ഉറങ്ങിക്കിടക്കവെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചു;ചാനല്‍ റിപ്പോര്‍ട്ടറും ഭാര്യയും മാതാവും മരിച്ചു

Posted on: June 28, 2019 10:23 am | Last updated: June 28, 2019 at 2:03 pm

ചെന്നൈ: തമിഴ്‌നാട്ടിലെ താംബരം സേലയൂരില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. സ്വകാര്യ തമിഴ് ന്യൂസ് ചാനലിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പ്രസന്ന (36), ഭാര്യ അര്‍ച്ചന (30), മാതാവ് രേവതി (59) എന്നിവരാണു മരിച്ചത്. വോള്‍ട്ടേജ് വ്യതിയാനത്തെ തുടര്‍ന്നു റഫ്രിജറേറ്ററിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് കത്തുകയായിരുന്നു. രാത്രി രണ്ട് മണിയോടെയാകാം സംഭവമെന്നാണ് കരുതുന്നത്.

റഫ്രിജറേറ്ററില്‍ നിന്നുള്ള വിഷ വാതകവും വീട്ടിലെ പ്ലാസ്റ്റിക് കത്തിയുണ്ടായ വിഷപ്പുകയും ശ്വസിച്ചതാവാം മരണകാരണമെന്നു പോലീസ് പറഞ്ഞു. എസി പ്രവര്‍ത്തിപ്പിക്കാന്‍ വീട്ടിലെ ജനലുകളും വാതിലുകളും അടച്ചിട്ടത് ദുരന്തത്തിന് ആക്കംകൂട്ടി. പ്രസന്നയുടെയും, മാതാവിന്റെയും മൃതദേഹം സ്വീകരണ മുറിയിലും ഭാര്യയുടെ മൃതദേഹം കിടപ്പുമുറിയിലും കണ്ടെത്തി. അപകടത്തിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോയെന്ന് പോലീസ് അന്വേഷിക്കും