ശബരിമല ബില്‍: കളം മാറി സംഘ്പരിവാര്‍

ശബരിമല യുവതീ പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പ്രേമചന്ദ്രന്റെ സ്വകാര്യബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണല്ലോ. ശബരിമലയില്‍ യുവതീ പ്രവേശനത്തിന്റെ പേരില്‍ വിശ്വാസികളെ തെരുവിലിറക്കിയ ബി ജെ പിയുടെയും മോദി സര്‍ക്കാറിന്റെയും ഇരട്ടത്താപ്പ് എന്തായാലും ഈ ബില്ലിന്റെ അവതരണത്തോടു കൂടി പുറത്തായിരിക്കുകയാണ്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിധി മറികടക്കാനെന്ന പേരില്‍ ലോക്‌സഭയില്‍ കൊണ്ടുവന്ന ഈ സ്വകാര്യ ബില്ലിനെ സഭക്ക് അകത്തും പുറത്തും ബി ജെ പി ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. ശബരിമല യുവതീ പ്രവേശനത്തിന് എതിരെയുള്ള സ്വകാര്യ ബില്ലിനെ ബി ജെ പി പിന്തുണക്കില്ലെന്ന് റാം മാധവ് വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരായി വാതോരാതെ പ്രസംഗിക്കുകയും അക്രമ സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത ബി ജെ പി നേതൃത്വം ഇപ്പോള്‍ ഈ വിഷയത്തില്‍ ഉരുണ്ടു കളിക്കുന്നത് അപഹാസ്യമാണ്. രാജ്യസഭ പലവട്ടം തള്ളിയ മുത്വലാഖ് ബില്‍ ആദ്യ പാര്‍ലിമെന്റ് സമ്മേളനത്തില്‍ തിരക്കിട്ട് അവതരിപ്പിച്ച രണ്ടാം മോദിസര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ നിയമം കൊണ്ടുവരുമെന്ന മുന്‍ പ്രഖ്യാപനവും ബോധപൂര്‍വം വിഴുങ്ങിയിരിക്കുകയാണ്.
Posted on: June 28, 2019 11:35 am | Last updated: June 28, 2019 at 11:35 am

മൗലിക അവകാശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സമത്വത്തിനുള്ള അവകാശം. നമ്മുടെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14, 15, 16 എന്നിവയില്‍ ഈ അവകാശങ്ങള്‍ സംശയലേശമന്യേ വ്യക്തമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
“ഇന്ത്യന്‍ പ്രദേശത്തിനകത്ത് ഒരാള്‍ക്കും നിയമത്തിനു മുമ്പില്‍ സമത്വമോ തുല്യമായ നിയമ സംരക്ഷണമോ രാഷ്ട്രം നിഷേധിച്ചുകൂടാത്തതാകുന്നു’ എന്ന് ഭരണഘടനയിലെ 14ാം വകുപ്പ് പ്രഖ്യാപിക്കുന്നു.

സമത്വത്തിനുള്ള അവകാശത്തെ സംബന്ധിച്ച് സാമാന്യമായ ഒരു പ്രഖ്യാപനം കൊണ്ട് തൃപ്തിപ്പെടാതെയും നാട്ടില്‍ നിലവിലുള്ള എല്ലാ വിധമായ വിവേചനത്തെ കുറിച്ചും പൂര്‍ണ ബോധത്തോടെയും ഭരണഘടനാ നിര്‍മാതാക്കള്‍ 15ാം വകുപ്പില്‍ ഒരു പടികൂടി മുന്നോട്ട് പോയിരിക്കുന്നു. “ജാതി-മത-ലിംഗ-ജന്മദേശ കാരണങ്ങളാലോ, അവയില്‍ ഏതെങ്കിലും ഒന്നിനെ കാരണമാക്കിയോ രാഷ്ട്രം ഒരു പൗരനോടും വിവേചനം കാട്ടാന്‍ പാടില്ലാത്തതാകുന്നു. ഈ കാരണങ്ങളിലേതെങ്കിലും ഒന്നിനെ അടിസ്ഥാനമാക്കി സര്‍ക്കാറിന്റെ പണം കൊണ്ട് പൂര്‍ണമായോ, ഭാഗികമായോ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നതോ പൊതുജന ഉപയോഗത്തിന് സമര്‍പ്പിക്കപ്പെട്ടതോ ആയ കുളങ്ങള്‍, കിണറുകള്‍, സ്‌നാനഘട്ടങ്ങള്‍, റോഡുകള്‍, പൊതു സങ്കേതങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവയുടെ ഉപയോഗമോ വ്യാപാര സ്ഥാപനങ്ങളിലേക്കും പൊതു റസ്റ്ററന്റുകളിലേക്കുമുള്ള പ്രവേശനമോ ഒരു പൗരനും നിഷേധിച്ചു കൂടാ.

സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്ഷേത്രമായ ശബരിമലയില്‍ യുവതീ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഈ വകുപ്പ് വ്യക്തമാക്കുകയാണ്. ഭരണഘടനയെ അംഗീകരിക്കുന്ന ഒരു സര്‍ക്കാറിനും നിയമനിര്‍മാണ സഭക്കും ഈ മൗലിക അവകാശം നിഷേധിക്കുന്ന നിയമ നിര്‍മാണം നടത്തുക വളരെ എളുപ്പമുള്ള കാര്യവുമല്ല.

ശബരിമല പ്രശ്‌നത്തില്‍ ഹിന്ദുമത വിശ്വാസികള്‍ ആകെ ഉയര്‍ത്തുന്നത് മത സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശമാണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 മുതല്‍ 28 വരെയുള്ള വകുപ്പുകളിലാണ് ഇതിനെപ്പറ്റി പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ നിലനില്‍ക്കുകയാണ്. ഭരണഘടന എഴുതിയുണ്ടാക്കുന്ന സമയത്ത് ജനസംഖ്യയില്‍ 84 ശതമാനം ഹിന്ദുക്കളായിരുന്നു. മുസ്‌ലിംകള്‍ 12 ശതമാനവും ക്രിസ്ത്യാനികള്‍ രണ്ട് ശതമാനവും ആയിരുന്നു അന്നുണ്ടായിരുന്നത്. ഭരണഘടനയിലെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം വ്യക്തമായും ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചായിരുന്നു എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഭരണഘടനാ സമതിയില്‍ എച്ച് വി കമ്മത്ത് നടത്തിയ പ്രസംഗം പ്രത്യേകം ശ്രദ്ധേയമാണ്. “രാഷ്ട്രം ഏതെങ്കിലും ഒരു പ്രത്യേക മതവുമായി താദാത്മ്യം പ്രാപിച്ചു കൂടെന്ന് ഞാന്‍ പറയുമ്പോള്‍ ഒരു രാഷ്ട്രം മതവിരുദ്ധമോ മതരഹിതമോ ആയിരിക്കണമെന്നാണ് ഞാന്‍ പറയുന്നതെന്ന് അര്‍ഥമാക്കിക്കൂടാ. ഇന്ത്യ ഒരു മതേതര രാഷ്ട്രമായിരിക്കണമെന്ന് നാം സുനിശ്ചിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ മതേതര രാഷ്ട്രം നിരീശ്വരമോ, മതരഹിതമോ, മതവിരുദ്ധമോ ആയ രാഷ്ട്രമല്ല.’

പാര്‍ലിമെന്റില്‍ ഹിന്ദുകോഡ് ബില്ലിനെ സംബന്ധിച്ച് നടന്ന വാദപ്രതിവാദത്തില്‍ പങ്കെടുത്തു കൊണ്ട് ഡോ. അംബേദ്ക്കര്‍ മതേതര സങ്കല്‍പ്പത്തിന് താഴെപ്പറയുന്ന വിധത്തില്‍ ഒരു വിവരണം നല്‍കി. “ജനങ്ങളുടെ മതവികാരങ്ങള്‍ നാം കണക്കിലെടുത്തു കൂടെന്ന് അതിന് (മതേതര രാഷ്ട്രത്തിന്) അര്‍ഥമില്ല. ഏതെങ്കിലും ഒരു പ്രത്യേക മതം മറ്റുള്ള ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാര്‍ലിമെന്റിന് അര്‍ഹതയുണ്ടായിക്കൂടെന്ന് മാത്രമാണ് ഒരു മതേതര രാഷ്ട്രമെന്നതിന് ആകെ കൂടിയുള്ള അര്‍ഥം. ഭരണഘടന അംഗീകരിക്കുന്ന ഏക പരിമിതി അതാണ്.’

മനഃസ്സാക്ഷി സ്വാതന്ത്ര്യത്തിന് എല്ലാ വ്യക്തികള്‍ക്കും തുല്യമായ അര്‍ഹതയും സ്വേച്ഛാനുസരണം മതമവലംബിക്കാനും അനുവര്‍ത്തിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ടെന്ന് ഭരണഘടനയിലെ 25ാം വകുപ്പിലെ ഒന്നാം ഉപവകുപ്പ് നിര്‍ദേശിക്കുന്നുണ്ട്. ഇതിന് സമാനമായ ഒരു വകുപ്പാണ് അമേരിക്കന്‍ ഭരണഘടനയിലുമുള്ളത്.

26ാം വകുപ്പ് 25ാം വകുപ്പിന്റെ ഒരു അംശമാണ്. യഥാര്‍ഥത്തില്‍ മതകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിന് അത് ഉറപ്പ് നല്‍കുന്നു. ഇത് അനുസരിച്ച് എല്ലാ മതവിഭാഗങ്ങള്‍ക്കും (എ) മതധര്‍മ ലക്ഷ്യങ്ങള്‍ക്കായി സ്ഥാപനങ്ങളുണ്ടാക്കി നിലനിര്‍ത്താനും, (ബി) മതകാര്യങ്ങളെ സംബന്ധിച്ചിടത്തോളം സ്വയം വേണ്ടതെല്ലാം നിര്‍വഹിക്കാനും, (സി) സ്ഥാവര ജംഗമ സ്വത്തുക്കള്‍ നേടാനും അവരുടെ ഉടമസ്ഥാവകാശം പുലര്‍ത്താനും, (ഡി) നിയമങ്ങള്‍ അനുസരിച്ച് ഇത്തരം സ്വത്തുക്കളുടെ ഭരണം നടത്താനും അവകാശം നല്‍കപ്പെട്ടിരിക്കുന്നു. ഭരണഘടനയിലെ 27ാം വകുപ്പ് ഏത് പ്രത്യേക മതവും പരിപാലിക്കാനും പ്രോത്സാഹിപ്പിക്കാനും വിനിയോഗിക്കുന്ന പണം നികുതിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് മതപരമായ പ്രവര്‍ത്തനത്തിന് കൂടുതലായ ഒരു സംരക്ഷണം കൂടി നല്‍കുന്നു.

ശബരിമല യുവതീ പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പ്രേമചന്ദ്രന്റെ സ്വകാര്യബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണല്ലോ. ശബരിമലയില്‍ യുവതീ പ്രവേശനത്തിന്റെ പേരില്‍ വിശ്വാസികളെ തെരുവിലിറക്കിയ ബി ജെ പിയുടെയും മോദി സര്‍ക്കാറിന്റെയും ഇരട്ടത്താപ്പ് എന്തായാലും ഈ ബില്ലിന്റെ അവതരണത്തോടു കൂടി പുറത്തായിരിക്കുകയാണ്.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിധി മറികടക്കാനെന്ന പേരില്‍ ലോക്‌സഭയില്‍ കൊണ്ടുവന്ന ഈ സ്വകാര്യ ബില്ലിനെ സഭക്ക് അകത്തും പുറത്തും ബി ജെ പി ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. വിധിക്കെതിരെ നിയമ നിര്‍മാണത്തിന് നിയമപരമായ തടസ്സം ഉണ്ടെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി റാം മാധവ് മാധ്യമങ്ങളോട് പറയുകയും ചെയ്തു.

ശബരിമല യുവതീ പ്രവേശനത്തിന് എതിരെയുള്ള സ്വകാര്യ ബില്ലിനെ ബി ജെ പി പിന്തുണക്കില്ലെന്ന് റാം മാധവ് വ്യക്തമാക്കി. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ ഇടപെടാന്‍ കഴിയില്ല. സുപ്രീം കോടതി വിധിയെ മറികടന്ന് ഒരു നടപടി കേന്ദ്ര സര്‍ക്കാറിന് സ്വീകരിക്കാന്‍ സാധ്യമല്ല – സംശയത്തിന് ഇടയില്ലാത്ത നിലയില്‍ അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരായി വാതോരാതെ പ്രസംഗിക്കുകയും അക്രമ സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത ബി ജെ പി നേതൃത്വം ഇപ്പോള്‍ ഈ വിഷയത്തില്‍ ഉരുണ്ടു കളിക്കുന്നത് അപഹാസ്യമാണ്.

കോടതി വിധിമൂലമുണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ ഈ ബില്ല് പരിഹാരമല്ലെന്ന് സഭയിലെ ശൂന്യ വേളയില്‍ ബി ജെ പി അംഗം മീനാക്ഷി ലേഹി പറഞ്ഞു. ബില്‍ അവതരിപ്പിച്ചപ്പോള്‍ ചെയറില്‍ ഉണ്ടായിരുന്ന മീനാക്ഷി ലേഹി ബില്ലിനെ കുറിച്ച് വിശദീകരിക്കാന്‍ അനുവദിച്ചതുമില്ല. ഇതേ വിഷയത്തില്‍ ഔദ്യോഗിക ബില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാനും ലോക്‌സഭയില്‍ കേന്ദ്ര നേതൃത്വം തയ്യാറായിട്ടില്ല.

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കേണ്ട ഭരണഘടനാ ബാധ്യത നിറവേറ്റിയ സംസ്ഥാന സര്‍ക്കാറിനെതിരെ ആചാര സംരക്ഷണത്തിന്റെ പേരില്‍ സമര കോലാഹലം സൃഷ്ടിച്ച ബി ജെ പിയുടെ അവസരവാദപരമായ നിലപാടാണ് ഇതോടെ വെളിപ്പെട്ടത്. രാജ്യസഭ പലവട്ടം തള്ളിയ മുത്വലാഖ് ബില്‍ ആദ്യ പാര്‍ലിമെന്റ് സമ്മേളനത്തില്‍ തിരക്കിട്ട് അവതരിപ്പിച്ച രണ്ടാം മോദിസര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ നിയമം കൊണ്ടുവരുമെന്ന മുന്‍ പ്രഖ്യാപനവും ബോധപൂര്‍വം വിഴുങ്ങിയിരിക്കുകയാണ്.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് തടയാനുള്ള സ്വകാര്യ ബില്‍ ആര്‍ എസ് പി അംഗം പ്രേമചന്ദ്രന്‍ അവതരിപ്പിച്ചത് രാഷ്ട്രീയ രംഗത്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുമെന്നതില്‍ സംശയമില്ല. സുപ്രീം കോടതി വിധി വന്ന 2018 സെപ്തംബറിന് മുമ്പുള്ള സ്ഥിതി ശബരിമല ക്ഷേത്രത്തില്‍ പുനഃസ്ഥാപിക്കാന്‍ വേണ്ടിയാണ് ശബരിമല ശ്രീ ധര്‍മശാസ്ത്രാ ക്ഷേത്രം (പ്രത്യേക വകുപ്പ്) ബില്‍ 2019 എന്ന പേരില്‍ ബില്‍ കൊണ്ടുവന്നത്. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചതില്‍ യോജിക്കുന്നില്ലെങ്കിലും ഈ പ്രശ്‌നം പരിഹരിക്കാന്‍ ബില്‍ പര്യാപ്തമല്ലെന്ന് ബില്‍ വരും മുമ്പേ സഭയില്‍ മീനാക്ഷി ലേഖി വിയോജിപ്പ് രേഖപ്പെടുത്തി.

ഈ ബില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ചര്‍ച്ചക്കെടുക്കല്‍ അത്ര എളുപ്പമല്ല. ഏതൊക്കെ സ്വകാര്യ ബില്ലുകള്‍ ചര്‍ച്ച ചെയ്യണമെന്ന് തീരുമാനിക്കുക നറുക്കിട്ടാണ്. ചര്‍ച്ചക്കെടുക്കാനുള്ള അവസരമുണ്ടായാലും ബില്‍ പാസാകാന്‍ സാധ്യതയില്ല. 1970നു ശേഷം ഒറ്റ സ്വകാര്യ ബില്ലുപോലും പാസായിട്ടില്ല. സ്വകാര്യ ബില്ലിന്റെ കാര്യത്തില്‍ മൂന്ന് കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാറിന് ചെയ്യാന്‍ കഴിയുക. ഇതേ വിഷയത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഈ ബില്‍ പിന്‍വലിക്കണമെന്നും സ്വകാര്യ ബില്‍ കൊണ്ടുവന്ന അംഗത്തോട് ആവശ്യപ്പെടാം. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്ന നിലപാട് എടുക്കാം. അംഗം ഉറച്ചു നിന്നാല്‍ ബില്‍ വോട്ടിന് ഇട്ട് തള്ളാം.

ബി ജെ പി നേതാക്കളുടെ മുന്‍ പ്രസ്താവനകള്‍ ഈ അവസരത്തില്‍ പരിശോധിക്കേണ്ടതാണ്. ശബരിമലയില്‍ വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുമെന്നാണ് ബി ജെ പി പ്രകടനപത്രിക സംശയ ലേശമന്യേ വ്യക്തമാക്കിയിട്ടുള്ളത്. ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് നിയമ നിര്‍മാണം നടത്താന്‍ അധികാരമുണ്ടെങ്കില്‍ അത് ആചാര സംരക്ഷണാര്‍ഥം ഉപയോഗിക്കുന്നതിന് പാര്‍ട്ടി പരമാവധി ശ്രമിക്കുമെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി എസ് ശ്രീധരന്‍പിള്ള പ്രസ്താവിച്ചത്. ശബരിമല ആചാര സംരക്ഷണത്തിനൊപ്പവും അയ്യപ്പ വിശ്വാസികള്‍ക്കൊപ്പവും ബി ജെ പി ഉറച്ചു നില്‍ക്കുമെന്നാണ് ബി ജെ പി അധ്യക്ഷനും കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖനുമായ അമിത് ഷാ വ്യക്തമാക്കിയിട്ടുള്ളത്.

എന്തായാലും ഈ പ്രഖ്യാപനങ്ങള്‍ക്കൊന്നും യാതൊരു ആത്മാര്‍ഥതയും ഇല്ലെന്ന് അനൗദ്യോഗിക ബില്ലിന്റെ അവതരണത്തോടു കൂടി വ്യക്തമായിരിക്കുകയാണ്.
രാജ്യത്തിന്റെ ഭരണഘടനയോട് ഭരണകക്ഷിയായ ബി ജെ പിക്ക് യാതൊരു കൂറുമില്ല. അത് പലപ്രാവശ്യം തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. അതുകൊണ്ട് തന്നെയാണ് ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ ഉരുണ്ടു കളിക്കുന്നത്. എന്തായാലും പ്രേമചന്ദ്രന്റെ അനൗദ്യോഗിക ബില്ലുകൊണ്ട് അമിത് ഷാ- നരേന്ദ്ര മോദി എന്നിവരുടെ തനിനിറം തുറന്ന് കാട്ടാന്‍ സഹായകമായി എന്നുള്ളത് ഈ അവസരത്തില്‍ പ്രത്യേകം എടുത്ത് പറയേണ്ടതാണ്.
(ഫോണ്‍: 9847132428)