മൊറട്ടോറിയം ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ് ബേങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

Posted on: June 25, 2019 3:14 pm | Last updated: June 25, 2019 at 4:01 pm

തിരുവനന്തപുരം: കാര്‍ഷികാവശ്യങ്ങള്‍ക്കായി എടുത്ത വായ്പകള്‍ക്കുള്ള മൊറട്ടോറിയം ദീര്‍ഘിപ്പിക്കണമെന്ന് റിസര്‍വ് ബേങ്കിനെ നേരില്‍ ബന്ധപ്പെട്ട് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബേങ്കേഴ്‌സ് സമിതിയുടെ പ്രതിനിധികളും സര്‍ക്കാറും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വായ്പകള്‍ പുനക്രമീകരിക്കാനുള്ള സമയപരിധി ജൂലൈ 31ല്‍ നിന്ന് ഡിസംബര്‍ 30 വരെ ദീര്‍ഘിപ്പിക്കണമെന്നാണ് ആര്‍ ബി ഐയോട് ആവശ്യപ്പെടുക.

സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തം കണക്കിലെടുത്ത് മൊറട്ടോറിയം കാലാവധി ഡിസംബര്‍ 30 വരെയെങ്കിലും കാലാവധി നീട്ടിക്കിട്ടേണ്ടത് അനിവാര്യമാണ്. ആവശ്യമായി വന്നാല്‍ ഇതു സംബന്ധിച്ച ഒരു പ്രമേയം പാസാക്കി ആര്‍ ബി ഐക്ക് അയക്കണം. കാര്‍ഷിക വായ്പകളുടെ കാര്യത്തില്‍ സാങ്കേതികതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ഫറാസി നിയമത്തിന്റെ കടുത്ത വ്യവസ്ഥകള്‍ പുനപ്പരിശോധിക്കണം. വായ്പാ തിരിച്ചടവ് മുടങ്ങുമ്പോള്‍ കിടപ്പാടം വരെ ജപ്തി ചെയ്യുന്ന നടപടികളില്‍ നിന്ന് ബേങ്കുകള്‍ പിന്മാറണം.