Connect with us

Eranakulam

ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം

Published

|

Last Updated

ഇടമലയാർ റോഡിലെ കാട്ടാനക്കൂട്ടം

കോതമംഗലം: ഭൂതത്താൻ കെട്ട് -ഇടമലയാർ റോഡിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങിയതോടെ യാത്രക്കാർ ഭീതിയിലായി. വനത്തിൽ ജലക്ഷാമം നേരിട്ടതോടെ വേനൽക്കാലത്ത് റോഡിൽ കാട്ടാനക്കൂട്ടങ്ങൾ സ്ഥിരം കാഴ്ചയായിരുന്നു. എന്നാൽ മഴക്കാലമായിട്ടും കാട്ടാനക്കൂട്ടങ്ങൾ പകലും റോഡിലിറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്.
വനത്തിൽ നിന്നും കൂട്ടമായി റോഡിലേക്കിറങ്ങുന്ന കാട്ടാനകൾ വാഹനങ്ങൾ വന്നാൽ മാറിക്കൊടുക്കുന്നുണ്ടെങ്കിലും ഉൾവനത്തിലേക്ക് പോകാതെ റോഡിന്റെ വശങ്ങളിലെ കാട്ടിലും നീർച്ചാലുകളിലും തങ്ങുന്ന അവസ്ഥയാണ്.
ഇടമലയാർ റോഡിൽ തുണ്ടത്തിനും ചക്കി മേടിനും ഇടയിൽ രണ്ട് ദിവസമായി ഇറങ്ങിയ ആനക്കൂട്ടം ഉൾവനത്തിലേക്ക് പോയിട്ടില്ല.

ഇടമലയാർ പദ്ധതി പ്രദേശത്തേക്ക് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരും ചെക്കിമേട് ജനവാസ മേഖലയിലേക്ക് നിരവധിയാളുകളും യാത്ര ചെയ്യുന്ന പാത കൂടിയാണിത്. ഇതോടൊപ്പം ഇടമലയാർ അണക്കെട്ടിന് മുകളിലുള്ള താളുകണ്ടം, പോണ്ടൻ ചുവട് ആദിവാസി മേഖലയിലുള്ളവർക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള എളുപ്പ മാർഗം കൂടിയാണിത്. ഈ സാഹചര്യത്തിൽ രാത്രിയും പകലും വൈദ്യുതി ബോർഡ് ജീവനക്കാരും ആദിവാസികളുമുൾപ്പെടെ നിരവധി ആളുകൾ യാത്ര ചെയ്യുന്ന റോഡിലെ കാട്ടാനക്കൂട്ടങ്ങൾ വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.