ദുരിതയാത്ര: ദുബൈ- കോഴിക്കോട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകിയത് 11 മണിക്കൂര്‍

Posted on: June 27, 2019 8:57 pm | Last updated: June 27, 2019 at 8:57 pm

ദുബൈ: ദുബൈയില്‍ നിന്ന് കോഴിക്കേട്ടേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം 11 മണിക്കൂറിലധികം വൈകിയത് യാത്രക്കാരെ വലച്ചു. നാട്ടില്‍ ഭാര്യ മരണപെട്ട വാര്‍ത്തയറിഞ്ഞു മൃതദേഹം കാണാന്‍ പോകുന്ന ഭര്‍ത്താവും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ 2.25ന് പുറപ്പെടേണ്ടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ എക്‌സ് 344 വിമാനമാണ് വൈകിയത്. കോഴിക്കോട് നിന്നും വെളുപ്പിന് 1.25ന് എത്തേണ്ട വിമാനം എത്താത്തതാണ് കാരണം.

കോഴിക്കോട്ടേക്ക് പോകേണ്ട യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി ബോര്‍ഡിങ് പാസ് എടുത്തു പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് വിമാനം വൈകുമെന്ന വിവരം അധികൃതര്‍ അറിയിക്കുന്നത്. എന്നാല്‍ കോഴിക്കോട് നിന്ന് മറ്റൊരു വിമാനം എത്തി ദുബൈയില്‍ നിന്ന് 10.30ഓടെ യാത്ര പുറപ്പെടുമെന്നാണ് ആദ്യം അറിയിച്ചത്.

വിമാനത്തിന്റെ എയര്‍ കണ്ടീഷന്‍ തകരാറാണ് വൈകാന്‍ കാരണമായി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് സാങ്കേതിക തകരാര്‍ മൂലം യാത്ര വൈകുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചുവെന്ന് യാത്രക്കാരായ അബ്ദുല്‍ അസീസ് പുളിക്കല്‍, സുഹൈല്‍ കളരാന്തിരി, ഷകീര്‍ മന്ദലാംകുന്ന് പറയുന്നു.

യാത്രക്കാര്‍ക്ക് താമസ സ്ഥലത്തേക്ക് തിരിച്ചു പോകാന്‍ ടാക്‌സി സൗകര്യം ഒരുക്കുമെന്നും ആവശ്യമുള്ളവര്‍ക്ക് ഹോട്ടലില്‍ സൗകര്യം ഒരുക്കാമെന്ന് വിമാനത്താവളത്തിലെ എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇതനുസരിച്ച് ചില യാത്രക്കാര്‍ തങ്ങളുടെ താമസ സ്ഥലത്തേക്കും കുറച്ചു പേര്‍ ഹോട്ടലിലേക്കും മടങ്ങി. എന്നാല്‍, ഏതാനും പേര്‍ വിമാനത്താവളത്തില്‍ തന്നെ കാത്തിരുന്നു.
രാവിലെ ഒമ്പത് മണിയായിട്ടും 10.30ക്ക് പുറപ്പെടുന്നതിനുള്ള തയാറെടുപ്പുകള്‍ ഒന്നുമില്ലാതായതോടെ ഇവര്‍ വീണ്ടും അധികൃതരെ സമീപിക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്നാണ് യന്ത്ര തകരാര്‍ പരിഹരിച്ച് കോഴിക്കോട് നിന്നും വിമാനം പുറപ്പെട്ടുവെന്നും ഉച്ചക്ക് ഒരു മണിയോടെ യാത്ര പുറപെടാമെന്ന് അറിയിച്ചത്. 1.48നാണ് വിമാനം പുറപ്പെട്ടത്.