മലപ്പുറം ജില്ല വിഭജിക്കില്ലെന്ന് സര്‍ക്കാര്‍; ലീഗിന്റെ ശ്രദ്ധക്ഷണിക്കല്‍ തള്ളി

Posted on: June 25, 2019 12:44 pm | Last updated: June 25, 2019 at 7:30 pm

തിരുവനന്തപുരം: മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് അംഗം കെ എന്‍ എ ഖാദര്‍ നിയമസഭയില്‍ അവതരപിച്ച ശ്രദ്ധ ക്ഷണിക്കല്‍ തള്ളി സംസ്ഥാന സര്‍ക്കാര്‍. പുതിയ ജില്ല രൂപവത്ക്കരണം ശാസ്ത്രീയമല്ലെന്ന് മറുപടി പറഞ്ഞ വ്യവസായമന്ത്രി ഇ പി ജയരാജന്‍ മറുപടി നല്‍കി. കേരളത്തിന്റെ അധികാര വികേന്ദ്രീകരണം രാജ്യത്തിന് തന്നെ മാതൃകയാണ്. പദ്ധതികള്‍ നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്ല നിലയില്‍ പ്രവര്‍ത്തിച്ചാല്‍ കഴിയും. ജില്ലയുടെ സമഗ്ര വികസനത്തിന് ആവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജില്ല വിഭജനം ലളിതമല്ല. നിരവധി രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ടെന്നും
പുതിയ ഒരു ജില്ലയുടെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

ജനസംഖ്യാ വര്‍ധനവിന് അനുസരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ വിഭജനം അനിവാര്യം: ഖാദര്‍

ജില്ല രൂപവത്ക്കരിച്ചിട്ട് 50 വര്‍ഷം കഴിഞ്ഞെന്ന് ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ച ലീഗ് അംഗം കെ എന്‍ എ ഖാദര്‍ പറഞ്ഞു. ജനസംഖ്യാ വര്‍ധനവിന് അനുസരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ജില്ല വിഭജനം അനിവാര്യമാണെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച സബ്മിഷന് നോട്ടീസ് നല്‍കിയ ഖാദര്‍ പാര്‍ട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് പിന്നീട് പിന്തിരിഞ്ഞിരുന്നു. ഇത് വലിയ വിമര്‍ശനത്തിനിടയാക്കിയ സാഹചടര്യത്തിലാണ് ഇപ്പോള്‍ ശ്രദ്ധക്ഷണിക്കലുമായി മുസ്ലിംരലീഗ് എത്തിയത്.

എസ് ഡി പി ഐയെ പിന്താങ്ങേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്ന് ആര്യാടന്‍ മുഹമ്മദ്

അതിനിടെ മലപ്പുറം ജില്ലാ വിഭജന കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആലോച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു. നയപരമായ കാര്യമായതിനാല്‍ പാര്‍ട്ടിയും ഘടകകക്ഷികളും ലൈന്‍ കമ്മറ്റിയും ആലോചിക്കണം. ഈ വിഷയത്തില്‍ വേറെ ആരും അഭിപ്രായം പറയുന്നത് ശരിയല്ല. ജില്ലാ വിഭജന കാര്യത്തില്‍ ലീഗ് എന്താണ് തീരുമാനിച്ചതെന്ന് തനിക്ക് അറിയില്ല. എസ് ഡി പി ഐയെ പിന്താങ്ങേണ്ട ഗതികേട് കോണ്‍ഗ്രസിനില്ല.
പഠിക്കാതെയും ആലോചിക്കാതെയുമുള്ള വിഭജനമെന്ന ആവശ്യം ശരിയല്ല.
നിലവില്‍ ജില്ല വിഭജിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കെ എന്‍ എ ഖാദര്‍ ഏത് സാഹചര്യത്തിലാണ് ഇക്കാര്യം പറഞ്ഞതെന്ന് അറിയില്ലെന്നും ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു.

ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം നയപരമായ പ്രശ്‌നമാണെന്നും കൂടുതല്‍ ആലോചിച്ച ശേഷമേ തീരുമാനമെടുക്കാനാവൂ എന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. വിഷയം ഇപ്പോഴും ഡി സി സിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മലപ്പുറം ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് പറഞ്ഞു.

2015ല്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് പ്രമേയം പാസാക്കിയിരുന്നു. ഇക്കഴിഞ്ഞ ലീഗ് ജില്ലാ സമ്മേളനത്തിലും വിഷയം പ്രധാന്യത്തോടെ ചര്‍ച്ച ചെയ്തിരുന്നു.