ഇത്തിഹാദ് റെയില്‍ അബുദാബി-ദുബൈ; 440 കോടിയുടെ കരാര്‍

Posted on: June 27, 2019 8:43 pm | Last updated: June 27, 2019 at 8:43 pm

അബുദാബി: ഇത്തിഹാദ് റെയില്‍ വിപുലീകരണത്തിന്റെ രണ്ടാം ഘട്ടത്തിന് അംഗീകാരം. അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ഇത്തിഹാദ് റെയില്‍ ചെയര്‍മാനുമായ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ചേര്‍ന്ന ഇത്തിഹാദ് റെയില്‍ ബോര്‍ഡ് യോഗമാണ് അബുദാബിയെ മറ്റ് എമിറേറ്റുകളുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

440 കോടി ദിര്‍ഹം ചിലവിലാണ് 605 കിലോമീറ്റര്‍ രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കുക. പാക്കേജ് ബി, സി യുടെ ഭാഗമായി രണ്ടാംഘട്ടത്തില്‍ നിര്‍മിക്കുന്ന ഖലീഫ തുറമുഖം, ഖലീഫ ഇന്‍ഡസ്ട്രിയല്‍ സിറ്റി (കിസാദ്), ജബല്‍ അലി തുറമുഖം എന്നിവയുമായി ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. രണ്ട് പാക്കേജുകളും ഗുവൈഫത്ത് മുതല്‍ കിഴക്കന്‍ തീരത്തെ ഫുജൈറ തുറമുഖം വരെയുള്ള 650 കിലോമീറ്റര്‍ പാതയുടെ ഭാഗമാണ്.

രണ്ടാംഘട്ട പദ്ധതിയില്‍ 310 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നത് തന്ത്രപരമായ തുറമുഖങ്ങളിലേക്കും വ്യാവസായിക മേഖലയിലേക്കുമുള്ള ലിങ്കുകളാണ്. 650 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ എര്‍ത്ത് വര്‍ക്കുകള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍, അനിമല്‍ ക്രോസിംഗുകള്‍, ട്രാക്ക്-ലേയിംഗ് എന്നിവയുള്‍പ്പെടെ റെയില്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ രൂപകല്‍പനയും നിര്‍മാണവും കേന്ദ്രീകരിക്കും. പാക്കേജ് എ യുമായി പാക്കേജ് ബിയും, പാക്കേജ് സി യുമായി പാക്കേജ് ബി യും ബന്ധിപ്പിക്കുന്നു. രണ്ട് പാക്കേജുകളിലെയും സിവില്‍, ട്രാക്ക് ജോലികള്‍ക്കായുള്ള രണ്ട് കരാറുകള്‍ ചൈന റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനും, ഗാന്‍ടൂട്ട് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ജനറല്‍ കോണ്‍ട്രാക്റ്റിംഗ് കമ്പനി നേടി. ഇത്തിഹാദ് റെയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷാദി മലകും, ഗാന്‍ടൂട്ട് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ജനറല്‍ കോണ്‍ട്രാക്ടിംഗ് ചെയര്‍മാന്‍ അലി മുഹമ്മദ് സാദിഖ് അല്‍ ബലൂശി, ചൈന റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പ്രതിനിധി വാങ് ജിന്‍സോംഗ് എന്നിവര്‍ തമ്മിലാണ് ധാരണ പത്രത്തില്‍ ഒപ്പുവെച്ചത്.

യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക വികസന പദ്ധതികളിലൊന്നാണ് ഇത്തിഹാദ് റെയില്‍ എന്ന് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മേഖലയില്‍ വലിയ മാറ്റമാണുണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയിലുടനീളമുള്ള നമ്മുടെ ഗതാഗത വ്യവസായത്തിന്റെയും ചരക്ക് വണ്ടി മേഖലയുടെയും വളര്‍ച്ച ഇത്തിഹാദ് റെയില്‍ നിലനിര്‍ത്തും, രാജ്യങ്ങള്‍ അവരുടെ സാമ്പത്തിക, സാമൂഹിക ലക്ഷ്യങ്ങള്‍ നേടാന്‍ ആശ്രയിക്കുന്ന ഗതാഗത മാര്‍ഗങ്ങളില്‍ ഒന്നാണ് റെയില്‍വേ സംവിധാനങ്ങള്‍ അദ്ദേഹം പറഞ്ഞു.