ഗുജറാത്തിലെ രാജ്യസഭാ ഉപ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

Posted on: June 25, 2019 12:41 pm | Last updated: June 25, 2019 at 2:14 pm

ന്യൂഡല്‍ഹി: ഗുജറാത്തിലെ രണ്ട് രാജ്യസഭാ സീറ്റുകളില്‍ വെവ്വേറെ ഉപ തിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കമ്മീഷന്‍ ഒരുത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ അതില്‍ കോടതികള്‍ ഇടപെടില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി. ഗാന്ധിനഗറില്‍ നിന്ന് ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും അമേത്തിയില്‍ നിന്ന് സ്മൃതി ഇറാനിയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഒഴിവു വന്നത്.

അമ്രേലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എയും ഗുജറാത്ത് നിയമസഭാ പ്രതിപക്ഷ നേതാവുമായ പരേഷ്ഭായ് ധനാനിയാണ് ഇരു സീറ്റുകളിലെയും ഉപ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തിയാല്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് ജയിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണിത്. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസിന് 75 അംഗങ്ങളാണുള്ളത്. ബി ജെ പി നൂറ് സീറ്റുണ്ട്. ഏഴു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.