ജി 20 ഉച്ചകോടിക്ക് മുമ്പായി മോദി ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted on: June 27, 2019 11:24 pm | Last updated: June 28, 2019 at 10:24 am

ഒസാക: നാളെ ആരംഭിക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സൊ അബെയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധവും ആഗോള വിപണിയിലെ സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്‌പോകുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഇരു നേതാക്കളും പ്രതികരിച്ചു. ജപ്പാന്റെ സഹായത്തോടെ രാജ്യത്ത് ആരംഭിക്കാനിരിക്കുന്ന ബുള്ളറ്റ് ട്രെയിനും ചര്‍ച്ചയില്‍ ഇടംപിടിച്ചു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50000 സ്റ്റാര്‍ട്ടപ്പുകളാണ് (പുതു സംരംഭങ്ങള്‍) സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് പ്രആബെയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു. അഴിമതി തടയുന്നതിന് ജി 20 രാജ്യങ്ങള്‍ ഒരുമിച്ച് പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന് ആബെ ആവശ്യപ്പെട്ടു.

ജപ്പാനില്‍ നാളെ മുതല്‍ രണ്ട് ദിവസങ്ങളിലായാണ് ജി 20 ഉച്ചകോടി ജപ്പാനില്‍ നടക്കുന്നത്. ലോകത്തെ വലിയ സാമ്പത്തിക ശക്തികളായ രാജ്യങ്ങളിലെ ഭരണാധികാരികളാണ് സംഗമിക്കുക.

ജി20 ഉച്ചകോടിക്കിടെ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളും ത്രിരാഷ്ട്ര ചര്‍ച്ചകളും നടക്കും. ജപ്പാന്‍- അമേരിക്ക- ഇന്ത്യ ത്രിരാഷ്ട്ര ചര്‍ച്ചയിലും ഇന്ത്യ- റഷ്യ- ചൈന ത്രിരാഷ്ട്ര ചര്‍ച്ചയിലും മോദി പങ്കെടുക്കും. കൂടിക്കാഴ്ചക്കൊടുവില്‍ വിവിധ കരാറുകളിലും രാഷ്ട്രതലവന്‍ാര്‍ ഒപ്പുവെക്കും.