കുലം മുടിക്കും, ലക്ഷ്യം കാണാത്ത പദ്ധതികൾ

Posted on: June 28, 2019 3:32 pm | Last updated: June 28, 2019 at 3:32 pm
ഊരിൽ ഒരു ദിവസം പദ്ധതിയുടെ ഭാഗമായി 2015 ൽ അന്നത്തെ ജില്ലാ കലക്ടർ എസ് ഹരികിഷോറിന്റെ നേതൃത്വത്തിൽ ആദിവാസി കോളനി സന്ദർശിച്ചപ്പോൾ

പത്തനംതിട്ട: ജില്ലയിലെ ആദിവാസി കുടിലുകളിലെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ നിരവധി പദ്ധതികൾക്കാണ് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ വകുപ്പും പട്ടിക വർഗ വികസന വകുപ്പും രൂപം നൽകിയിട്ടുള്ളത്. ഇതിന്റെ പ്രാഥമിക പടിയായി 2008ൽ നടത്തിയ പട്ടിക വർഗ സമുദായങ്ങളുടെ അടിസ്ഥാന വിവര ശേഖരണം 2009 ഡിസംബറിൽ പ്രസിദ്ധീകരിച്ചു. 2008ൽ ജില്ലയിലെ മലമ്പണ്ടാര ആദിവാസി വിഭാഗത്തിന്റെ ജനസംഖ്യ പട്ടിക വർഗ ജനസംഖ്യയുടെ 8.61 ശതമാനമായിരുന്നു. അതായത് 182 കുടുംബങ്ങളിലായി 688 പേർ. 2001ലെ സെൻസസിനേക്കാൾ ഇത് കുറവാണെന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ 2019ൽ ട്രൈബൽ വകുപ്പ് പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 230 കുടുംബങ്ങളിലായി 694 പേർ മലമ്പണ്ടാര വിഭാഗത്തിലുള്ളതായി പറയുന്നു. ഇതിൽ 337 പേർ പുരുഷൻമാരും 357 പേർ സ്ത്രീകളുമാണ്. 152 ആൺകുട്ടികളും 148 പെൺകുട്ടികളും ഇതിൽ ഉൾപ്പെടുന്നു.

2008ലെ കണക്കനുസരിച്ച് ജില്ലയിലെ മലമ്പണ്ടാര വിഭാഗങ്ങളിൽ 182 കുടുംബങ്ങളിൽ 80 കുടുംബങ്ങൾക്ക് വീടില്ല. 2019ൽ ആകെയുള്ള 230 കുടുംബങ്ങളിൽ വനത്തിനുള്ളിൽ കഴിയുന്ന 92 കുടുംബങ്ങൾ പ്ലാസ്റ്റിക്ക് ഷെഡുകൾക്ക്് കീഴിൽ ജീവിതം തള്ളിനീക്കുന്നവരാണ്. 2012 മാർച്ചിൽ ഇവരിൽ 25 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടത്തിന് അനുമതി നൽകിയിരുന്നു. സർക്കാർ നിർദേശത്തെ തുടർന്ന് റാന്നി വനം ഡിവിഷനിലെ ഗൂഡ്രിക്കൽ മേഖലയിൽ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് അന്നത്തെ ജില്ലാ കലക്ടറായിരുന്ന പി വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രാരംഭ നടപടികൾ ആരംഭിച്ചു.

ഇതിനോടൊപ്പം ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി മൂഴിയാർ പ്രദേശത്തെ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള സർവേയും പൂർത്തിയാക്കി. ആദിവാസി സമൂഹത്തെ ശബരിഗിരി പദ്ധതിയുടെ നിർമാണത്തിനായി പണിത കെട്ടിടങ്ങളിലേക്ക് മാറ്റാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിന് പുറമേ നിലയ്ക്കലിൽ ഉൾവനങ്ങളിൽ കഴിയുന്ന ആദിവാസി മലമ്പണ്ടാര വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ളാഹക്ക് സമീപം മഞ്ഞത്തോട്ടിൽ 4.4 ഹെക്ടർ സ്ഥലം ജില്ലാ ഭരണകൂടം കണ്ടെത്തുകയും ചെയ്തു. വനത്തിനുള്ളിൽ കഴിയുന്ന 26 കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ഒന്നേകാൽ കോടി ചെലവഴിച്ച് മോഡൽ ട്രൈബൽ കോളനി സ്ഥാപിക്കുന്നതിന് ബെംഗളൂരു ആസ്ഥാനമായുള്ള ഏജൻസിയുമായി പ്രാഥമിക ചർച്ചകളും നടത്തി. തുടർന്ന് ഫോറസ്റ്റ് ഡവലപ്‌മെന്റ്ഏജൻസിയുടെ യോഗവും ചേർന്നു. വിവിധ വകുപ്പുകളുടെ തലവൻമാരും വനം സംരക്ഷണ സമിതി പ്രസിഡന്റുമാരും ഉൾപ്പെടുന്ന ഫോറസ്റ്റ് ഡവലപ്‌മെന്റ്ഏജൻസി യോഗത്തിൽ, വനാവകാശ നിയമ പ്രകാരം മലമ്പണ്ടാര ആദിവാസി വിഭാഗത്തിന് ഭൂമി അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലേക്ക് അധ്യക്ഷനായിരുന്ന ഡി എഫ് ഒ എത്തിച്ചേർന്നു. മലമ്പണ്ടാര ആദിവാസി വിഭാഗം ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡി എഫ് ഒ യുടെ നിലപാടെന്നാണ് പുറത്തു വന്ന വിവരം.

വീടുകൾക്ക് പുറമേ കൃഷി സൗകര്യം, കമ്മ്യൂനിറ്റി ഹാൾ, അങ്കൺവാടി, ശേഖരിക്കുന്ന വന ഉത്പന്നം വിപണനം ചെയ്യുന്നതിനുള്ള സൊസൈറ്റി എന്നിവയുമുണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി പൂർത്തിയാക്കുന്നതോടുകൂടി വീടില്ലാതെ വനാന്തരഭാഗത്ത് കഴിയുന്ന ആദിവാസി മലമ്പണ്ടാരം വിഭാഗത്തിലുള്ള കുടുംബങ്ങളുടെ പാർപ്പിട പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുമെന്ന പ്രതീക്ഷയായിരുന്നു സർക്കാറിനുള്ളത്. എന്നാൽ സർക്കാർ അനുമതി ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി യാഥാർഥ്യമായില്ല.
ഇതോടെ പത്തനംതിട്ടയുടെ പാരമ്പര്യം അവകാശപ്പെടുന്ന പ്രാക്്തന ഗോത്ര സമൂഹമായ മലമ്പണ്ടാര വിഭാഗത്തെ മുഖ്യധാരയിലെത്തിക്കാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച “ഊരിൽ ഒരു ദിവസം’ പദ്ധതിയുമായി ജില്ലാ ഭരണകൂടം മുന്നോട്ടു പോയി. ഇതിന്റെ ഭാഗമായി 2015 മെയ് മാസം മുതൽ അന്നത്തെ ജില്ലാ കലക്ടർ എസ് ഹരികിഷോറിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം മൂഴിയാർ സായിപ്പുംകുഴി ആദിവാസി കോളനിയും ഇതര കോളനികളും സന്ദർശിച്ചു. ആദിവാസികളുടെ പരാതികൾ നേരിട്ടറിഞ്ഞ് പരിഹാര നടപടികൾ നിർദേശിച്ചു മടങ്ങിയെങ്കിലും നാല് വർഷമായിട്ടും തുടർ നടപടികൾ ഉണ്ടായില്ല. ഇത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഇതോടെ ചാലക്കയം, മണ്ണീറ, കാട്ടാത്തി, മൂഴിയാർ വനമേഖലയിൽ കഴിയുന്ന ആദിവാസികൾക്ക് വാസയോഗ്യമായ വീടുകൾ നിർമിക്കുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി. വർഷങ്ങളായി ആദിവാസികളുടെ പ്രധാന ആവശ്യവും ഇതു തന്നെ.

മൂഴിയാറിൽത്തന്നെ പ്രകൃതിയോടിണങ്ങി താമസ യോഗ്യമായ വീടുകൾ വേണമെന്നായിരുന്നു ജില്ലാ കലക്ടറുടെ മുമ്പിലെത്തിയ ആദിവാസികളുടെ പ്രധാന ആവശ്യം. മറ്റൊരുസ്ഥലത്ത് വീടുകൾ അനുവദിച്ചിട്ടുണ്ടെന്ന് നിർദേശം വന്നെങ്കിലും മറ്റ് എവിടേക്കും പോകാൻ തയാറല്ലെന്ന് ആദിവാസികൾ വ്യക്തമാക്കിയിരുന്നു. വനമേഖലയിൽ തന്നെ കൃഷി ചെയ്യുന്നതിന് ഭൂമി വേണം, വനമേഖലയിലുൾപ്പെടെ ജോലി ലഭ്യമാക്കണം, കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിന് വാഹനസൗകര്യവും ഒരുക്കണം എന്നീ ആവശ്യങ്ങളും ആദിവാസികൾ മുന്നോട്ടുവെച്ചിരുന്നു. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ വനത്തിനുള്ളിൽ തന്നെ അലഞ്ഞുനടക്കുന്നതാണ് ഇവരുടെ പ്രകൃതം. വനവിഭവങ്ങൾ ശേഖരിക്കലാണ് പ്രധാന ഉപജീവനമാർഗം. വനവിഭവങ്ങൾ, കുടിവെള്ളം എന്നിവയുടെ ലഭ്യത, വന്യജീവികളുടെ സാന്നിധ്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് മലമ്പണ്ടാര വിഭാഗം വനത്തിനുള്ളിൽ ദേശാടനം നടത്തുന്നത്.
(തുടരും)

സി പി എം ദത്തെടുത്തു, പക്ഷേ…

പത്തനംതിട്ട: ശബരിമല വനമേഖലകളിൽ കഴിയുന്ന മലമ്പണ്ടാര ആദിവാസി കുടുംബങ്ങളെ 2017ൽ സി പി എം റാന്നി ഏരിയാ കമ്മിറ്റി ദത്തെടുത്തിരുന്നു. റാന്നിയിലെ 13 ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആദിവാസികൾക്ക് ഓരോ മാസവും സഹായമെത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി പ്രത്യേക സർവേയിലൂടെ അർഹരായ കുടുംബങ്ങളെ കണ്ടെത്തി. ചാലക്കയം, പമ്പ, സന്നിധാനം, നിലയ്ക്കൽ, ളാഹ, മൂഴിയാർ, ഗുരുനാഥൻമണ്ണ്, ഗവി മേഖലയിൽ താമസിക്കുന്ന 58 കുടുംബങ്ങളിലെ 243 ആളുകളെയാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.

ഭക്ഷണക്കിറ്റുകൾ, വസ്ത്രങ്ങൾ, പോഷകാഹാരങ്ങൾ എന്നിവ വിതരണം ചെയ്യും. എല്ലാ മാസവും ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം വനത്തിനുള്ളിലെത്തി ചികിത്സ ഉറപ്പാക്കും. രണ്ടാംഘട്ടമായി വനവാസികളായ കുട്ടികളുടെ പഠനം ദത്തെടുക്കും. സർക്കാറിന്റെ ലൈഫ് പദ്ധതിയിൽപ്പെടുത്തി വീടും വസ്തുവും ഉറപ്പ് വരുത്തും. ഇതൊക്കെയായിരുന്നു സി പി എം നേതൃത്വം പ്രഖ്യാപിച്ച പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിന്റെ ഉദ്ഘാടനം 2017 മെയ് 27ന് ശബരിമല തീർഥാടന പാതക്ക് സമീപം ചാലക്കയത്ത് നടന്ന ചടങ്ങിൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കുകയും ചെയ്തു. ഇവിടത്തെ മാതൃക മറ്റിടങ്ങളിലും നടപ്പാക്കുമെന്നും വീട്ടുകാർക്ക് സർക്കാർ പദ്ധതി പ്രകാരം വനത്തിൽ നിയമപ്രകാരം വീട് വെച്ചുനൽകാൻ ശ്രമിക്കുമെന്നും കോടിയേരി പ്രഖ്യാപിച്ചു.

പട്ടികവർഗക്കാർക്ക് വനാവകാശരേഖ നൽകാൻ വേണ്ടത് ചെയ്യും. കുട്ടികൾക്ക് പുസ്തകങ്ങളും യൂനിഫോമും നൽകാനും സർക്കാർ പദ്ധതികളുണ്ട്. മുതിർന്ന ആളുകളെ സാക്ഷരരാക്കാൻ സാക്ഷരതാ മിഷന്റെ സഹായം തേടുമെന്നും കോടിയേരി പറഞ്ഞിരുന്നു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ആദ്യ ഒന്നു രണ്ട് മാസങ്ങളിൽ പദ്ധതിയുമായി മുന്നോട്ടു പോയെങ്കിലും പിന്നീട് തുടർനടപടികളുണ്ടായില്ല.