Connect with us

Ongoing News

ഊരുകളിൽ പട്ടിണിയും രോഗവും പിടിമുറുക്കുന്നു

Published

|

Last Updated

മൂഴിയാർ സായിപ്പിൻ കുഴിയിൽ താമസിക്കുന്ന ചന്ദ്രനും കുടുംബവും

പത്തനംതിട്ട: മലമ്പണ്ടാര ആദിവാസി ഊരുകളിൽ പട്ടിണിയും രോഗവും പിടിമുറുക്കുന്നു. കുഞ്ഞുങ്ങൾക്ക് ഒരിറ്റ് കഞ്ഞി വെള്ളം പോലും നൽകാനില്ലാത്ത അവസ്ഥയിലാണ് കൊടുംവനത്തിനുള്ളിൽ പ്ലാസ്റ്റിക് ടാർപോളിനുകൾക്ക് കീഴെ ജീവിതം തള്ളി നീക്കുന്ന മനുഷ്യ ജീവിതങ്ങൾ. സദ്യ കൊടുക്കാനായില്ലെങ്കിലും തന്റെ കുഞ്ഞുങ്ങളെ പട്ടിണിക്കിടരുതെന്ന ആഗ്രഹം ഈ അമ്മമാർക്ക് ഉണ്ടെങ്കിലും ഊരുകളിലെ അവസ്ഥ അതിന് അനുവദിക്കാത്ത സാഹചര്യമാണുള്ളത്.
വനവിഭവങ്ങൾ ശേഖരിച്ചാണ് മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട ഇവർ ഉപജീവനം നടത്തുന്നത്. കാട്ടിൽ വനവിഭവങ്ങളുടെ ലഭ്യത കുറഞ്ഞതിനൊപ്പം മഴക്കാലവും എത്തിയതോടെ ഇവരുടെ ഊരുകളിൽ പട്ടിണി പിടിമുറുക്കി. ആദിവാസികളെ പട്ടിണിക്കിടരുതെന്ന സംസ്ഥാന സർക്കാറിന്റെ ഉത്തരവ് പ്രകാരം പട്ടിക വർഗ കുടുംബങ്ങൾക്ക് 15 ഇന ഭക്ഷ്യവസ്തുക്കൾ രണ്ട് വർഷങ്ങൾക്ക് മുമ്പു വരെ ട്രൈബൽ വകുപ്പ് നൽകി വന്നിരുന്നു. എന്നാൽ ഇന്ന് ഇത് നാലായി ചുരുങ്ങി. 15 കിലോ അരിയും ഓരോ കിലോ വീതം പയറും കടലയും വെളിച്ചെണ്ണയുമാണ് ഇപ്പോൾ നൽകിവരുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന്് ഉദ്യോഗസ്ഥർ പറയുന്നു. ഇതോടൊപ്പം റേഷൻ കാർഡില്ലാത്ത കുടുംബങ്ങളും ഇവരുടെ ഇടയിലുണ്ട്. ഇതും മതിയായ ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നതിന് തടസ്സമായി. കൈയിൽ പൈസ ഇല്ലാത്തതിനാൽ റേഷൻ കടയിൽ നിന്ന് പോലും ഇവർക്ക് കടം കിട്ടില്ല. കാർഡില്ലാത്തവർ റേഷൻ കടയിൽ നിന്നും സൗജന്യമായി ലഭിക്കേണ്ട അരി കിലോക്ക് 20 രൂപ നിരക്കിലാണ് വാങ്ങുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നു, അതും ഗുണനിലവാരമില്ലാത്തതും.

2015ൽ അന്നത്തെ ജില്ലാ കലക്ടർ ആയിരുന്ന എസ് ഹരികിഷോറിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുതല മേധാവികളുടെ സാന്നിധ്യത്തിൽ ചേർന്ന “ഊരിൽ ഒരു ദിവസം” പദ്ധതിയുടെ ഭാഗമായി നടത്തിയ ചടങ്ങിൽ സിവിൽ സപ്ലൈസ് അധികൃതർ ആദിവാസികൾക്ക് പുതിയ റേഷൻ കാർഡ് നൽകി തുടങ്ങിയെങ്കിലും 14 കുടുംബങ്ങൾക്ക് ഇന്നും കാർഡുകൾ ലഭ്യമായിട്ടില്ല. തയ്യാറാക്കിയ കാർഡുകൾ എ പി എൽ ആയതാണ് വിതരണത്തിന് തടസ്സമെന്നാണ് വിശദീകരണം. മതിയായ ഭക്ഷണം ലഭിക്കാതായതിനെ തുടർന്ന് ആദിവാസി ഊരുകളിൽ പട്ടിണിക്കൊപ്പം പോഷകാഹാര കുറവ് മൂലമുള്ള രോഗവും വ്യാപിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം പനിയും ത്വക് രോഗവും വർധിക്കുന്നതായും ഇവർ പറയുന്നു. രോഗങ്ങൾ വ്യാപകമാകുമ്പോഴും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നുള്ളതാണ് യാഥാർഥ്യം. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, മാനസിക പ്രശ്‌നങ്ങൾ നേരിടുന്നവർ, സ്ഥിരമായ രോഗം ബാധിച്ചവർ, പോഷകാഹാര കുറവ് ഉള്ളവർ എന്നിങ്ങനെ വ്യത്യസ്ത ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ് അധികവും. കോന്നി, റാന്നി ബ്ലോക്കുകളിലായി വ്യാപിച്ചു കിടക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപ്പെടുന്ന ഇവരുടെ ആരോഗ്യ പരിപാലനത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് സഞ്ചരിക്കുന്ന ആശുപത്രിയും ഇതര സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുള്ളതായി സർക്കാർ രേഖകളിലും വ്യക്തമാവുന്നു. റാന്നി-പെരുനാട് സി എച്ച് സിയിൽ നിന്നും സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നുമാണ് പ്രധാനമായും ഇവർക്ക് ചികിത്സ ലഭിക്കേണ്ടത്. ഇതിനായി പത്തോളം എസ് ടി പ്രമോട്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. എന്നാൽ പട്ടിക വർഗങ്ങൾക്കൊപ്പം സഞ്ചരിച്ച് അവരുടെ ദുരിതങ്ങളും പ്രശ്‌നങ്ങളും ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ച് പരിഹാരം കണ്ടെത്തേണ്ട ഇവർ ഫോൺ വിളികൾ കാത്ത് കാടിന് വെളിയിൽ കഴിയുകയാണ്. ഇതും വനത്തിനുള്ളിൽ കഴിയുന്ന ആദിവാസികളുടെ ദുരിതം വർധിക്കുന്നതിന് വഴിവെച്ചു.

 

Read Also: കൊടുങ്കാടിറങ്ങാത്ത ദുരിത പാഠം

 

സീതത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. വിൻസന്റ് സേവ്യറിന്റെ നേതൃത്വത്തിൽ ഇടക്കിടെ നടത്തുന്ന ഊര് സന്ദർശനമാണ് ഇവരുടെ ആശ്വാസം. എന്നാൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകുന്ന ആന്റി ബയോട്ടിക്കുകളുടെ അമിതോപയോഗം ആദിവാസികൾക്കിടയിൽ കൂടുതൽ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാവുന്നതായി ചില സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ആദിവാസികളുടെ പോഷകാഹാരത്തിനും ചികിത്സക്കുമായി സർക്കാർ കോടികൾ ഫണ്ട് അനുവദിക്കുമ്പോഴാണ് അധികൃതരുടെ അലംഭാവം മൂലം ഈ ജീവിതങ്ങൾക്ക് അർഹതപ്പെട്ടത് പോലും നിഷേധിക്കപ്പെടുന്നത്. ഒരു പ്രദേശത്ത് സ്ഥിരം താമസിക്കാറില്ലാത്തതിനാൽ ഇവരെ കണ്ടെത്താനാവില്ല എന്ന ന്യായമാണ് ഉദ്യോഗസ്ഥർ ഇവരെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് മറുപടിയായി നൽകുക. പട്ടികവർഗ വകുപ്പിലെ ജില്ലാ ഓഫീസർ ഇവിടേക്ക് എത്തിയിട്ട് മാസങ്ങളായി എന്നും ഇവർ പറയുന്നു.

ആദിവാസികളെ എന്നും ആദിമവാസികളായി തന്നെ നിലനിർത്താനാണ് നമ്മുടെ ഉദ്യോഗസ്ഥർക്ക് ഇഷ്ടം. എങ്കിൽ മാത്രമേ അവരുടെ പേരിൽ വരുന്ന കോടികൾ വകമാറ്റി ചെലവഴിക്കാനും അതിനെ തുടർന്നുണ്ടാവുന്ന സാമ്പത്തിക നേട്ടങ്ങൾക്കും ഇടനിലക്കാരാവാൻ പറ്റൂ എന്ന് ഉദ്യോഗസ്ഥർക്കറിയാം. അതുകൊണ്ട് തന്നെയാണ് ആദിവാസി ഊരുകളിൽ നിന്ന് മാത്രം പട്ടിണിക്കഥകൾ തുടർച്ചായി പുറത്ത് വരുന്നതും.

എസ് ഷാജഹാൻ

(തുടരും)