മലപ്പുറം കലക്ടർ ജാഫര്‍ മാലിക് ഹജ്ജ് ഹൗസ് സന്ദർശിച്ചു

Posted on: June 24, 2019 9:08 pm | Last updated: June 24, 2019 at 10:35 pm

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന സി ഇ ഒ യും മലപ്പുറം ജില്ലാ കലക്ടറുമായ ജാഫര്‍ മാലിക് കരിപ്പൂര്‍ ഹജ്ജ് ഹൗസ് സന്ദര്‍ശിച്ചു. സ്ഥാനമൊഴിയുന്ന മുന്‍ കലക്ടര്‍ ശ്രീ അമിത് മീണയും ഒപ്പമുണ്ടായിരുന്നു.

ഹജ്ജിന്റെ ഓഫീസ് കരിപ്പൂരിലായിരുന്ന കഴിഞ്ഞ വര്‍ഷങ്ങളിലും, നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലും സജീവമായി ഇടപെടാന്‍ കഴിഞ്ഞത് ചാരിതാര്‍ത്ഥ്യത്തോടെ ഒര്‍ക്കുന്നതായി മുന്‍ കലക്ടര്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അനുസ്മരിച്ചു. പുതുതായി സ്ഥാനമേറ്റ ജില്ലാ കലക്ടര്‍ ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഹജ്ജ് 2019 ന്റെ ക്യാമ്പ് ജൂലൈ 6 ന് വൈകുന്നേരം 04.30 ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ 26 ന് ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ഹജ്ജ് ഹൗസില്‍ ചേരുന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗവും മൂന്നു മണിക്ക് ചേരുന്ന ഹജ്ജ് ക്യാമ്പ് സ്വാഗതസംഘം കണ്‍വീനര്‍മാരുടെ യോഗവും ക്യാമ്പിന്റെ വിശദ രൂപം ചര്‍ച്ചചെയ്യും.

മെമ്പര്‍ അബ്ദു റഹ്മാന്‍ എന്ന ഉണ്ണി, അസി. സെക്രട്ടറി ടി. കെ അബ്ദു റഹ്മാന്‍, ശീറാസ്, ഹസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.