Connect with us

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇക്കെതിരെ അമേരിക്ക ഏര്‍പെടുത്തിയ പുതിയ ഉപരോധത്തെ പുച്ഛിച്ചു തള്ളി ഇറാന്‍. മാനസികനില തെറ്റിയതിനാണ് നിഷ്ഠൂരവും ബാലിശവുമായ ഈ ഉപരോധം അമേരിക്ക ഏര്‍പെടുത്തിയതെന്ന് പ്രസിഡന്റ് ഹസ്സന്‍ റൂഹാനി തുറന്നടിച്ചു. ഇറാന്‍ സ്‌റ്റേറ്റ് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു റൂഹാനി.

ആയത്തുല്ല ഖാംനഇക്ക് വിദേശത്ത് സ്വത്തുക്കളില്ലാത്തതിനാല്‍ ഇപ്പോഴത്തെ ഉപരോധം വിജയിക്കാന്‍ പോകുന്നില്ല. അമേരിക്കയുടെ നിരാശയില്‍ നിന്നാണ് ഇത്തരമൊരു ഉപരോധ നീക്കം ഉണ്ടായത്. ഇറാന്റെ തന്ത്രപരമായ മൗനത്തെ അമേരിക്കയോടുള്ള ഭയമാണെന്ന് തെറ്റിദ്ധരിക്കരുതെന്നും ഖാംനഇ തുറന്നടിച്ചു. ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അമേരിക്കക്കെതിരെ അവഹേളനപരമായി പ്രതികരിക്കാറുണ്ടെങ്കിലും ഇപ്പോള്‍ റൂഹാനി തന്നെ രൂക്ഷ പ്രതികരണവുമായി രംഗത്തുവന്നത് അമേരിക്കയെ ഞെട്ടിച്ചിട്ടുണ്ട്.

ആയത്തുല്ല അലി ഖാംനഇയെയും ഉന്നത ഉദ്യോഗസ്ഥരെയും യുഎസ് അധികാരപരിധിയിലുള്ള ധനകാര്യ ബന്ധങ്ങളില്‍നിന്നു വിലക്കുന്ന ഉപരോധം കഴിഞ്ഞ ദിവസമാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. യുഎസ് സൈന്യത്തിന്റെ ആളില്ലാ വിമാനം ഇറാന്‍ വെടിവെച്ചിട്ടതിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ വിമാനം വെടിവെച്ചിട്ടിരുന്നില്ലെങ്കിലും ഉപരോധം ഏര്‍പ്പെടുത്തുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞിരുന്നു.

അതേസമയം, ഉപരോധം ആയത്തുള്ള ഖാംനഇയെ ഒരു നിലക്കും ബാധിക്കില്ലെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1989ല്‍ പ്രസിഡന്റായതിന് ശേഷം കഴിഞ്ഞ 30 വര്‍ഷത്തില്‍ അധികമായി ഖാംനഇ രാജ്യം വിട്ടു പോയിട്ടില്ല. 1989ല്‍ ചൈനയില്‍ സന്ദര്‍ശനം നടത്തിയതാണ് അദ്ദേഹം അവസാനമായി നടത്തിയ വിദേശയാത്ര. ഈ സാഹചര്യത്തില്‍ ഒരു നിലക്കും ഉപരോധം അദ്ദേഹത്തെ ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് ഇറാന്‍.

---- facebook comment plugin here -----

Latest