കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും വീണ്ടും ഫോണുകളും ലഹരി പദാര്‍ഥങ്ങളും പിടിച്ചെടുത്തു

Posted on: June 25, 2019 8:47 pm | Last updated: June 26, 2019 at 9:43 am

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ വീണ്ടും ഫോണുകള്‍ പിടിച്ചെടുത്തു. ജയില്‍ വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ ആറ് ഫോണുകളാണ് കണ്ടെടുത്തത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നും ഫോണുകള്‍ പിടികൂടുന്നത്. സെല്ലുകള്‍ക്ക് മുന്നിലെ ഉത്തരത്തില്‍ ഒളിപ്പിച്ച നിലയിലും ജയില്‍ വളപ്പില്‍ കുഴിച്ചിട്ട നിലയിലുമായിരുന്നു ഫോണുകള്‍

പവര്‍ബാങ്കുകള്‍,ഇയര്‍ഫോണുകള്‍,കഞ്ചാവ് ഉള്‍പ്പെടെ ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. ജയിലില്‍ റെയ്ഡ് തുടരുകയാണ്. തിങ്കളാഴ്ച നടന്ന പരിശോധനയില്‍ 10 ഫോണുകള്‍ പിടിച്ചെടുത്തിരുന്നു.  രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ശിക്ഷിക്കപ്പെട്ട തടവുകാരുള്ള ബ്ലോക്കുകള്‍ക്ക് മുന്നില്‍ നിന്നാണ് സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്തത്. ഇതോടെ ഒന്‍പത് ദിവസത്തിനിടെ പിടികൂടിയ ഫോണുകളുടെ എണ്ണം 27 ആയി. ജൂണ്‍ 30 വരെ ദിവസവും പരിശോധന നടത്താന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് നിര്‍ദേശിച്ചിട്ടുണ്ട്.