യാത്രക്കാര്‍ക്ക് ജീവനക്കാരുടെ മര്‍ദനം; കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി

Posted on: June 25, 2019 9:39 pm | Last updated: June 26, 2019 at 12:02 pm

തൃശൂര്‍: കൊച്ചിയില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. ഒരു വര്‍ഷത്തേക്കാണ് പെര്‍മിറ്റ് റദ്ദാക്കിയിരിക്കുന്നത്. തൃശൂര്‍ കലക്ടര്‍ ടിവി അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍ടിഎ സമതിയുടേതാണ് തീരുമാനം.ഏപ്രില്‍ 21ന് പുലര്‍ച്ചെയാണ് യാത്രക്കാരായ യുവാക്കള്‍ക്ക് മര്‍ദനമേറ്റത്.

ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അനുമതി ലഭിച്ച ശേഷം പെര്‍മിറ്റ് റദ്ദാക്കിയാല്‍ മതിയെന്ന് ഇരിങ്ങാലക്കുട ആര്‍ടിഒ നിര്‍ദേശിച്ചു. ഇതോടെയാണ് ആര്‍ടിഎ സമതി വിളിച്ചു ചേര്‍ത്തത്. അക്രമം നടത്തിയ ജീവനക്കാരെ പിരിച്ചുവിട്ടുവെന്നും പെര്‍മിറ്റ് റദ്ദാക്കരുതെന്നും യോഗത്തെ അറിയിച്ചിരുന്നുവെങ്കിലും സമതി നടപടിപയുമായി മുന്നോട്ട് പോവുകയായിരുന്നു. യാത്രക്കാരെ മര്‍ദിച്ച സംഭവം ഏറെ വിവാദമായിരുന്നു.