ചാറ്റ് ചെയ്യാം സംസാരിക്കാം; സെല്ലുലാര്‍ നെറ്റ് വര്‍ക്കും വൈഫൈയും ഇല്ലാതെ

Posted on: June 28, 2019 6:36 pm | Last updated: June 28, 2019 at 6:37 pm


സെല്ലുലാര്‍ നെറ്റ് വര്‍ക്കും വൈഫൈയുമില്ലാതെ ടെക്സ്റ്റ് ചാറ്റ് ചെയ്യാനും സംസാരിക്കാനും സാധിക്കുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഓപ്പോ. ചൈനയിലെ ഷാങ്ഹായില്‍ നടന്ന മൊബൈല്‍ വേള്‍ഡ് വൈഡ് സമ്മേളനത്തിലാണ് ‘മെഷ് ടോക്ക് ‘ എന്ന പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. സെല്ലുലാര്‍ നെറ്റ് വര്‍ക്കോ ബ്ലൂടൂത്തോ വൈഫൈ സംവിധാനങ്ങളോ ഇല്ലാതെ നിശ്ചിത പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് ആശയവിനിമയം ചെയ്യാന്‍ ഇതുവഴി സാധിക്കും.

ബാഹ്യ കണക്ഷനുകളുടെ ആവശ്യമില്ലാതെ 3 കിലോമീറ്റര്‍ പരിധിയില്‍ വാചകങ്ങള്‍, ശബ്ദ സന്ദേശങ്ങള്‍, തത്സമയ വോയ്സ് കോളുകള്‍ എന്നിവ കൈമാറാന്‍ സാധിക്കുന്നു. ഓപ്പോ ഫോണിനുള്ളിലെ പ്രത്യേകം രൂപകല്‍പന ചെയ്ത ചിപ്പ് ഇത്രയും ദൂരം കുറഞ്ഞ പവര്‍ ചിലവഴിച്ചാണ് ഈ ആശയവിനിമയം സാധ്യമാക്കുന്നത്.

അഡ്ഹോക് ലോക്കല്‍ ഏരിയ നെറ്റ്വര്‍ക്ക് അതായത് പരസ്പരം സിഗ്‌നല്‍ പരിധിയിലുള്ള ഓപ്പോ ഫോണുകള്‍ ഒരു നെറ്റ്വര്‍ക്ക് രൂപീകരിച്ചാണ് ഈ ആശയ വിനിമയം സാധ്യമാവുന്നത്. ഇത് കേവലം രണ്ട് ഓപ്പോ ഡിവൈസുകള്‍ കൊണ്ട് മാത്രം സാധ്യമല്ല. ധാരാളം ഓപ്പോ ഫോണുകള്‍ ഉണ്ടെങ്കില്‍ മാത്രമെ ഈ സംവിധാനം പ്രവര്‍ത്തിക്കുകയൊള്ളൂ. അടിയന്തര ഘട്ടങ്ങളില്‍ ഇതൊരു വാക്കി ടോക്ക് പോലെ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചും കമ്പനി ആലോചിക്കുന്നുണ്ട്.

ലോകത്തെ ആദ്യത്തെ സ്‌ക്രീനിലുള്ളില്‍ ക്യാമറ സാങ്കേതിക വിദ്യ ഓപ്പോ മൂന്ന് ആഴ്ച മുമ്പ് ട്വിറ്റര്‍ വഴിയും രണ്ട് ദിവസം മുമ്പ് ഷാങ്ഹായിലെ സമ്മേളനത്തിലും അവതരിപ്പിച്ചിരുന്നു.