി മര്‍ദനവും മൂന്നാം മുറ പ്രയോഗവും അതേ തുടര്‍ന്നുള്ള മരണവും വര്‍ധിച്ചു വരികയാണ്. പലപ്പോഴും ക്രൂരമായ മര്‍ദന മുറകളാണ് പോലീസുകാരില്‍ നല്ലൊരു പങ്കും കേസ് തെളിയിക്കാന്‍ പ്രയോഗിക്കുന്നത്. കേരളത്തിലും കുറവല്ല കസ്റ്റഡി മരണങ്ങള്‍. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം നിലവിലെ ഭരണത്തില്‍ സംസ്ഥാനത്ത് അഞ്ച് കസ്റ്റഡി മരണങ്ങള്‍ നടന്നിട്ടുണ്ട്. രാജ്കുമാറിന്റെ മരണത്തോടെ ഇത് ആറായി. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് എട്ട് മരണങ്ങള്‍ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെളിപ്പെടുത്തിയതാണ്.

കസ്റ്റഡി മരണങ്ങള്‍ തടയുന്നതിന് 2006 ഫെബ്രുവരിയില്‍ സുപ്രീം കോടതി ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. മൊഴി, മഹസ്സര്‍, പ്രഥമ വിവര റിപ്പോര്‍ട്ട,് സാക്ഷിമൊഴി എന്നിവ രേഖപ്പെടുത്തുക, സുതാര്യത ഉറപ്പാക്കാനായി വീഡിയോ, കമ്പ്യൂട്ടര്‍ തുടങ്ങിയവയും കേസന്വേഷണത്തിന് ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തുക, പോലീസ് മാന്വല്‍ ശാസ്ത്രീയമായി പരിഷ്‌കരിക്കുക, കസ്റ്റഡി പീഡനത്തെക്കുറിച്ചുള്ള പരാതികളുടെ അന്വേഷണം സ്വതന്ത്ര ഏജന്‍സികളെ ഏല്‍പ്പിക്കുക, പോലീസ് പീഡനം മൂലമാണ് പ്രതി മരണപ്പെട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ സംഭവത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കുള്ള പോലീസുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് രാജ്യത്തെ പോലീസ് സ്റ്റേഷനുകളില്‍ ചോദ്യം ചെയ്യലും മറ്റു നടപടികളും നടന്നു വരുന്നത്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് പോലീസ് ധര്‍മം. അതിനു വേണ്ടിയാണ് ജനങ്ങളുടെ നികുതിപ്പണം നല്‍കി അവരെ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ സംരക്ഷകരാകേണ്ട നിയമപാലകര്‍ തന്നെ പലപ്പോഴും അക്രമികളും കൊലയാളികളുമായി മാറുകയാണ്. ഇത് സേനക്ക് മൊത്തം കളങ്കം വരുത്തി വെക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പോലീസുകാര്‍ ഉന്നതങ്ങളിലെ സ്വാധീനത്തിലൂടെയും രാഷ്ട്രീയ ഇടപെടലുകളിലൂടെയും തെളിവുകള്‍ നശിപ്പിച്ചും രക്ഷപ്പെടുകയാണ് പതിവ്.

ഗുരുതരമായ കുറ്റങ്ങള്‍ ചെയ്യുന്ന പോലീസുകാര്‍ക്ക് പോലും തുടക്കത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന ശിക്ഷ സസ്‌പെന്‍ഷനാണ്. ഇവര്‍ രാഷ്ട്രീയ സ്വാധീനത്തിലൂടെ താമസിയാതെ തന്നെ ജോലിയില്‍ തിരികെ പ്രവേശിക്കുന്നു. സര്‍വീസില്‍ പ്രവേശിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്തിയും മറ്റും കേസില്‍ നിന്ന് രക്ഷപ്പെടാനും എളുപ്പമാണ്. ചുരുക്കം ചില കേസുകളില്‍ പോലീസുകാര്‍ ശിക്ഷിക്കപ്പെട്ടത് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നടത്തിയ വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലായിരുന്നു. ചേര്‍ത്തല സ്വദേശി ഗോപി 1987ല്‍ കസ്റ്റഡി മര്‍ദനത്തില്‍ മരിച്ച കേസില്‍ പോലീസുകാര്‍ ശിക്ഷിക്കപ്പെട്ടു കൊണ്ടുള്ള വിധി വരുന്നത് 21 വര്‍ഷത്തിനു ശേഷം 2008ലാണ്.

മോഷണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഉദയകുമാറിനെ 2005 സെപ്തംബര്‍ 27ന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉരുട്ടിക്കൊന്ന കേസില്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ജൂലൈയിലാണ് ശിക്ഷാ വിധിയുണ്ടായത്. മറ്റൊരു മോഷണക്കേസ് പ്രതിയായ രാജേന്ദ്രന്‍ 2005 ഏപ്രില്‍ ആറിന് കൊല്ലം ഈസ്റ്റ് വളപ്പിലെ പോലീസ് മ്യൂസിയത്തില്‍ ചോദ്യം ചെയ്യലിനിടെ മരണപ്പെട്ട കേസില്‍ രണ്ട് പോലീസുകാരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് ഒമ്പത് വര്‍ഷത്തിനു ശേഷമാണ്. കേസിലെ ഈ കാലതാമസവും പ്രതികള്‍ സ്വാധീനത്തിലൂടെ നിയമത്തിന്റെ മുന്നില്‍ രക്ഷപ്പെടുന്ന സ്ഥിതി വിശേഷവും ഇല്ലാതായെങ്കില്‍ മാത്രമേ പോലീസ് മര്‍ദനത്തെ തുടര്‍ന്നുള്ള കസ്റ്റഡി മരണങ്ങള്‍ക്ക് അറുതി വരുത്താനാകുകയുള്ളൂ.

Latest