ദൂരയാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഇനി ഫ്രഷ് അപ് സെന്ററുകളും

Posted on: June 27, 2019 8:41 am | Last updated: June 27, 2019 at 5:47 pm

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപറേഷന്റെ നേതൃത്വത്തിൽ ദൂരയാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സഹായകരമായ ഫ്രഷ് അപ് സെന്ററുകൾ ആരംഭിക്കുന്നു. ഇതിനായി ഒരു കോടി രൂപയുടെ ഭരണാനുമതി നൽകി. ദൂര യാത്ര ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ശുചിത്വമുള്ളതും സ്ത്രീ സൗഹൃദവുമായ ശുചിമുറിയുടെ ലഭ്യത. ഇക്കാര്യം പരിഹരിക്കുന്നതിനായാണ് യാത്രയുടെ ഇടവേളകളിൽ സ്ത്രീകൾക്ക് വിശ്രമിക്കുന്നതിനും മറ്റുമായി ഫ്രഷ് അപ് സെന്ററുകൾ ആരംഭിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ആദ്യഘട്ടമായി ഈ സാമ്പത്തിക വർഷം രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളോടനുബന്ധിച്ച് ഒാരോ ഫ്രഷ് അപ്പ് സെന്റർ ആരംഭിക്കുന്നത്.

വൃത്തിയുള്ള ശൗചാലയങ്ങളുടെ ആവശ്യം കൂടുതലും യാത്രാ മധ്യേയാണ്. അതിനാൽ തന്നെ കേരളത്തിലെ പ്രധാന പാതയോരങ്ങളിൽ ശൗചാലയങ്ങൾ ലഭ്യമാക്കിയാൽ കൂടുതൽ പ്രയോജനകരമാകും. ഈ ഉദ്ദേശ്യ മുൻനിർത്തി വനിതാ വികസന കോർപറേഷൻ നടപ്പാക്കുന്ന പദ്ധതിയാണ് ഫ്രഷ് അപ് സെന്റർ. മൂന്ന് ശൗചാലയങ്ങൾ, അമ്മമാർക്ക് മുലയൂട്ടൽ മുറി, നാപ്കിൻ ഇൻസിനറേറ്റർ, സ്‌നാക് ബാർ തുടങ്ങിയ വിവിധ വനിതാ സൗഹൃദ സൗകര്യങ്ങൾ ഫ്രഷ് അപ് സെന്ററിൽ ലഭ്യമായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനം പദ്ധതിക്കായി നൽകുന്ന സ്ഥലത്താണ് തദ്ദേശ ഭരണ വകുപ്പ് എൻജിനീയേർസ് അസോസിയേഷൻ സെന്റർ നിർമിക്കുന്നത്. സെന്ററിന്റെ മേൽനോട്ടം കോർപറേഷൻ നിർവഹിക്കും.

യാത്ര ചെയ്യുന്ന സ്ത്രീകൾക്കും അവരുടെ കുടുംബങ്ങൾക്കും സുരക്ഷിതവും വൃത്തിയുള്ളതുമായ പൊതുശൗചാലയങ്ങൾ നൽകുന്നതിനോടൊപ്പം ഈ പദ്ധതിയിലൂടെ കുറഞ്ഞത് നാല് സ്തീകൾക്ക് തൊഴിലവസരവും ലഭിക്കുന്നു. ലഘു ഭക്ഷണശാലയുടെ സംരംഭകത്വം, ഫ്രഷ് അപ് സെന്ററിന്റെ മേൽനോട്ടം, യൂനിറ്റിന്റെ ശുചീകരണം എന്നിവയുടെ കൂടി ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനം കണ്ടെത്തുന്ന വനിതാ സംരംഭകരെ ഏൽപ്പിക്കും. കൂടാതെ സെന്ററിന്റെ മികച്ച പരിപാലനത്തിനായി എസ് ഒ പി (andard operating procedure) വനിതാ വികസന കോർപറേഷൻ വിഭാവനം ചെയ്ത് സംരംഭകർക്ക് പരിശീലനം നൽകും.

വൃത്തിയുള്ള പൊതു ശൗചാലയങ്ങളുടെ അഭാവം പരിഹരിക്കാനായി സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ വനിതാ വികസന കോർപറേഷൻ ഷീ ടോയ്‌ലറ്റ് പദ്ധതി നടപ്പാക്കി വരുന്നുണ്ട്. സ്ത്രീ സൗഹൃദകരമായ ഇ-ടോയ്‌ലറ്റുകളാണ് ഈ സംവിധാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 58 ഷീ ടോയ്‌ലറ്റുകൾ കോർപറേഷൻ സ്ഥാപിച്ചിട്ടുണ്ട്. ഒരു സ്വകാര്യ ഏജൻസിയുടെ സാങ്കേതിക സഹായത്തോടെ അതിന്റെ ശുചീകരണവും നടത്തിപ്പും കോർപറേഷൻ തന്നെയാണ് നടത്തുന്നത്.