സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ ഐക്യരാഷ്ട്ര സഭയുടെ പദ്ധതിയുമായി യു എ ഇ

Posted on: June 24, 2019 8:52 pm | Last updated: June 24, 2019 at 8:52 pm

ദുബൈ: മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങള്‍, കള്ളപ്പണം എന്നിവ കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും യു എ ഇ പുതിയ സംവിധാനം ഒരുക്കുന്നു. ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ പ്രത്യേക പ്ലാറ്റഫോമാണ് ഇതിനായി ഉപയോഗിക്കുക. ഗള്‍ഫ് മേഖലയില്‍ ഇത്തരത്തിലുള്ള സംവിധാനം ഏര്‍പെടുത്തുന്ന ആദ്യരാജ്യമാണ് യു എ ഇ. യു എ ഇ ഫിനാന്‍സ് ഇന്റലിജന്‍സ് യൂണിറ്റാണ് സംവിധാനം ആരംഭിച്ചത്. ഗോഅമല്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതി കഴിഞ്ഞ മെയില്‍ പ്രവര്‍ത്തന ക്ഷമമായെന്ന് യു എ ഇ സെന്‍ട്രല്‍ ബേങ്ക് അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളും ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ജൂണ്‍ 27 നുള്ളില്‍ ഈ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് യു എ ഇ സെന്‍ട്രല്‍ ബേങ്ക് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 900തിലധികം ധനകാര്യ സ്ഥാപനങ്ങള്‍ പദ്ധതിയനുസരിച്ച് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ചില സ്ഥാപനങ്ങള്‍ നിലവില്‍ ഈ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംവിധാനത്തിലൂടെ കള്ളപ്പണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഉപയോഗിക്കല്‍, അനധികൃത പണമിടപാടുകള്‍ എന്നിവ തടയാന്‍ കഴിയുമെന്ന് അധികൃതര്‍ വിശദീകരിച്ചു.

രാജ്യത്തെ പ്രമുഖ ധനകാര്യ നിരീക്ഷണ സംവിധാനമായ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യുണിറ്റ് പുതിയ സംവിധാനത്തിലൂടെ ധനാഗമന വഴികളെ കൂടുതല്‍ പരിശോധനാ വിധേയമാക്കും. ഓരോ പൗരനും ലഭിക്കുന്ന വേതനം, രാജ്യത്ത് അതില്‍ നിന്നും ചെലവഴിക്കുന്നതിന്റെ തോത്, വിദേശങ്ങളിലേക്ക് അയക്കുന്ന തുകയുടെ അളവ് എന്നിവ നിരീക്ഷണ വിധേയമാക്കിയാണ് കുറ്റകൃത്യങ്ങള്‍ കണ്ടെത്തുക.

രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനൊപ്പം അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെ രാജ്യത്തെ ജനങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ഒരുക്കുന്നതിന് പദ്ധതി സഹായിക്കും. പ്രത്യേകിച്ച് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടുകള്‍ സുതാര്യമാക്കുന്നതിനൊപ്പം അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുമെന്നും യു എ ഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും നാഷണല്‍ ആന്റി മണി ലാന്‍ഡറിങ് സമിതിയുടെ ചെയര്‍മാനുമായ മുബാറക് റശീദ് അല്‍ മന്‍സൂരി പറഞ്ഞു. ജൂണ്‍ 27നകം സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.