ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: തുടര്‍ ചര്‍ച്ചകള്‍ അനിവാര്യം- എസ് എസ് എഫ്

Posted on: June 25, 2019 8:55 pm | Last updated: June 25, 2019 at 8:55 pm

മലപ്പുറം: കേരള സര്‍ക്കാര്‍ നിയോഗിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള സംവാദം മലപ്പുറം പ്രസ്‌ക്ലബില്‍ നടന്നു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ നടന്ന സംവാദത്തില്‍ വിവിധ അധ്യാപക സംഘടനാ പ്രതിനിധികള്‍ ഇടപെട്ടു സംസാരിച്ചു. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പ് വിവിധ തലങ്ങളില്‍ ആശങ്കകളില്ലാതെയുള്ള തുറന്ന ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ടെന്ന് സംവാദം വിലയിരുത്തി.

കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദര്‍ കമ്മീഷന്‍. ഡോ. എം എ ഖാദര്‍ ചെയര്‍മാനും ജി ജ്യോതിചൂഢന്‍, ഡോ. സി രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത്. സര്‍വ ശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാന്‍ എന്നിവ ലയിപ്പിക്കുതിന് ഭാരത സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ കമ്മിറ്റിയുടെ നിയമനം. 2019 ജനുവരിയില്‍ മികവിനായുള്ള സ്‌കൂള്‍ വിദ്യഭ്യാസം എന്ന തലക്കെട്ടില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സംവാദം സംഘടിപ്പിച്ചത്. കമ്മീഷന്‍ മുന്നോട്ട് വെക്കുന്ന രീതികളിലെ പ്രശ്‌നങ്ങളും പ്രതീക്ഷകളും തുറന്ന് ചര്‍ച്ച ചെയ്യുന്നതായിരുന്നു സംവാദം .
ധൃതിപിടിച്ച് റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്‌കൊണ്ട് ഹയര്‍സെകണ്ടറി -ഹൈസ്‌കൂള്‍ ഏകോപനം അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കമായി വഴിമാറാന്‍ ഇടയുണ്ട്. സ്‌കൂള്‍ ഗ്രൗണ്ട്, ലൈബ്രറി, ലാബ് തുടങ്ങിയ ഭൗതിക വിഭവങ്ങള്‍ പരസ്പരം പങ്കുവെക്കപ്പെടുമെന്നതും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായത്ര അധ്യാപകരുടെ ലഭ്യത വര്‍ധിക്കുമെന്നുള്ളതും പ്ലേ സ്‌കൂളുകള്‍ക്കുള്ള കൃത്യമായ രൂപം കൈവരുമെന്നുള്ളതും ഫണ്ടുകളുടെ സുതാര്യമായ വിനിയോഗവുമെല്ലാം ‘കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഗുണപരമായ വസ്തുതയാണ്.
എന്നാല്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി ഒരു വൃത്തത്തിനകത്തേക്ക് കൊണ്ടുവരുന്നത് നിലവിലുള്ള ആഗോള വിദ്യാഭ്യാസരീതിക്ക് വിരുദ്ധമാണ്. അന്വേഷണാത്മകവും ശാസ്ത്രീയവുമായ തുടര്‍ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ ആവശ്യമാണ്. അധ്യാപക യോഗ്യതകളുടെ പരിധികളെ നിര്‍ണയിക്കുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാനുള്ള സാധ്യത ഏറെയാണ്.രാഷ്ട്രീയ, അധ്യാപക സംഘടനകളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് കമ്മീഷനെ വായിക്കപ്പെടാതെയുള്ള വിദ്യാര്‍ത്ഥിപക്ഷത്ത് നിന്നുള്ള തുടര്‍ചര്‍ച്ചകളാണ് ആവശ്യമെന്നും സംവാദം വിലയിരുത്തി.

എസ് എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ സി കെ റാഷിദ് ബുഖാരി അധ്യക്ഷത വഹിച്ചു. കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി റോയ് തോമസ് ടി ടി, കെ എസ് ടി എ ജില്ലാ സെക്രട്ടറി ആര്‍ കെ ബിനു, കെ എച്ച് എസ് ടി യു സംസ്ഥാന കമ്മിറ്റി മെമ്പര്‍ ലതീബ് കുമാര്‍ കെ ബി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി എം മുസ്തഫ മാസ്റ്റര്‍, എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹര്‍,എസ് വൈ എസ് ജില്ലാ സെക്രട്ടറി എ പി ബഷീര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജാഫര്‍ സാദിഖ് എന്നിവര്‍ സംസാരിച്ചു