ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്‌

അടുത്ത 13 വര്‍ഷം കഴിഞ്ഞ 13 നൂറ്റാണ്ട് കാണാത്ത മാറ്റങ്ങളാണ് സംഭവിക്കാനിരിക്കുന്നത്. ഇതിനോട് പാകപ്പെടാന്‍ പറ്റിയ ഒരു വരി പോലും നയരേഖ വിഭാവനം ചെയ്യുന്നില്ലെന്നത് അത്ഭുതകരവും അതിലേറെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. യൂറോപ്പ്- അമേരിക്ക എന്നിവിടങ്ങളിലെ മുഖ്യധാരാ സര്‍വകലാശാലകളെല്ലാം സാധാരണ ഗവേഷണ ബിരുദമായ പി എച്ച് ഡിയേക്കാള്‍ കൂടുതല്‍ പി എച്ച് ഡിക്ക് ശേഷമുള്ള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ക്ക് (പി ഡി എഫ്) പ്രാധാന്യം നല്‍കുന്ന അവസ്ഥയാണ് ഇപ്പോള്‍ തന്നെയുള്ളത്. പക്ഷേ, നമ്മുടെ നാട് ഇപ്പോഴും ഇത്തരമൊരു ചിന്തയിലേക്ക് വളര്‍ന്നുവന്നിട്ടില്ലെന്നു മാത്രമല്ല പുതിയ നയരേഖയിലും ഇതിനു വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല. ഗവേഷണ ബിരുദം ഇല്ലാത്തവര്‍ക്കു പോലും കോളജുകളിലും യൂനിവേഴ്‌സിറ്റികളിലും പഠിപ്പിക്കാമെന്ന നിര്‍ദേശവും കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്. എം ഫില്‍ ബിരുദം പൂര്‍ണമായും എടുത്തുകളയാനുള്ള നിര്‍ദേശവും ഇവിടെ കൂട്ടിവായിക്കണം. സ്‌കൂള്‍ കാലയളവുകളെ മാറ്റി നിശ്ചയിക്കുന്ന രേഖ ഇതുകൊണ്ടുള്ള ഉപകാരം എന്തെന്ന് വിശദീകരിക്കുന്നതിലും പരാജയപ്പെട്ടു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും ഗുജറാത്ത് മുതല്‍ അസം വരെയും ഒറ്റ നയമെന്ന വിചാരം വളരെ അപകടകരമാണ്. 484 പേജുകളുള്ള ഈ നയരേഖയില്‍ ഒരിടത്തു പോലും സെക്കുലറിസം അല്ലെങ്കില്‍ സെക്കുലര്‍ എന്നീ പദങ്ങളോ സോഷ്യലിസം എന്ന പദമോ ഇല്ലെന്നാണ് ഖാദര്‍ കമ്മീഷന്‍ കണ്ടെത്തല്‍. ഇത് വിതക്കാനിരിക്കുന്ന അപകടം ഈ കണ്ടെത്തലില്‍ നിന്ന് തന്നെ മനസ്സിലാകും.
Posted on: June 25, 2019 10:51 am | Last updated: June 27, 2019 at 3:47 pm

നീണ്ട നാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ദേശീയ വിദ്യാഭ്യാസ നയരേഖ (National Education Policy-2019) കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. അടുത്ത 13 വര്‍ഷങ്ങള്‍ക്കുള്ളില്‍ അഥവാ 2032 ആകുമ്പോഴേക്കും ഇന്ത്യയെ വിദ്യാഭ്യാസപരമായി ഏറ്റവും ഉന്നതിയിലെത്തിക്കുകയെന്ന സദുദ്ദേശ്യത്തോടെയാണ് കമ്മിറ്റി അംഗങ്ങള്‍ പ്രവര്‍ത്തിച്ചതും റിപ്പോര്‍ട്ട് തയ്യാറാക്കിയതുമെങ്കിലും ഇന്ത്യയിലെ സാധാരണ പൗരനെ പോലും ആശങ്കയിലാഴ്ത്തുന്ന ധാരാളം വരികള്‍ അതില്‍ മനപൂര്‍വം കടന്നുകൂടിയിട്ടുണ്ടെന്നാണ് യാഥാര്‍ഥ്യം. 484 പേജുകളുള്ള നയരേഖയില്‍ പരദശം കാര്യങ്ങള്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ ഔന്നത്യം സുസാധ്യമാക്കുന്നതാണ്. എങ്കിലും ശുദ്ധ മനസ്സോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് പൊതുജന സമക്ഷം അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി സമര്‍പ്പിച്ചതെങ്കില്‍ ചില വീണ്ടു വിചാരങ്ങള്‍ തീര്‍ച്ചയായും അനിവാര്യമായിരിക്കുന്നു.

മനുഷ്യന്റെ സങ്കല്‍പ്പങ്ങള്‍ക്കും ഊഹങ്ങള്‍ക്കും പിടിതരാത്ത വിധമാണ് ലോകം ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും മനുഷ്യര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പൂര്‍ണമായും ആശ്രയിക്കാനിരിക്കുന്ന ഒരു ലോകത്തേക്കു സമര്‍പ്പിക്കപ്പെട്ട വിദ്യാഭ്യാസ നയരേഖ എന്ന നിലയില്‍ ഇത് പരാജയമാണെന്നു പറയാതിരിക്കാന്‍ വയ്യ. തെങ്ങുകയറ്റം മുതല്‍ പ്രസവിക്കപ്പെട്ട കുട്ടിയെ പരിചരിക്കുന്ന ഏറ്റവും സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമുള്ള ജോലികള്‍ വരെ കമ്പ്യൂട്ടറിനും റോബോട്ടിനും ഏല്‍പ്പിക്കപ്പെടാനിരിക്കുന്ന ഒരു ലോകത്തേക്കാണ് ഈ നയരേഖയുടെ വരവ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യന്‍ മര്യാദക്ക് മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിച്ചിട്ടില്ലാത്ത കാലത്ത് നിന്ന് ഇന്നത്തേക്കുള്ള ദൂരം എത്രമാത്രമായിരുന്നുവെന്ന് ഓര്‍ത്തു നോക്കൂ. എങ്കില്‍ അടുത്ത 13 വര്‍ഷം കഴിഞ്ഞ 13 നൂറ്റാണ്ടു കാണാത്ത മാറ്റങ്ങളാണ് സംഭവിക്കാനിരിക്കുന്നത്. ഇതിനോട് പാകപ്പെടാന്‍ പറ്റിയ ഒരു വരി പോലും നയരേഖ വിഭാവനം ചെയ്യുന്നില്ലെന്നത് അത്ഭുതകരവും അതിലേറെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. ഇത്തരം കാര്യങ്ങള്‍ക്ക് ഒരു വരി പോലും നീക്കിവെക്കാത്ത റിപ്പോര്‍ട്ട്, ഹിന്ദി നിര്‍ബന്ധമാക്കിയതിനു പുറമെ ഇന്ത്യയിലെ ഒരു ക്ലാസിക്കല്‍ ഭാഷയും കൂടി നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിക്കുന്നുവെന്നതാണ് രസകരം. അഥവാ ആകെയുള്ള ആറ് വിഷയങ്ങളില്‍ നാലെണ്ണവും ഭാഷാ പഠനം തന്നെ. ഹിന്ദി വ്യവസ്ഥ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് എടുത്ത് കളഞ്ഞെങ്കിലും ക്ലാസ്സിക്കല്‍ ഭാഷാ ഭ്രമം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇത് സംസ്‌കൃത ഭാഷ പിഞ്ചുമനസ്സുകളില്‍ അടിച്ചു കയറ്റാനുള്ള വളഞ്ഞ വഴിയാണെന്ന വ്യാഖ്യാനവുമുണ്ട്.

പുതിയൊരു തലമുറയെ പ്രവചിക്കുന്നതിലും വളര്‍ത്തുന്നതിലും വേണ്ടത്ര വീണ്ടുവിചാരം ഉണ്ടായിട്ടില്ലെന്നതാണ് പ്രാഥമികമായി വിലയിരുത്തേണ്ടത്. സ്‌കൂള്‍ ബില്‍ഡിംഗ് പോലും അനിവാര്യമല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ആളുകള്‍ സ്വപ്‌നം കാണാനിരിക്കുമ്പോള്‍ കോടികള്‍ കെട്ടിടങ്ങളില്‍ത്തന്നെ ചെലവഴിക്കാനുള്ള നിര്‍ദേശവും റിപ്പോര്‍ട്ടില്‍ കാണാം. എല്ലാം ഓണ്‍ലൈന്‍ വഴിയും പുതിയ സാങ്കേതിക വിദ്യയുപയോഗിച്ചും എത്രമാത്രം സമ്പൂര്‍ണമായി നടത്താമെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ പ്രധാന സംസാര വിഷയമാകേണ്ടിയിരുന്നത്.
കമ്മിറ്റിയുടെ ഈ ദീര്‍ഘ വീക്ഷണത്തിന്റെ അഭാവം അവിടെ മാത്രം നില്‍ക്കുന്നതല്ല. യൂറോപ്പ്- അമേരിക്ക എന്നിവിടങ്ങളിലെ മുഖ്യധാരാ സര്‍വകലാശാലകളെല്ലാം സാധാരണ ഗവേഷണ ബിരുദമായ പി എച്ച് ഡിയേക്കാള്‍ കൂടുതല്‍ പി എച്ച് ഡിക്ക് ശേഷമുള്ള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ക്ക് (പി ഡി എഫ്) പ്രാധാന്യം നല്‍കുന്ന അവസ്ഥയാണ് ഇപ്പോള്‍ തന്നെയുള്ളത്. പി എച്ച് ഡി ഒരാളെ ഗവേഷണകല പഠിപ്പിക്കുന്നതാണെങ്കില്‍ പി ഡി എഫുകളിലൂടെയാണ് സമൂഹത്തിനു ആവശ്യമായ ഉന്നത ഗവേഷണങ്ങള്‍ രംഗത്തു വരുന്നതെന്ന യാഥാര്‍ഥ്യം ഈ നാടുകള്‍ ഉള്‍ക്കൊണ്ടതിന്റെ ഫലമായിരുന്നു ഈ മാറ്റം. ഈ രാജ്യങ്ങളുടെ വികസനക്കുതിപ്പ് നോക്കിയാല്‍ ഇത് കൂടുതല്‍ വ്യക്തമാകും. പക്ഷേ, നമ്മുടെ നാട് ഇപ്പോഴും ഇത്തരമൊരു ചിന്തയിലേക്ക് വളര്‍ന്നുവന്നിട്ടില്ലെന്നു മാത്രമല്ല പുതിയ നയരേഖയിലും ഇതിനു വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല. പി എച്ച് ഡിക്കാര്‍ ധാരാളം വരുന്ന ഇന്ത്യാ മഹാരാജ്യത്ത് ഗവേഷണങ്ങളുടെ തുടര്‍ച്ച സാധ്യമാകണമെങ്കില്‍ ഇതേ അളവിലെങ്കിലും പോസ്റ്റ് ഡോക്ടറല്‍ ബിരുദങ്ങള്‍ നിലവില്‍ വരേണ്ടിയിരിക്കുന്നു. ഈ വസ്തുത റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കാന്‍ മറന്നു പോയിയെന്നത് ഖേദകരം തന്നെയാണ്.

ഗവേഷണ ബിരുദം ഇല്ലാത്തവര്‍ക്കു പോലും കോളജുകളിലും യൂനിവേഴ്‌സിറ്റികളിലും (പുതിയ നയരേഖയനുസരിച്ച് ഇവക്ക് പുതിയ പേരുകളുമുണ്ട്) പഠിപ്പിക്കാമെന്ന നിര്‍ദേശവും കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്. ഗവേഷണത്തോടുള്ള റിപ്പോര്‍ട്ടിന്റെ പിന്തിരിപ്പന്‍ നിലപാടാണ് ഇവിടെയും വ്യക്തമാകുന്നത്. ശാസ്ത്രീയമായ രീതിയില്‍ ഗവേഷണം ചെയ്യാന്‍ പഠിക്കാത്ത അഥവാ ഒരു പി എച്ച് ഡിയെങ്കിലും ഇല്ലാത്ത ഒരധ്യാപകന് തന്റെ മുതിര്‍ന്ന വിദ്യാര്‍ഥികളെ ഗവേഷണപരമായി വളര്‍ത്താന്‍ കഴിയില്ലെന്ന അടിസ്ഥാന തത്വം പുതിയ നയരേഖ വിസ്മരിച്ചു. ഫലത്തില്‍ ബിരുദതലങ്ങളില്‍ ഗവേഷണാത്മക പഠനം വളര്‍ന്നു വരണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് തന്നെ ക്വാളിറ്റിയുള്ള ഗവേഷണാത്മകതയെ നിരുത്സാഹപ്പെടുത്തുകയാണ്. ഒരു നാടിന്റെ വികസന മുരടിപ്പിന് ഇത് തന്നെ ധാരാളമാണ്.

എം ഫില്‍ ബിരുദം പൂര്‍ണമായും എടുത്തുകളയാനുള്ള നിര്‍ദേശവും ഇവിടെ കൂട്ടിവായിക്കണം. ശാസ്ത്രീയ രീതിയിലുള്ള ഗവേഷണം വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് പഠിക്കാന്‍ കഴിയുന്ന ഒരു സംവിധാനം ഇന്ത്യപോലുള്ള ഒരു രാഷ്ട്രത്തില്‍ അനിവാര്യമാണെന്ന് കമ്മിറ്റിക്കു മനസ്സിലായില്ല. ജനങ്ങള്‍ കൂടുതലും പട്ടിണിയിലും ദാരിദ്ര്യത്തിലും ജീവിക്കുമ്പോള്‍ ഇത്തരം ചെറു വര്‍ഷ സംവിധാനങ്ങളും ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു ഇന്ത്യയില്‍.

നിലവിലെ ദേശീയ വിദ്യാഭ്യാസ നയരേഖ അതുകൊണ്ടുതന്നെ ദീര്‍ഘ വീക്ഷണത്തോടെ നിര്‍മിച്ചതാണെന്ന് പൂര്‍ണമായും വിശ്വസിക്കാന്‍ വയ്യ. ദീര്‍ഘ വീക്ഷണത്തോടെ സംസാരിക്കുന്നതിനു പകരം ചില ഘടനാപരമായ മാറ്റങ്ങളാണ് രേഖ പ്രധാനമായും നിര്‍ദേശിക്കുന്നത്. സ്‌കൂള്‍ കാലയളവുകളെ മാറ്റി നിശ്ചയിക്കുന്ന രേഖ ഇതുകൊണ്ടുള്ള ഉപകാരം എന്തെന്ന് വിശദീകരിക്കുന്നതിലും പരാജയപ്പെട്ടു. നിലവിലുള്ള ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള കാലഗണന മാറ്റിയതുകൊണ്ടുള്ള ഉപകാരം കൂടി സമൂഹത്തെ അറിയിക്കേണ്ടിയിരുന്നു. ഇത്തരം മാറ്റങ്ങള്‍ വരുത്തിവെക്കുന്ന അഡ്മിനിസ്‌ട്രേഷന്‍ ചെലവുകള്‍ ചെറുതാകില്ലല്ലോ. പക്ഷേ, അതിനനുസൃതമായ എന്ത് ഉപകാരമാണ് ഇത് കൊണ്ടുവരിക എന്നാര്‍ക്കും അറിയില്ലെന്നാണ് വസ്തുത. ഇതുപോലെ രസകരമാണ് പേരുമാറ്റവും. ഒട്ടുമിക്ക സ്ഥാപനങ്ങളുടെ പേരുകളും മാറ്റാന്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്. യു ജി സി മുതല്‍ പലതും ഈ പട്ടികയിലുണ്ട്. പേരിലാണ് എല്ലാമിരിക്കുന്നതെന്ന തോന്നല്‍ പരിഹാസ്യമാണ്. അതിലപ്പുറം ഇത്തരം സ്ഥാപനങ്ങള്‍ ഇഷ്യൂ ചെയ്ത ലക്ഷക്കണക്കിന് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കെ അവയുടെയെല്ലാം മൂല്യത്തെക്കൂടി ഈ പേര് മാറ്റം ബാധിക്കും. ഉദാഹരണത്തിന് യു ജി സി നല്‍കിയ നെറ്റ് സര്‍ട്ടിഫിക്കറ്റ് ഒരാള്‍ വിദേശത്ത് ജോലിക്കു വേണ്ടി സമര്‍പ്പിച്ചുവെങ്കില്‍ ജോലി ദാതാവ് യു ജി സിയെ അന്വേഷിച്ചാല്‍ കണ്ടെത്താനാകില്ല. ഇത് വരുത്തിവെക്കുന്ന വിന ചെറുതാകില്ലല്ലോ.

ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് പ്രാദേശിക അസമത്വം നിര്‍വചനാധീതമാണെന്നിരിക്കെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും ഗുജറാത്ത് മുതല്‍ അസം വരെയും ഒറ്റ നയമെന്ന വിചാരം വളരെ അപകടകരമാണ്. നൂറ് ശതമാനം സാക്ഷരത ലഭിച്ച കേരളത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി തുലനം ചെയ്യുന്നത് വിഡ്ഢിത്തവുമാണ്. ഈ പ്രാദേശിക അസന്തുലിതത്വം ദീര്‍ഘദര്‍ശനം ചെയ്ത് ഫലപ്രദമായ നിര്‍ദേശങ്ങള്‍ ഒന്നുപോലും നല്‍കുന്നതില്‍ നയരേഖ അമ്പേ പരാജയപ്പെട്ടു. സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും നിലവിലെ അവസ്ഥയോടു താരതമ്യം ചെയ്തോ രക്ഷിതാക്കളുടെ മാനസികാവസ്ഥയെ പരിഗണിച്ചോ വേണ്ടിയിരുന്നു പല നിര്‍ദേശങ്ങളും വെക്കേണ്ടിയിരുന്നത്. നൂറ് ശതമാനം കുട്ടികളും സ്‌കൂളില്‍ പോകുന്ന കേരളത്തിനുള്ള അതെ നിര്‍ദേശമല്ല 50 ശതമാനം സ്‌കൂളില്‍ പോകാത്ത ഉത്തര്‍പ്രദേശിന് വേണ്ടത്.

വളരെ കൂടുതല്‍ പേജുകള്‍ കമ്മിറ്റി ചെലവഴിച്ചത് ഇന്ത്യയിലെ മുഴുവന്‍ യൂനിവേഴ്‌സിറ്റികളെയും കോളജുകളെയും സ്വയംഭരണ പദവിയിലിരുത്താന്‍ വേണ്ടിയാണെന്നത് ആശങ്കാജനകമാണ്. ഇന്ത്യയിലെ പതിനായിരക്കണക്കിന് കോളജുകള്‍ക്ക് ഈ അവകാശം നല്‍കിയാല്‍ വിദ്യാഭ്യാസത്തിന്റെ ക്വാളിറ്റി എന്തായിരിക്കുമെന്ന് ഇന്ത്യയെ അറിയുന്ന ആര്‍ക്കും ഊഹിക്കാം. സ്വയംഭരണം ശ്രദ്ധിച്ചും പക്വതയും പാകതയും വിലയിരുത്തിയും മാത്രമേ നല്‍കാവൂയെന്ന നിലവിലെയവസ്ഥ തുടര്‍ന്നില്ലെങ്കില്‍ തികച്ചും വിദ്യാഭ്യാസ അരാജകത്വമായിരിക്കും ഇന്ത്യയില്‍ നടക്കുക. അത്രമാത്രം കഴിവില്ലായ്മയും സ്വജന പക്ഷാപാതിത്വവും നിറഞ്ഞാടുന്ന നാടാണ് ഇത്. മാത്രവുമല്ല ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാനുള്ള ഏറ്റവും സുഗമമായ വഴിയാണ് ഈ സ്വയംഭരണ നിയമനിര്‍മാണമെന്ന് വിശ്വസിക്കുന്നവരെ കുറ്റപ്പെടുത്താനുമാകില്ല. ഇന്ത്യയുടെ കഴിഞ്ഞകാല അനുഭവം അതാണ് വിളിച്ചോതുന്നത്.

അധ്യാപകരെ നിയമിക്കാനുള്ള അവകാശവും ഈ കോളജുകള്‍ക്കു തന്നെയായിരിക്കും. മെറിറ്റിനേക്കാളുപരി കോഴക്ക് പ്രാധാന്യം നല്‍കുന്ന അധ്യാപന രീതി ഇന്ന് സാര്‍വത്രികമാണെന്ന് എല്ലാവര്‍ക്കുമറിയുന്ന സ്വകാര്യമാണ്. എത്ര ഗുണങ്ങളുള്ള അധ്യാപകനായിട്ടും കാര്യമില്ല, ശിപാര്‍ശയും പണവും വളരെ പ്രധാനമാണ്. ഉന്നത യൂനിവേഴ്‌സിറ്റികളില്‍ നിന്ന് പി എച്ച് ഡി പൂര്‍ത്തിയാക്കി വന്നവര്‍ ജോലിയില്ലാതെ നടക്കുമ്പോള്‍ ഒപ്പിച്ച പി എച്ച് ഡിക്കാരും അതില്ലാത്തവരും കോളജ് അധ്യാപക തസ്തികയില്‍ വിഹരിക്കുന്നത് ഈ മേഖലയില്‍ നടക്കുന്ന വഴിവിട്ട കോഴയുടെ നാറുന്ന പ്രവണതയാണ്. സമൂഹത്തിലെ ചെറിയൊരു വിഭാഗത്തെ ബാധിക്കുന്ന പ്രശ്‌നമായതിനാലും ഒട്ടുമിക്ക മുതലാളിമാരും സംഘടനകളും രാഷ്ട്രീയ അപ്പോസ്തലന്മാരും ഈ കോഴയുടെ ഗുണഭോക്താക്കളാണ് എന്നതിനാലും സമരങ്ങളും മറ്റും നടക്കില്ലെന്നു മാത്രം. എല്ലാ നിയമനങ്ങളും പി എസ് സി വഴി മാത്രമേ നടത്താവൂ എന്ന് പാവപ്പെട്ട ഉദ്യോഗാര്‍ഥികള്‍ മൊത്തം കൊതിച്ച് കൊണ്ടിരിക്കുന്ന ഒരു നാട്ടിലാണ് ആര്‍ക്കും നിയമനം നടത്താന്‍ പറ്റുന്ന രൂപത്തില്‍ നിയമന വ്യവസ്ഥിതിയെ തീര്‍ത്തും വെള്ളത്തിലാഴ്ത്തുന്ന സ്വാതന്ത്ര്യം നല്‍കുന്നത്. പുതുതലമുറ ഉണര്‍ന്നു ചിന്തിക്കേണ്ട സമയമാണിത്.

ഇതിലേറെ ഭയാനകമായ കണ്ടെത്തലാണ് ഈ നയരേഖയെക്കുറിച്ച് ഖാദര്‍ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് നടന്ന വേള്‍ഡ് സ്‌കൂള്‍ അല്ലിയന്‍സ് സെമിനാറില്‍ അദ്ദേഹം പറഞ്ഞത്, 484 പേജുകളുള്ള ഈ നയരേഖയില്‍ ഒരിടത്തു പോലും സെക്കുലറിസം അല്ലെങ്കില്‍ സെക്കുലര്‍ എന്നീ പദങ്ങളോ സോഷ്യലിസം എന്ന പദമോ ഇല്ലെന്നാണ്. ഇന്ത്യയില്‍ ഇത് വിതക്കാനിരിക്കുന്ന അപകടം ഈ ഒരൊറ്റ കണ്ടെത്തലില്‍ നിന്ന് തന്നെ മനസ്സിലാകും. നമ്മുടെ വിദ്യാഭ്യാസ രീതിയുടെയും നാടിന്റെയും തനിമ തന്നെ കളങ്കപ്പെടുത്തുന്ന അതിനീചമായ വ്യവഹാരങ്ങളാണ് വിദ്യാഭ്യാസ രംഗത്ത് വരാനിരിക്കുന്നത് എന്ന് മനസ്സിലാകും. സര്‍ക്കാര്‍ ഇതിനെക്കുറിച്ച് പഠിക്കാന്‍ വളരെ കുറഞ്ഞ ദിവസം മാത്രമാണ് സമൂഹത്തിനു നല്‍കിയത്. അതായത്, ഈ മുപ്പതാം തീയതി വരെ മാത്രം. ഇത്രയും പേജുകളുള്ള ഒരു റിപ്പോര്‍ട്ട് പഠിക്കാന്‍ ഇത്രയും കുറഞ്ഞ ദിവസം നല്‍കുന്നതിലുള്ള ഗൂഢതന്ത്രം ആര്‍ക്കും മനസ്സിലാകും. പ്രതികരണ ശേഷിയുള്ള ഒരു സമൂഹത്തിനു മാത്രമേ ഈ മഹാമാരിയെ തടുക്കാനാകൂ. ചര്‍ച്ചകള്‍ അനിവാര്യമാകുന്നുണ്ട്.

ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി

[email protected]